ഒരുതരത്തിലും നോക്കുകൂലി അനുവദിക്കില്ല: മന്ത്രി മൊയ്തീന്‍
തൃശൂര്‍: സംസ്ഥാനത്ത് നോക്കുകൂലി ഒരുതരത്തിലും അനുവദിക്കില്ലെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍. നോക്കുകൂലി സംബന്ധിച്ച് കേസെടുക്കാനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി തയാറാക്കിയ ഓര്‍ഡിനന്‍സിനെ കുറിച്ചുള്ള ഏകദിന ശില്‍പശാല തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു പുതിയ വ്യവസായ സംസ്‌കാരം സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് കേരള ഇന്‍വെസ്റ്റമെന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സിന് രൂപം നല്‍കിയത്. ഓര്‍ഡിനന്‍സിലെ കാര്യങ്ങള്‍ പാലിക്കാന്‍ ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണ പ്രതിനിധികളും തയാറാകണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന വ്യവസായ വികസന സംരംഭങ്ങള്‍ക്ക് അന്‍പത് ശതമാനം സഹായം സര്‍ക്കാര്‍ നല്‍കും. ജില്ലാതലത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങും. ഏകജാലക സംവിധാനത്തിന് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും.
ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിക്കും. നാനോ വ്യവസായ യൂണിറ്റുകള്‍ വീടുകള്‍ കേന്ദ്രീകരിച്ച് തുടങ്ങണം എന്ന് തീരുമാനിച്ചത് അതിന്റെ ഭാഗമായാണ്.
ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുന്‍സിപ്പാലിറ്റി ആക്ട്, കേരള ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍സ് ആക്ട്, കേരള ഗ്രൗണ്ട് വാട്ടര്‍ ആക്ട്, കേരള ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ആക്ട്, കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമ്മേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, കേരള സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ആന്‍ഡ് ഇന്‍സ്ട്രിയേല്‍ ടൗണ്‍ഷിപ്പ് ഏരിയ ഡവലപ്പ്‌മെന്റ് ആക്ട് എന്നിവയില്‍ ഭേദഗതി വരുത്തിക്കഴിഞ്ഞു. സ്റ്റോപ്പ് മെമ്മോ രീതി ഒരു തരത്തിലും അനുവദിക്കില്ല. പരാതിയുടെ പുറത്ത് ഒരു വ്യവസായ സംരംഭം അടച്ച് പൂട്ടാന്‍ ജനപ്രതിനിധികള്‍ കൂട്ടുനില്‍ക്കരുതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."