ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്: മാര്‍ഗനിര്‍ദേശങ്ങളായി
തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും വിശദീകരിച്ച് ഗതാഗത കമ്മിഷണറുടെ ഉത്തരവ് പുറത്തിറങ്ങി. ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകും. ഭിന്നശേഷിയുള്ളവര്‍ക്ക് സുരക്ഷിതമായി വാഹനം ഓടിക്കാന്‍ സാധിക്കുമെന്ന് ഉറപ്പായാല്‍ ലൈസന്‍സ് അനുവദിക്കണമെന്നതിലായിരിക്കണം ലൈസന്‍സ് അതോറിറ്റിയുടെ മുന്‍ഗണന. ഭിന്നശേഷിയുള്ളവര്‍ക്ക് മാത്രമായി ആറുമാസത്തിലൊരിക്കല്‍ ലേണേഴ്‌സ് ലൈസന്‍സും ഡ്രൈവിങ് ടെസ്റ്റും നടത്തണം. മോണോക്കുലര്‍ വിഷന്‍ മാത്രമുള്ള വ്യക്തികള്‍ക്ക് നോണ്‍ കൊമേഴ്‌സ്യല്‍ കാറുകളും മോട്ടോര്‍ സൈക്കിളും ഓടിക്കുന്നതിന് അവശേഷിക്കുന്ന കണ്ണിന്റെ കാഴ്ച 612 അല്ലെങ്കില്‍ അതിനേക്കാള്‍ മെച്ചപ്പെട്ടതായിരിക്കണം. തിരശ്ചീനമായ ദൃശ്യതലം 120 ഡിഗ്രി അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ളതായി ഗോള്‍ഡ്മാന്‍ പെരിമെട്രിണ്‍ഫ്രണ്ടേഷന്‍ ടെസ്റ്റില്‍ തെളിയണം. ഒരു കണ്ണ് നഷ്ടപ്പെടുകയോ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മതിയായ സമയം (ആറ് മാസം) സാധാരണ ജീവിതവുമായി ഇണങ്ങിച്ചേരാന്‍ അവസരം നല്‍കിയശേഷമേ ടെസ്റ്റ് നടത്താവൂ എന്ന് മാര്‍ഗനിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം അപേക്ഷകരുടെ ഡ്രൈവിങ് ടെസ്റ്റ് മറ്റ് സാധാരണ അപേക്ഷകരുടെ ടെസ്റ്റ് പോലെതന്നെ നടത്തി, പാസായാല്‍ ലൈസന്‍സ് നല്‍കണം. ഭിന്നശേഷിക്കാരായ വ്യക്തികള്‍ അവരവരുടെ ശാരീരിക ക്ഷമതയ്ക്കനുസരിച്ച് റിട്രോഫിറ്റ് ചെയ്തതോ കമ്പനി നിര്‍മിച്ച ഇന്‍വാലിഡ് കാര്യേജ് ഓട്ടോമാറ്റിക് ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ എന്നിവ ഘടിപ്പിച്ച വാഹനമോ സഹിതം ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കണം.
സര്‍ക്കാര്‍ ആശുപത്രിയിലെ ഓര്‍ത്തോസര്‍ജന്‍, ഒഫ്താല്‍മോളജിസ്റ്റ്, ഇ.എന്‍.ടി സ്‌പെഷലിസ്റ്റ് എന്നിവരില്‍നിന്നു അപേക്ഷകന്റെ ഭിന്നശേഷിക്കനുസൃതമായി പൂര്‍ണമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഫോറം ഒന്ന് എയില്‍ ലഭ്യമാക്കണം. ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥന്‍ അപേക്ഷകന് ലൈസന്‍സ് നല്‍കുന്നതില്‍ അനുകൂല തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റൊരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ജോയന്റ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുമായി ചേര്‍ന്ന് ടീമായി വീണ്ടും ടെസ്റ്റ് നടത്തണം.
ലേണേഴ്‌സ് ലൈസന്‍സ് നല്‍കുമ്പോള്‍ സര്‍ക്കുലറിന്റെ പകര്‍പ്പും ഭിന്നശേഷിയുള്ളവര്‍ക്ക് നല്‍കണമെന്നും ഗതാഗത കമ്മിഷണര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."