തകര്‍ന്ന വീടിനുള്ളില്‍ ഭീതിയോടെ ഫൗസിയയുടെ കുടുംബം
കോഴിക്കോട്: മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന വീടിനുള്ളില്‍ ഭീതിയോടെ നിമിഷങ്ങള്‍ തള്ളിനീക്കുകയാണ് ഫൗസിയയും കുടുംബവും. ചോര്‍ന്നൊലിക്കുന്ന വീടിനുള്ളില്‍ എന്തുചെയ്യുമെന്നറിയാതെ ആശങ്കപ്പെടുകയാണ് ഇവര്‍. മഴ നനയാതെ അന്തിയുറങ്ങാന്‍ എങ്ങോട്ടുപോകുമെന്നറിയാതെ ഉഴലുന്ന ഈ കുടുംബം മഴ പെയ്യല്ലേയെന്ന പ്രാര്‍ഥനയിലാണ്.
ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലാണ് കുറ്റിച്ചിറക്ക് സമീപം തങ്ങള്‍സ് റോഡിലെ കോയന്റെതൊടുക ഫൗസിയയുടെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നത്. അപകടത്തില്‍ ഫൗസിയക്ക് പരുക്കേറ്റിരുന്നു. തകര്‍ന്നുവീണ മേല്‍ക്കൂരയുടെ ഭാഗം ഫൗസിയയുടെ തലയില്‍ പതിക്കുകയായിരുന്നു. മേല്‍ക്കൂരയിലെ ഓടുകളും കഴുക്കോലുകളുമെല്ലാം നിലംപതിച്ചു. ബീച്ച് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം ഫൗസിയ വീട്ടിലേക്ക് മടങ്ങി. അപകട സമയത്ത് ഭര്‍ത്താവ് ശമീറും കുട്ടികളും വീട്ടിലുണ്ടായിരുന്നുവെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
തകര്‍ന്ന വീട് അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ നല്ലൊരു തുക തന്നെ ചെലവാക്കണമെന്നതും ഇവരുടെ ആധി ഇരട്ടിയാക്കുന്നു. തുച്ഛമായ വരുമാനം കൊണ്ട് ഓരോ ദിവസവും തള്ളിനീക്കുന്ന ഫൗസിയക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ തുക. പുല്ലങ്ങോട് കൂഞ്ചീരയകത്തെ അങ്കണവാടിയില്‍ അധ്യാപികയായ ഫൗസിയയുടെ ശമ്പളമാണ് ഈ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം. ഭര്‍ത്താവ് ശമീര്‍ ആറു മാസം മുന്‍പുണ്ടായ അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ജോലിക്ക് പോകാനാകാതെ വീട്ടില്‍ വിശ്രമിത്തിലാണ്.
ശമീറും മൂന്നു മക്കളും ഹൃദ്രോഗിയായ ഉമ്മയും ഫൗസിയയെ ആശ്രയിച്ചാണ് കഴിയുന്നത്. വീടിന്റ അറ്റകുറ്റപ്പണി പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നതിനാല്‍ തല്‍ക്കാലത്തേക്കെങ്കിലും മറ്റൊരു വീട്ടിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ് ഇവര്‍. വാടക വീടിനായി പലയിടത്തും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നതിനാല്‍ മറ്റൊരു വീട്ടിലേക്ക് മാറാതെ ഇവര്‍ക്ക് രക്ഷയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."