സോളാര്‍: കോടതിക്ക് ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചതാണെന്നും കോടതിക്ക് ഇതിലിടപെടാനാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. സോളാര്‍ കമ്മിഷന്റെ നടപടികളില്‍ അപാകത കണ്ടെത്തിയാല്‍ കോടതിക്ക് ഇടപെടാനാവും. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഇടപെടാനാവില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവര്‍ നല്കിയ ഹരജിയിലാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷകന് രഞ്ചിത്ത് കുമാര്‍ ഇക്കാര്യം വാദിച്ചത്. അവധി ദിനമായിട്ടും ഇന്നലെ സ്പെഷല്‍ സിറ്റിങ് നടത്തിയാണ് സിംഗിള്‍ ബെഞ്ച് വാദം കേട്ടത്.
ജുഡിഷ്യല്‍ കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ച സമയത്ത് സരിതയുടെ കത്ത് ഉണ്ടായിരുന്നില്ല. പിന്നെയെങ്ങനെ റിപ്പോര്‍ട്ടിന്റെ ഭാഗമായെന്ന് വാദത്തിനിടെ സിംഗിള്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു. കത്ത് പരസ്യമായെങ്കിലും വീണ്ടും ചര്‍ച്ചയാക്കുന്നത് ഹരജിക്കാരെ ബാധിക്കില്ലേയെന്നും കോടതി വാക്കാല്‍ ചോദിച്ചു.
ഹരജികള്‍ വീണ്ടും തുടര്‍വാദത്തിനായി ഏപ്രില്‍ ആറ്, ഏഴ് തിയതികളില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."