അസ്വസ്ഥരായ കര്‍ഷകരും തൊഴില്‍രഹിതരായ യുവാക്കളും ബി.ജെ.പിയുടെ സംഭാവന: പ്രകാശ് രാജ്
തൃശൂര്‍: അസ്വസ്ഥരായ കര്‍ഷകരും പരാജയപ്പെട്ട സമ്പദ്വ്യവസ്ഥയും തൊഴില്‍രഹിതരായ യുവാക്കളുമാണ് ബി.ജെ.പി സര്‍ക്കാരിന്റെ സംഭാവനയെന്ന് പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം പ്രകാശ് രാജ്.
ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തില്‍ തെക്കേഗോപുരനടയില്‍ സംഘടിപ്പിച്ച ജനാധിപത്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്ത് വര്‍ഷമെങ്കിലും എടുത്തുമാത്രമേ ബി.ജെ.പി നാടിനോട് ചെയ്ത ദ്രോഹം ഇല്ലാതാക്കാന്‍ കഴിയൂ. നുണ പറഞ്ഞ് അധികാരത്തിലെത്താന്‍ കഴിയുമെന്ന് കാണിച്ച ഒരു കൂട്ടം ജോക്കര്‍മാരാണ് ബി.ജെ.പിക്കാര്‍.
ഇന്ത്യന്‍ ജനതയുടെ 30ശതമാനത്തില്‍ മാത്രം താഴെ വോട്ടുകള്‍ നേടി രാജ്യത്തിന്റെ തലയിലെഴുത്ത് മാറ്റാന്‍ കഴിയുമെന്ന് അവര്‍ കാണിച്ചുതന്നു.
രാജ്യത്തിന്റെ ഐക്യത്തെയാണ് അവര്‍ മാറ്റിമറിച്ചത്. ഒരു കൂട്ടര് നല്കുന്ന പേരില്‍ ജീവിക്കാന്‍ നമ്മള് നിര്‍ബന്ധിക്കപ്പെടുകയാണ്. അതിന് അനുവദിക്കരുത്. ആരാണ് ഇന്ത്യയുടെ ശത്രുവെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരി സാറാ ജോസഫ് അധ്യക്ഷയായി. ജോയ് മാത്യു, എം.എന്‍ കാരശ്ശേരി, കെ. വേണു, ബാലചന്ദ്രന് വടക്കേടത്ത്, ഡോ. കെ. ഗോപിനാഥന്, പാര്‍വ്വതി പവനന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."