ഇതാ നാലു ചിത്രങ്ങള്‍; നിങ്ങള്‍ വിലയിരുത്തൂ
ത്രിപുരയിലെ ചെങ്കൊടിത്തകര്‍ച്ച ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ വാര്‍ത്തയായിരുന്നു. കാല്‍നൂറ്റാണ്ടു കാലത്തെ കമ്യൂണിസ്റ്റ് ഭരണം നിലംപരിശാക്കിയതിന്റെ ആവേശത്തിലാണിപ്പോഴും ബി.ജെ.പി. നേട്ടംകൊയ്തതിന്റെ ആഹ്ലാദത്തില്‍ പ്രതിമ തകര്‍ക്കലും എതിരാളികളുടെ പാര്‍ട്ടി ഓഫീസിനു തീയിടലും മറ്റും ദിവസങ്ങളോളം മുറ തെറ്റാതെ നടന്നു. സി.പി.എമ്മിന്റെ തോല്‍വിയും ബി.ജെ.പിയുടെ അട്ടിമറി വിജയവും അതിനെ തുടര്‍ന്നുണ്ടായ ആഹ്ലാദവും അക്രമങ്ങളുമൊക്കെ വെണ്ടയ്ക്കാ വലുപ്പത്തില്‍ വാര്‍ത്തയായി.
അതിനിടയില്‍ സംഭവിച്ച ഒരു കാര്യം മാത്രം ആരുടെയും ശ്രദ്ധയില്‍ അത്രയൊന്നും പതിഞ്ഞില്ല. 25 വര്‍ഷക്കാലം ത്രിപുര മുഖ്യമന്ത്രിക്കസേരയിലിരുന്ന മണിക് സര്‍ക്കാര്‍ ഔദ്യോഗികവസതിയുടെ പടിയിറങ്ങി. അതൊരു സ്വാഭാവിക സംഭവം. അധികാരം നഷ്ടപ്പെട്ട ഏതൊരു ഭരണാധികാരിയും ചെയ്യേണ്ടത്. സാധാരണഗതിയില്‍ അതു വാര്‍ത്തയാക്കേണ്ട കാര്യമേയല്ല. അധികാരത്തിന്റെ പടിയിറങ്ങുന്ന ഓരോ നേതാവും ചെന്നുകയറുന്നത് അതുവരെ താമസിച്ചതിനേക്കാള്‍ എത്രയോ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള രമ്യഹര്‍മ്യത്തിലായിരിക്കും. അതുവരെ സഞ്ചരിച്ച ഔദ്യോഗികവാഹനത്തെ വെല്ലുന്ന ആഢംബരവാഹനത്തിലായിരിക്കും അവരുടെ മടക്കയാത്ര.
എന്നാല്‍, ദീര്‍ഘകാലം ത്രിപുരയുടെ മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ കൈയിലും കീശയിലും ഒരു ഭാരവുമില്ലാതെയാണ് ഇറങ്ങിയത്. അദ്ദേഹവും ഭാര്യയും ചെന്നു കയറിയതാകട്ടെ, ഇനിയുള്ള ജീവിതം മുഴുവന്‍ ജീവിച്ചു തീര്‍ക്കേണ്ട ഒറ്റമുറിയിലേയ്ക്കായിരുന്നു. പാര്‍ട്ടി ഓഫീസിലെ മുറികളില്‍ ഒന്നിലേയ്ക്ക്. അച്ചടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകന് നേതൃത്വം കനിഞ്ഞു നല്‍കിയ ആശ്രയസ്ഥാനത്തേയ്ക്ക്.
ഇതൊരു ദയനീയചിത്രമായി അവതരിപ്പിക്കുകയല്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയില്‍നിന്നു പാര്‍ട്ടി ഓഫീസിലെ ഒറ്റമുറിയിലേയ്ക്കു താമസം മാറുമ്പോള്‍ മണിക് സര്‍ക്കാരിന്റെ മുഖത്തും മനസ്സിലും വേദനയുടെയും നിരാശയുടെയും തരിമ്പുപോലും ഉണ്ടായിരുന്നില്ലെന്ന് ഉറപ്പ്. പകരം, തികഞ്ഞ സംതൃപ്തിയായിരിക്കണം. കാരണം, അദ്ദേഹം കപടകമ്യൂണിസ്റ്റല്ല. മുഖ്യമന്ത്രിക്കസേരയിലിരുന്ന കാല്‍നൂറ്റാണ്ടുകാലവും തനിക്കു കിട്ടിയ ശമ്പളം (അത് ഏറ്റവുമവസാനം 29000 രൂപ മാത്രമായിരുന്നുവെന്നും അറിയുക.) അതേപടി പാര്‍ട്ടിക്കു നല്‍കിയ അപൂര്‍വവ്യക്തിത്വമാണദ്ദേഹം. പാര്‍ട്ടി നല്‍കിയ ഉപജീവനത്തുകയായ 9200 രൂപ കൊണ്ട് അഷ്ടി നിര്‍വഹിച്ച വ്യക്തിയുമാണ്.
മണിക് സര്‍ക്കാര്‍ ഒറ്റമുറിയിലേയ്ക്കു താമസം മാറ്റിയ അതേദിവസം തൊട്ടപ്പുറത്തെ നാഗാലാന്‍ഡില്‍ നിന്നൊരു ശ്രദ്ധേയമായ വാര്‍ത്ത വന്നു. അവിടത്തെ മുഖ്യപ്രതിപക്ഷ കക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രന്റിന്റെ എം.എല്‍.എമാര്‍ സര്‍ക്കാരിനൊരു നിവേദനം നല്‍കി. അതിലെ രത്‌നച്ചുരുക്കം ഇങ്ങനെയാണ്: 'സര്‍ക്കാര്‍ ഔദ്യോഗികവാഹനമായി വാങ്ങിത്തരാന്‍ പോകുന്ന പുതിയ റെനോ ഡെസ്റ്റര്‍ കാര്‍ ഞങ്ങള്‍ക്കു വേണ്ട.'
ഇതു കേട്ടാല്‍ ജനങ്ങള്‍ക്കെന്തു തോന്നും. തീര്‍ച്ചയായും, മണിക് സര്‍ക്കാരിന്റെ പിന്‍മുറക്കാര്‍ എന്നു തന്നെയായിരിക്കും. എങ്കില്‍, ഇനി അവരുടെ നിവേദനത്തിലെ ബാക്കി ഭാഗം കൂടി വായിക്കണം. അതിങ്ങനെയാണ്: 'റെനോ ഡെസ്റ്ററിനു പകരം ടൊയോട്ട ഇന്നോവ ക്രിസ്റ്റ മതി.'
കാറുകളെക്കുറിച്ച് അത്രയൊന്നും അറിയാത്ത ജനം അപ്പോഴും വിചാരിക്കുക പ്രതിപക്ഷത്തുള്ള ജനപ്രതിനിധികള്‍ ചെലവുചുരുക്കലിനുള്ള മാര്‍ഗമാണു സര്‍ക്കാരിനു മുന്നില്‍ വയ്ക്കുന്നതെന്നായിരിക്കും. ജനപ്രതിനിധികളെക്കുറിച്ച് ജനങ്ങള്‍ക്ക് എന്നും തെറ്റിദ്ധാരണയാണല്ലോ ഉള്ളത്.
ഇനി എന്തുകൊണ്ട് ഇന്നോവ ക്രിസ്റ്റ എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താം.
എം.എല്‍.എമാര്‍ക്കു സര്‍ക്കാര്‍ വാങ്ങിക്കൊടുക്കാന്‍ തീരുമാനിച്ചത് 13 ലക്ഷം രൂപ വിലയുള്ള റെനോ ഡെസ്റ്ററാണ്. എം.എല്‍.എമാര്‍ ആവശ്യപ്പെട്ടത് ഇന്നോവ ക്രിസ്റ്റയുടെ മുന്തിയ മോഡലാണ്. അതിനു വില 22 ലക്ഷം.
ഒരു പതിനൊന്നു ലക്ഷത്തിന്റെ കൂടുതലില്ലേ എന്ന ചോദ്യം ഉയരുമെന്നറിയാം. കോടികള്‍ വിലമതിക്കുന്ന കാറുകള്‍ ആവശ്യപ്പെട്ടില്ലല്ലോ എന്നും പറയാം. കഴിഞ്ഞദിവസം കേരളഹൈക്കോടതി ഒരു കേസില്‍ വിലയിരുത്തിയപോലെ ഇതു ജനപ്രതിനിധികളുടെ മനോഭാവത്തെയാണു കാണിക്കുന്നത്.
മൂന്നാമത്തെ ചിത്രം നമ്മുടെ നാടായ കേരളത്തില്‍ നിന്നാണ്. സംസ്ഥാനമന്ത്രിസഭ കഴിഞ്ഞദിവസം ഒരു തീരുമാനമെടുത്തു. മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം കൂട്ടാനുള്ള ബില്ലിന്റെ കരട് അംഗീകരിക്കുന്ന തീരുമാനമായിരുന്നു. മന്ത്രിമാരുടെ ശമ്പളം 55,012 രൂപയില്‍നിന്ന് 90,300 രൂപയായും എം.എല്‍.എമാരുടെ ശമ്പളം 39,000 ല്‍ നിന്ന് 70,000 രൂപയായും വര്‍ധിപ്പിക്കാനുള്ള കരടുബില്ലാണ് അംഗീകരിച്ചത്.
മന്ത്രിസഭ അംഗീകരിച്ചതുകൊണ്ടു ബില്ല് നിയമമാകില്ല. നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കുകയെന്ന കടമ്പകൂടിയുണ്ട്. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏതു ബില്ലിനെയും പല്ലും നഖവുമുപയോഗിച്ച്് എതിര്‍ക്കുകയെന്നത് എക്കാലത്തും പ്രതിപക്ഷം ചുമതലയായി എടുത്തിട്ടുമുണ്ട്.
എന്നാല്‍, അതൊന്നും ഈ ബില്ലിന്റെ കാര്യത്തില്‍ ബാധകമാവില്ലെന്നു കൊച്ചുകുട്ടികള്‍ക്കും അറിയാം. സാങ്കേതികമായി ബില്ല് സഭയില്‍ അവതരിപ്പിക്കേണ്ട താമസമേയുള്ളൂ. ഈ നിമിഷം പാസായിരിക്കും. ഏതെങ്കിലും ജനപ്രതിനിധി ചക്കരക്കുടം മുന്നില്‍ക്കണ്ടാല്‍ കൈയിടാതിരിക്കുമോ. കൈയിട്ടാല്‍ വിരലുകള്‍ പലയാവര്‍ത്തി നക്കാതിരിക്കുമോ.
ആശുപത്രിചികിത്സയുടെ മരുന്നുചെലവില്‍ പുട്ടും പൊറോട്ടയും കോഴിക്കറിയും കടന്നുകൂടിയതും അരലക്ഷത്തിന്റെ കണ്ണടവാങ്ങിയതും കോടീശ്വരനായ ജനപ്രതിനിധി അമേരിക്കയിലെ ആശുപത്രിയില്‍ ചികിത്സ നടത്തിയതിനു കോടികള്‍ എഴുതി വാങ്ങിയതും മറ്റും ജനം പലതവണ കേട്ടുമടുത്ത കഥകളായതിനാല്‍ മൂന്നാമത്തെ ചിത്രവും ഇവിടെ അവസാനിപ്പിക്കുന്നു.
ഇനി അനുബന്ധമായി ചില പത്രങ്ങളുടെ പ്രാദേശികപേജില്‍ വന്ന ഒരു വാര്‍ത്തയെക്കുറിച്ചു പറയാം. നാദാപുരത്ത് ഗിരീശനെന്നൊരു കൂലിപ്പണിക്കാരന്‍ തോട്ടില്‍ മുങ്ങിമരിച്ചു. നാട്ടില്‍ എന്തുകാര്യത്തിനും സജീവമായി പങ്കാളിയാവുന്നയാളായിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രമേ നാട്ടുകാര്‍ അയാളെ കണ്ടിട്ടുള്ളൂ.
മരണവിവരമറിഞ്ഞ് ഗിരീശന്റെ വീട്ടിലെത്തിയവരെല്ലാം ഞെട്ടി. ഒറ്റപ്പെട്ടൊരു സ്ഥലത്ത് കുടിലെന്നുപോലും വിശേഷിപ്പിക്കാനാവാത്തതായിരുന്നു വീട്. മേലെ കുറേ ഓലയിട്ടു മറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചെളിയില്‍ കല്ലുപടുത്ത ഭിത്തിയുള്ള ഒറ്റമുറി. വാതിലിന്റെ സ്ഥാനത്തും തറയിലും മറ്റുള്ളവര്‍ ഉപേക്ഷിച്ച ഫ്‌ളക്‌സ്. ഗിരീശന്റെ ഭാര്യ ഹൃദ്രോഗിയാണ്. മകള്‍ പ്ലസ് ടു പരീക്ഷയെഴുതിയത് ആ കുടിലിലിരുന്നു പഠിച്ചാണ്.
ഗിരീശന്‍ മരിച്ച ദിവസം രാത്രി മഴപെയ്ത് അകത്തേയ്ക്കു വെള്ളമൊഴുകാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മേല്‍ക്കൂര മറച്ചു. അതുകൊണ്ട് ആ വീടിപ്പോള്‍ മഴപെയ്താല്‍ ചോരാത്തതാണ്.
ഇത്തരത്തില്‍ പത്തോ നൂറോ ആയിരമോ പതിനായിരമോ ലക്ഷമോ കുടിലുകളല്ല ഈ രാജ്യത്തുള്ളതെന്നു നമുക്കറിയാം. അതിനാല്‍ കൂടുതല്‍ വിശദീകരണത്തിനു നില്‍ക്കുന്നില്ല.
ഈ ചിത്രങ്ങള്‍ അവതരിപ്പിച്ചതു തെറ്റായിപ്പോയെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവര്‍ ക്ഷമിക്കാതിരിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."