ഭൂമിയിടപാട്: പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം നിലപാട് വ്യക്തമാക്കാനാവാതെ പിരിഞ്ഞു
കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കുനേരെ രൂക്ഷവിമര്‍ശനം ഉയര്‍ന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാനാവാതെ പിരിഞ്ഞു. ഭൂവിടപാട് സംബന്ധിച്ച് വിവാദം കത്തിനില്‍ക്കുന്ന സമയത്ത് നടന്ന പാസ്റ്ററല്‍ യോഗം ഭാരവാഹി തിരഞ്ഞെടുപ്പു നടത്തി ഭൂവിടപാട് വിഷയത്തില്‍ ചര്‍ച്ചക്ക് തീയതി തീരുമാനിച്ച് പിരിയുകയായിരുന്നു.
ഇന്നലെ രാവിലെ 10ന് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തിലാണ് ഭൂമിയിടപാട് കേസില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരേ വീണ്ടും സഭാതലത്തില്‍നിന്ന് വിമര്‍ശനമുയര്‍ന്നത്. ഭൂമിയിടപാട് കേസ് പുറത്തുവന്നതിന് ശേഷം ആദ്യം ചേരുന്ന പാസ്റ്ററല്‍ കൗണ്‍സിലായതിനാല്‍ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഫാ.പോള്‍ തേലക്കാട്ട് പ്രമേയം അവതരിപ്പിച്ചു. പുരോഹിതസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കണ്‍വീനര്‍ ഫാ.ബെന്നി മാരാംപറമ്പില്‍ കൗണ്‍സിലിനെ ബോധിപ്പിച്ചു. എന്നാല്‍ നിലവില്‍ പാസ്റ്ററല്‍ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് മാത്രം നടത്തിയാല്‍ മതിയെന്നും കൂടുതല്‍ ചര്‍ച്ചകള്‍ ഈസ്റ്ററിന് ശേഷം ചേരുന്ന യോഗത്തില്‍ നടത്താമെന്നുമുള്ള തീരുമാനത്തില്‍ കൗണ്‍സില്‍ പിരിയുകയായിരുന്നു.
തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായതോടെ അതിരൂപതയുടെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ പ്രൊക്യൂറേറ്റര്‍ സെബാസ്റ്റിയന്‍ മാണിക്കത്താന്‍ അവതരിപ്പിച്ചു. ഇതോടെ കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തുവന്നു. ഇതേത്തുടര്‍ന്നാണ് അതിരൂപതയിലെ വിവാദ ഭൂമിയിടപാട് അന്വേഷിച്ച വൈദിക സമിതിയുടെ അന്വേഷണ കമ്മിഷന്‍ അധ്യക്ഷനായിരുന്നു ഫാ. ബെന്നി മാരാംപറമ്പില്‍, കൗണ്‍സിലിനെ അഭിസംബോധന ചെയ്തത്. മാര്‍ ആലഞ്ചേരിയുടെ നേതൃത്വത്തില്‍ നടന്ന ഭൂമിയിടപാടുകളെ സംബന്ധിച്ചും രൂപതക്കുണ്ടായ നഷ്ടങ്ങളെ കുറിച്ചും കൗണ്‍സിലിനെ ബോധ്യപ്പെടുത്തി.
സഭയുടെ സ്വത്ത് കൈമാറിയതില്‍ കര്‍ദ്ദിനാളിനു വലിയ വീഴ്ച്ചകളാണ് സംഭവിച്ചതെന്ന് ഭൂമിയിടപാടിലൂടെ സഭയ്ക്കുണ്ടായ നഷ്ടം കണക്കുകള്‍ സഹിതം അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങളുയര്‍ന്നതോടെ വിഷയം ബൃഹത്തായതും കൂടുതല്‍ ചര്‍ച്ച ആവശ്യമുള്ളതുമാണെന്ന് യോഗത്തില്‍ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ ഇടയന്ത്രത്ത് ചൂണ്ടിക്കാട്ടി. ഏതുതരം വേദിയാണ് ഒരുക്കേണ്ടതെന്ന് വിമത വിഭാഗമടക്കമുള്ളവരുടെ കൂടി അഭിപ്രായം ആരാഞ്ഞ് തീരുമാനമെടുത്ത് അനുരഞജനശ്രമം ഊര്‍ജ്ജിതപ്പെടുത്താനാണ് ശ്രമം. അതിരൂപതയിലെ 16 ഫെറോനകളില്‍ നിന്നുള്ള പുരോഹിതരും വിശ്വാസികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ 190 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. നാലോ അഞ്ചോ ഫൊറോനകള്‍ അടങ്ങുന്ന ചെറു കൂട്ടായ്മകള്‍ വിളിച്ചുചേര്‍ത്ത് ഇടപാട് സംബന്ധിച്ച വിഷയങ്ങള്‍ രൂപതാധികൃതരുടെ നേതൃത്വത്തില്‍ വിശദീകരിക്കുകയും ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും വേണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം പാസ്റ്ററല്‍ കൗണ്‍സില്‍ അംഗീകരിച്ചു. കൂടുതല്‍ തീരുമാനങ്ങള്‍ വരും ദിവസം വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."