23 ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികളെ റഷ്യ പുറത്താക്കി
മോസ്‌കോ: ബ്രിട്ടനെതിരേ കനത്ത തിരിച്ചടിയുമായി റഷ്യ. മോസ്‌കോയിലെ വിവിധ ബ്രിട്ടീഷ് നയതന്ത്ര കാര്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 23 പേരെ റഷ്യ പുറത്താക്കി. നേരത്തെ, ലണ്ടനില്‍ സേവനത്തിലുള്ള 23 റഷ്യന്‍ ഉദ്യോഗസ്ഥരെ നാട്ടിലേക്കു തിരിച്ചയച്ചതിനു മറുപടിയായാണ് റഷ്യയുടെ നടപടി. റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.
നാടുവിടാന്‍ ഇവര്‍ക്ക് ഒരു ആഴ്ചത്തെ കാലാവധി നല്‍കിയിട്ടുണ്ട്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ബ്രിട്ടീഷ് കൗണ്‍സുലേറ്റും ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കാനായി പ്രവര്‍ത്തിക്കുന്ന മോസ്‌കോയിലെ ബ്രിട്ടീഷ് കൗണ്‍സിലും അടച്ചുപൂട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പ്രതീക്ഷിച്ചതിലും കടുത്ത നടപടിയിലേക്കാണ് റഷ്യ നീങ്ങിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തൊട്ടു തലേന്നാണു കടുത്ത നടപടിയുമായി റഷ്യന്‍ അധികൃതര്‍ രംഗത്തെത്തിയത്. ബ്രിട്ടന്റെ പ്രകോപനപരമായ നടപടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമാണു തങ്ങളെ നടപടിയിലേക്കു നയിച്ചതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സൗഹൃദപരമല്ലാത്ത സമീപനം കൈക്കൊണ്ടാല്‍ കൂടുതല്‍ ശക്തമായ നടപടിയെടുക്കുമെന്ന് ബ്രിട്ടനു തങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
എന്നാല്‍, ഇത്തരമൊരു പ്രതികാര നടപടി തങ്ങള്‍ പ്രതീക്ഷിച്ചതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അറിയിച്ചു. വരും ദിവസങ്ങളില്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് അടുത്ത നടപടികള്‍ കൈക്കൊള്ളുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ബ്രിട്ടീഷ് പൗരന്മാര്‍ക്കെതിരേയും ബ്രിട്ടനില്‍ കഴിയുന്ന മറ്റു നാട്ടുകാര്‍ക്കെതിരേയുമുള്ള റഷ്യന്‍ ഭരണകൂടത്തിന്റെ വധഭീഷണികള്‍ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് നഗരമായ സാലിസ്ബറിയില്‍ തങ്ങളുടെ മുന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനെയും മകളെയും അബോധാവസ്ഥയില്‍ കണ്ടെത്തിയതിനു പിറകെയാണ് ബ്രിട്ടന്‍ റഷ്യയ്‌ക്കെതിരേ തിരിഞ്ഞത്. ഈ മാസം നാലിനാണു പുതിയ വിവാദങ്ങള്‍ക്കു കാരണമായ സംഭവം അരങ്ങേറിയത്.
സാലിസ്ബറിയില്‍ ഒരു വ്യാപാരകേന്ദ്രത്തില്‍ സ്‌ക്രിപാലിനെയും മകള്‍ യൂലിയയെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
സോവിയറ്റ് യൂനിയന്‍ നിര്‍മിക്കുകയും റഷ്യ വികസിപ്പിക്കുകയും ചെയ്ത പ്രത്യേക രാസവിഷ വസ്തു പ്രയോഗം ഇവര്‍ക്കെതിരേ ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇരുവരും നിലവില്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണു കഴിയുന്നത്.
സംഭവത്തില്‍ റഷ്യന്‍ ഭരണകൂടത്തിനു നേരിട്ടു ബന്ധമുണ്ടെന്നാണ് ബ്രിട്ടന്റെ ആരോപണം. ആരോപണം നിഷേധിച്ച റഷ്യ ഏതുതരം അന്വേഷണവുമായും സഹകരിക്കാമെന്നും അറിയിച്ചിരുന്നു.
എന്നാല്‍, ഇത് അംഗീകരിക്കാന്‍ ബ്രിട്ടന്‍ കൂട്ടാക്കിയിരുന്നില്ല. ഇതിനു പിറകെയാണ് ലണ്ടനിലുള്ള 23 ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയത്. സംഭവത്തില്‍ ബ്രിട്ടനു പിന്തുണയുമായി അമേരിക്ക, ജര്‍മനി, ഫ്രാന്‍സ് അടക്കമുള്ള ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."