ആകാശക്കഷണങ്ങള്‍
നാട്ടിലിരുന്നു കണ്ട
നിറങ്ങള്‍ തൂവിയ
പ്രവാസത്തിന്റെ ആകാശമിതാ
കവിതയിലേക്കിറങ്ങിയപ്പോള്‍
ചിതറിപ്പോയിരിക്കുന്നു.
ഒരു കഷണത്തെ,
ലേബര്‍ ക്യാംപിനു മുന്‍പിലെ
ഒറ്റബെഞ്ചിലിരുന്ന്
കത്തിയിട്ടും കത്തിയിട്ടും കൊതിതീരാത്ത
നരച്ചപകലിനൊപ്പം,
എത്ര കെട്ടിയിട്ടും മുറുകാത്ത
കോണ്‍ക്രീറ്റ് കമ്പി
വിയര്‍പ്പ് മണക്കുന്ന ഒട്ടേറെ സ്വപ്നരാജ്യങ്ങള്‍
ഇനിയും ഇറങ്ങിയിട്ടില്ലാത്ത അതിജീവനത്തിന്റെ ലഹരി
എന്നിവ ചേര്‍ന്നു സ്വന്തമാക്കാന്‍ ശ്രമിക്കുന്നു.
മറ്റൊരു കഷണത്തെ,
അകവും പുറവും അലക്കിവെളുപ്പിക്കേണ്ട
വെള്ളിയാഴ്ചയില്‍പോലും
അവധിയില്ലാത്തൊഴിലാളി
ജീവിതമെവിടെ
വെളുപ്പിച്ചെടുക്കാനാണെന്ന ആധിക്കൊപ്പം
സൂപ്പര്‍ മാര്‍ക്കറ്റുകളുടെ
ഓഫര്‍ മഴയിലെവിടെയെങ്കിലും
നാട്ടിലെക്കൊരവധി കൂടി
രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോയെന്ന
തിരച്ചിലിനെയും കൂട്ടി
ആളില്ലാ കഫ്തീരിയ
പഴകിത്തുടങ്ങിയ ഗ്രോസറി
എന്നിവ ചേര്‍ന്നു കൈവശപ്പെടുത്തിയിട്ടുണ്ട്.
ഒരിക്കലും യോജിപ്പിക്കാനാകാത്ത
ഒരായിരം കഷണങ്ങള്‍ക്ക്
ഒട്ടേറെ അവകാശികളുണ്ട്;
അബ്‌റക്കരികിലിരുന്ന്
കോച്ചുന്ന തണുപ്പില്‍ നാടുകാണുന്നവനും,
കറാമ പാര്‍ക്കിലിരുന്ന്
കുഞ്ഞു നക്ഷത്രങ്ങള്‍ക്കൊപ്പം
വീട് കാണുന്നവനും.
തിളക്കുന്ന സൂര്യനെ
എ.സി തണുപ്പില്‍
ബുര്‍ജ്ഖലീഫയിലെ
ഹോട്ടല്‍ മുറിയില്‍നിന്ന്
ഐഫോണിലൂടെ,
നാട്ടിലിരുന്നു കണ്ടതിലേക്കു തന്നെ
പകര്‍ത്താനാകുന്നവന്
ആകാശങ്ങളെല്ലാം ഒന്നു തന്നെ.
ആര്‍ക്കും സ്വന്തമാക്കാനാകാത്തൊരു കഷണം
പ്രവാസമെവിടെയോ
ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന തോന്നലിലാണീ
നിലക്കാത്ത യാത്രകളെല്ലാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."