പ്രസിഡന്റ് പദവിയില്‍ വീണ്ടും ജിന്‍പിങ്; വൈസ് പ്രസിഡന്റായി വിശ്വസ്തന്‍
ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ രണ്ടാം ഊഴത്തിന് പാര്‍ലമെന്റ് വീണ്ടും ഏകകണ്ഠമായി അംഗീകാരം നല്‍കി. ജിന്‍പിങ്ങിന്റെ വിശ്വസ്തനായ വാങ് ഖിഷാനെ വൈസ് പ്രസിഡന്റായി അവരോധിക്കുകയും ചെയ്തു. ശനിയാഴ്ച ചൈനീസ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ആണ് ജനപ്രതിനിധികള്‍ ജിന്‍പിങ്ങിന്റെ അപ്രമാദിത്തം അരക്കിട്ടുറപ്പിച്ചത്.
ജിന്‍പിങ്ങിനെ വീണ്ടും തെരഞ്ഞെടുക്കുമെന്നു സംശയലേശമന്യേ ഉറപ്പായിരുന്നെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരു തെരഞ്ഞെടുക്കപ്പെടുമെന്ന കാര്യത്തെ കുറിച്ചായിരുന്നു ആകാംക്ഷ നിലനിന്നിരുന്നത്. ജിന്‍പിങ് ആകെയുള്ള 2,970 വോട്ടും സ്വന്തമാക്കിയപ്പോള്‍ വാങ്ങിനെതിരേ ഒരാള്‍ മാത്രമാണ് വോട്ട് ചെയ്തത്. 2013ല്‍ ഷി ജിന്‍പിങ്ങിനെ പാര്‍ലമെന്റില്‍ 2,952 പേരാണു പിന്തുണച്ചിരുന്നത്.
തെരഞ്ഞെടുപ്പിനു തൊട്ടുപിറകെ ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വാങ് ഖിഷാന്‍ വൈസ് പ്രസിഡന്റായതോടെ രാജ്യഭരണത്തിന്റെ സുപ്രധാനമായ എല്ലാ മേഖലകളും ജിന്‍പിങ്ങിന്റെ വരുതിയിലെത്തിയിരിക്കുകയാണ്. ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തും പ്രസിഡന്റ് സ്ഥാനത്തിരിക്കാനുള്ള കാലാവധി എടുത്തുമാറ്റിയും ചൈനീസ് പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ജിന്‍പിങ്ങിന്റെ ഏകാധിപത്യ വാഴ്ചയ്ക്ക് വഴിതെളിയിച്ചിരുന്നു. സൈന്യത്തിന്റെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അധികാരം അദ്ദേഹം പൂര്‍ണമായി വരുതിയിലാക്കിയിരുന്നു. 69കാരനായ വാങ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് അനൗദ്യോഗികമായി അദ്ദേഹം പാര്‍ട്ടിയുടെ ഭരണസമിതിയില്‍നിന്നു താഴെയിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."