വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍
മാനന്തവാടിയിലെ മയിലമ്മമാരുടെ നീതിക്കായുള്ള പോരാട്ടത്തില്‍ തുടങ്ങി യുദ്ധം പട്ടിണിക്കിട്ട യമനിലെ ദുരന്ത കഥകളിലവസാനിച്ച മാര്‍ച്ച് 11ന്റെ ഞായര്‍പ്രഭാതം ഏറെ വ്യതിരക്തത പുലര്‍ത്തി.
ഓരോ വിഭവങ്ങളും വായനക്കാരന്റെ മനസില്‍ വ്യത്യസ്തഭാവങ്ങള്‍ പകരുന്നതായിരുന്നു. കുറിയ വാക്കുകള്‍ കൊണ്ട് വലിയ ലോകത്തെ കീഴടക്കിയ പി.കെ പാറക്കടവെന്ന വലിയ എഴുത്തുകാരനുമായുള്ള അഭിമുഖം ആ പ്രതിഭയെ കുറിച്ചു കൂടുതല്‍ മനസിലാക്കാനും അവരെ വീണ്ടും വായിക്കാനുമുള്ള പ്രചോദനം കൂടിയായി. ഫാറൂഖ് ബാവയ്ക്കു നന്ദി.
ശ്രീകുമാര്‍ ചേര്‍ത്തലയുടെ 'രുധിരസാക്ഷ്യം' കവിത രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭീകരത വരച്ചുകാട്ടി. ആരിഫ അസൈനാറിന്റെ 'നിലാവു പെയ്യുന്നിടം' കഥ കലാലയജീവിതത്തിന്റെ റൊമാന്റിക് ടച്ച് സമ്മാനിച്ചു. എല്ലാറ്റിലുമുപരി മനസിനെ പിടിച്ചുനിര്‍ത്തിയത് മുഹമ്മദിന്റെ 'ഉള്‍ക്കാഴ്ച'യിലെ പല്ലുകള്‍ നല്‍കുന്ന സുഹൃദ്പാഠങ്ങള്‍ തന്നെയാണ്.
ഇത്രമാത്രം ഹൃദയസ്പര്‍ശിയായി പല്ലുകളെയും സൗഹൃദങ്ങളെയും താരതമ്യപ്പെടുത്തിയ ആ ലേഖനം ശരിക്കും അത്ഭുതം ഉളവാക്കി. സുഹൃദ്ബന്ധങ്ങളുടെ ഓരോ വശങ്ങളെയും പല്ലുകളുടെ ധര്‍മങ്ങളോടു ബന്ധപ്പെടുത്തിയ ആ ലേഖനം ഒരു നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരില്‍ വലിയ മതിപ്പുളവാക്കുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല.
മലപ്പുറത്തെ കരീമിലൂടെ കാലിഗ്രഫിയെന്ന കലയ്ക്കു നല്‍കിയ അംഗീകാരവും മികച്ചതായി. അഭിനന്ദനങ്ങള്‍ ഞായര്‍ പ്രഭാതത്തിനും വിഭവങ്ങളൊരുക്കിയവര്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."