ഉമറലി തങ്ങളുടെ സ്മരണയില്‍ ഉറവ വറ്റാത്ത സ്‌നേഹത്തണലുമായി ഉസ്‌വ
മലപ്പുറം: ഉസ്‌വ എന്ന അറബി പദത്തിന് അര്‍ഥം മാതൃകയെന്നാണ്. കേരള മുസ്്‌ലിംകള്‍ക്കിടയിലെ മാതൃകാവ്യക്തിത്വം സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ ഇതേ പേരില്‍ മറ്റൊരു മാതൃക കൂടി നടക്കുകയാണ് ഇന്ന് പാണക്കാട്ട്. ഉമറലി തങ്ങളുടെ ഒമ്പതാം ഉറൂസിനോടനുബന്ധിച്ചു ഇന്ന് രാവിലെ പാണക്കാട് ജുമാമസ്ജിദില്‍ ഒന്‍പത് വിവാഹങ്ങള്‍ നടക്കും. ഉമറലി ശിഹാബ് തങ്ങള്‍ വെഡ്ഡിങ് എയ്ഡ് ( ഉസ്‌വ)എന്ന പേരില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണിത്. സമസ്ത ഉപാധ്യക്ഷനും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന ഉമറലി തങ്ങളുടെ സ്മരണക്കായി എസ്.വൈ.എസ് മലപ്പുറം ജില്ലാ ഘടകമാണ് മാതൃകാ പദ്ധതി തുടങ്ങിയത്.
നിര്‍ധനരായ പ്രാസ്ഥാനിക പ്രവര്‍ത്തകരുടെ പെണ്‍കുട്ടികളേയും പ്രാസ്ഥാനിക പ്രവര്‍ത്തകരായ യുവാക്കളുടേയും വിവാഹമാണ് പ്രസ്ഥാന നായകന്റെ സ്മരണയില്‍ ഉസ്‌വ സംഘടിപ്പിക്കുന്നത്. ഹിജ്‌റ വര്‍ഷ പ്രകാരം റജബ് ഒന്നിനാണ് തങ്ങളുടെ വഫാത്ത്ദിനം. ഉറൂസിനോടനുബന്ധിച്ചു പാണക്കാട് മഖാമില്‍ രാവിലെ എട്ടിനു സിയാറത്ത് നടക്കും. തുടര്‍ന്നു പള്ളിയില്‍ വച്ചു മൗലീദ് പാരായണം, പ്രാര്‍ഥനാ സദസ് എന്നിവയും നടക്കും. ചടങ്ങില്‍ വച്ച് ഒന്‍പത് നികാഹുകള്‍ക്ക് സയ്യിദുമാരും കാര്‍മികത്വം വഹിക്കും. സയ്യിദുമാര്‍, മത പണ്ഡിതന്‍മാര്‍, ഉമറലി തങ്ങളുടെ സതീര്‍ഥ്യന്‍മാര്‍, പ്രസ്ഥാന പ്രവര്‍ത്തകര്‍,വിവാഹികതരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഒത്തുചേരും. മത,സാമൂഹിക രംഗത്തെ നിസ്വാര്‍ഥമതികളുടെ സാമ്പത്തിക സഹകരണത്തോടെ ആവശ്യമായ തുകയും സ്വര്‍ണാഭരണങ്ങളും ശേഖരിച്ചാണ് എസ്.വൈ.എസ് പദ്ധതി തുടങ്ങിയത്. എല്ലാ വര്‍ഷവും ഉറൂസിനോടനുബന്ധിച്ചു വിവാഹങ്ങള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശം. ഉറവ വറ്റാത്ത സ്‌നേഹത്തണലൊരുക്കിയ ആദര്‍ശ പുരുഷനായിരുന്ന തങ്ങളുടെ സ്മരണയില്‍ പുതിയൊരു മാതൃകയാവുകയാണ് ഉസ്‌വയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."