വസന്തം പിന്മടങ്ങുമ്പോള്‍
മാധ്യമപ്രവര്‍ത്തക, ലൈംഗികപീഡന ഇരകളെ ചികിത്സിക്കുന്ന കെയ്‌റോയിലെ നദീം സെന്ററിലെ മനോരോഗ വിദഗ്ധ, ഈജിപ്ഷ്യന്‍ അധികാരികള്‍ കേന്ദ്രം അടച്ചുപൂട്ടിയിട്ടും തന്റെ സേവനം തുടരുന്ന സാമൂഹ്യപ്രവര്‍ത്തക, ഭരണകൂട ഭീകരതയ്‌ക്കെതിരേ ഉച്ചത്തില്‍ ശബ്ദിക്കുന്ന, 'ഞാന്‍ ഭയപ്പെടുന്നില്ല' എന്നു തുറന്നടിക്കുന്ന, 'ദി റിബല്‍' എന്നു വിളിപ്പേരുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാളി, എല്ലാത്തിലുമുപരി ഫിക്ഷന്‍ എഴുത്തുകാരി. ബസ്മ അബ്ദല്‍ അസീസ് ഇതെല്ലാമാണ്. അവരുടെ ഇംഗ്ലീഷില്‍ ലഭ്യമാകുന്ന ആദ്യ കൃതിയാണ് 'ദി ക്യൂ'. ഒരിക്കലും തുറക്കപ്പെടില്ലെന്നു തോന്നിച്ച സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ അനന്തമായി കാത്തുകെട്ടിക്കിടക്കുന്ന നാട്ടുകാരെ കാണേണ്ടിവന്ന അനുഭവത്തെ കുറിച്ച് അവര്‍ വിവരിച്ചിട്ടുണ്ട്. നോവല്‍ ആരംഭത്തില്‍ നാം കണ്ടുമുട്ടുന്ന യഹ്‌യയുടെ കാത്തുനില്‍പ്പ് 140 ദിവസമെന്ന സൂചനയാണ് നോവലിന്റെയും കാലഗണന. 'സര്‍വാധികാര സ്വരൂപത്തെ കുറിച്ച് എനിക്കു പറയാനുള്ളത് പറയാന്‍ വേണ്ട വിശാലമായ ഇടമാണ് ഫിക്ഷന്‍ നല്‍കിയത് ' എന്ന് എഴുത്തുകാരി പറഞ്ഞിട്ടുണ്ട്.
പോരാട്ടങ്ങളില്‍ പങ്കെടുത്തവര്‍ ഓര്‍മക്കുറിപ്പെഴുതാന്‍ തുടങ്ങുമ്പോള്‍, വിപ്ലവത്തിന്റെ അന്ത്യമായി എന്നതിന്റെ ഏറ്റവും കൃത്യമായ അടയാളമാണതെന്ന് ഏലിയാസ് ഖൂറിയുടെ 'സിനാല്‍കോള്‍' എന്ന നോവലില്‍ ഒരു കഥാപാത്രം പറയുന്നുണ്ട്. അതു ശരിയാണെങ്കില്‍ ബസ്മയുടെ 'ദി ക്യൂ', ഒമര്‍ റോബര്‍ട്ട് ഹാമില്‍ട്ടണിന്റെ 'ദി സിറ്റി ഓള്‍വെയ്‌സ് വിന്‍സ് ' എന്നീ നോവലുകള്‍ ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ അവസാനം സൂചിപ്പിക്കുന്നുവെന്നു പറയാമെന്ന് ഗൗതം ഭാടിയ നിരീക്ഷിക്കുന്നു (httpt:rangehorizons.com). ഇരു നോവലിസ്റ്റുകളും 2011ലെ അറബ് വസന്തത്തില്‍ നേരിട്ടു പങ്കെടുത്തവരായിരുന്നു. കൃതികള്‍ രണ്ടും നോവലുകളാണെങ്കിലും വ്യക്തിപരമായ അനുഭവങ്ങളുടെ നിഴല്‍ രണ്ടിലും വളരെ സജീവമാണ്. എന്നാല്‍ ഹാമില്‍ട്ടണ്‍ 2011 മുതല്‍ 2014 വരെ കാലയളവില്‍ ഈജിപ്ഷ്യന്‍ തെരുവുകളില്‍ യഥാര്‍ഥ കഥാപാത്രങ്ങളും കല്‍പിതകഥാപാത്രങ്ങളും ഇഴകോര്‍ക്കും വിധം വൈയക്തികവും സാമൂഹ്യവുമായ ദുരന്തങ്ങളെ ആവിഷ്‌കരിക്കുമ്പോള്‍ 'ദി ക്യൂ', യഥാതഥ ലോകത്തെ ബോധപൂര്‍വം അമൂര്‍ത്തവല്‍ക്കരിച്ചിട്ടുണ്ട്. സംഭവങ്ങളും പേരുകളും ചരിത്രസൂചകങ്ങളും നേരിട്ടു തിരിച്ചറിയാതാക്കും വിധം അകലത്തിലേക്കു മാറ്റിയിട്ടുണ്ട്. പേരുപറയാത്ത നാട്ടില്‍ പക്ഷെ കഥാപാത്രങ്ങളുടെ പേരുകള്‍ മിഡില്‍ ഈസ്റ്റ് അറബ് ഭൂമിക അടയാളപ്പെടുത്തുന്നു: താരിക്, യഹ്‌യ, നാഗി, ഉമ്മു മബ്‌റൂക്, അമാനി തുടങ്ങിയവ.
'കവാടം' (ദി ഗേറ്റ്) എന്നു പേരുള്ള, ശരിക്കുമൊരു കവാടം പ്രതിനിധാനം ചെയ്യുന്ന, ഒരു സര്‍വാധിപത്യ സ്വരൂപം 'അടിച്ചമര്‍ത്തല്‍ ശക്തി (The Quell Force) എന്നു വിളിക്കുന്ന സൈനികവിഭാഗത്തിന്റെ സഹായത്തോടെ എല്ലാം അടക്കിഭരിക്കുന്നു. മുന്‍ ഭരണത്തിനുനേരെ നടന്ന 'ആദ്യത്തെ കൊടുങ്കാറ്റ് '(The Fistr Storm) എന്നു വിളിക്കപ്പെട്ട കലാപത്തെ തുടര്‍ന്ന് അധികാരം സ്ഥാപിച്ച 'കവാടം' 'അപമാനകരമായ സംഭവങ്ങള്‍'(ഠവല ഉശഴെൃമരലളൗഹ ഋ്‌ലേെി) എന്നു വിളിക്കപ്പെട്ട രണ്ടാം കലാപത്തെ അടിച്ചമര്‍ത്തിയ ശേഷം അടച്ചിടുകയായിരുന്നു. അതിനുശേഷം തുറന്നിട്ടേയില്ലാത്ത കവാടത്തിനുമുന്നില്‍ ജീവിതത്തിലെ എല്ലാതുറകളിലും അവിടെനിന്നു കിട്ടുന്ന, കിട്ടേണ്ട രേഖകളും തിരിച്ചറിയല്‍ കാര്‍ഡുകളും അനുമതിപത്രങ്ങളും ആവശ്യമായി വരുന്ന ജനത വരിനില്‍ക്കാന്‍ തുടങ്ങുന്നതാണ് നോവലിന്റെ തലക്കെട്ടിന്റെ ഉറവിടമായ രൂപകത്തിനാധാരം. അതു വളര്‍ന്നുകൊണ്ടേയിരിക്കുന്നു, അതിനകത്തു കൊച്ചുസമാന്തര സമൂഹനിര്‍മിതിയും വ്യവഹാരങ്ങളും രൂപമെടുക്കുന്നു. ബാര്‍ട്ടര്‍ സമ്പ്രദായവും ഗോസിപ് നേരമ്പോക്കുകളും രൂപമെടുക്കുന്നു. ജീവിതവും കാത്തുനില്‍പ്പും ഒന്നാവുകയോ പര്യായങ്ങളാവുകയോ ചെയ്യുന്നു.
ആളുകള്‍ക്ക് ക്യൂവില്‍ ഇടം പിടിക്കുന്നതിനു പലതരം കാരണങ്ങളുണ്ട്. ചുവപ്പുനാടയില്‍ കുരുങ്ങി ചികിത്സാനുമതി നീണ്ടുപോയതു കാരണം ഒരു മകള്‍ നഷ്ടപ്പെട്ട സ്ത്രീ തന്റെ മറ്റൊരു കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. 'അപമാനകരമായ സംഭവങ്ങളുടെ ദിനത്തില്‍' കൊല്ലപ്പെട്ട സെക്യൂരിറ്റി ഗാര്‍ഡിന്റെ ബന്ധു അയാളുടെ ജീവത്യാഗം ഔദ്യോഗികമായി അംഗീകരിച്ചുകിട്ടാനുള്ള ശ്രമത്തിലാണ്. ഒരു ജേണലിസ്റ്റ് വസ്തുതകള്‍ കൂട്ടിത്തുന്നി മനസിലാക്കാന്‍ മാര്‍ഗം തേടുന്നു. നോവലിലെ മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളായ, റാഡിക്കല്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ അംഗമായിരുന്നുവെന്നു സൂചനയുള്ള യഹ്‌യ അതേദിനത്തില്‍ ഉടലില്‍ ഏറ്റുവാങ്ങിയ വെടിയുണ്ട നീക്കം ചെയ്യാനുള്ള അനുമതിപത്രവും തേടിയാണ് ക്യൂവില്‍ എത്തുന്നത്. ആ ദിനത്തിലെ സംഭവങ്ങള്‍ ദുരൂഹമായി തുടരുന്നുവെന്നു മാത്രമല്ല യഹ്‌യക്ക് ആരാണു തന്നെ വെടിവച്ചതെന്നറിയുകയുമില്ല. അസംബന്ധമെന്നറിയാമെങ്കിലും 'കവാട'ത്തില്‍നിന്നുള്ള അനുമതി പത്രമില്ലാതെ അത്തരം ശസ്ത്രക്രിയ നടത്തുന്നതു ശിക്ഷാര്‍ഹമാണ് എന്നറിയുന്ന താരിഖ് ആത്മരക്ഷയ്ക്കും ഡോക്ടറുടെ കടമയ്ക്കും ഇടയില്‍ കടുത്ത സമ്മര്‍ദത്തിലാവുന്നു.
സുഹൃത്തുക്കളായ ഹാഗിയും അമാനിയും 'കവാട'ത്തിന്റെ ദുരൂഹവിലക്കുകള്‍ മറികടക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുന്നില്ലെന്നു മാത്രമല്ല, യഹ്‌യയുടെ അവസ്ഥ സംബന്ധിച്ച യാഥാര്‍ഥ്യത്തിന് ഏക തെളിവായ എക്‌സ്‌റെ തേടി അകത്തേക്കു പോകുന്ന അമാനി കൊടിയ അപമാനത്തിനും മനോനില തെറ്റിക്കുന്ന പീഡനത്തിനും ശേഷം കവാടം നിര്‍മിക്കുന്ന കല്‍പിതയാഥാര്‍ഥ്യം വിശ്വസിച്ചുതുടങ്ങുകയും ചെയ്യുന്നു. സംഭവദിവസം വെടിവയ്പ്പ് ഉണ്ടായിട്ടേയില്ല. 'അവള്‍ അയാളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അന്ന് അയാളുടെ ഇടുപ്പില്‍ തുളഞ്ഞിറങ്ങുകയും വസ്തിപ്രദേശത്തു നിലയുറപ്പിക്കുകയും ചെയ്ത വെടിയുണ്ട ഒറിജിനല്‍ അല്ലായിരുന്നു, അത് നീക്കം ചെയ്യല്‍ പ്രധാനമല്ല. ആരാണു തന്നെ വെടിവച്ചത് എന്നതിനെ കുറിച്ചോര്‍ത്ത് ഇനിയും അയാള്‍ വിഷമിക്കേണ്ടതില്ല.' നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു: 'പക്ഷെ യഹ്‌യയ്ക്കു വിശ്വാസമായില്ല, ചോരയൊലിക്കുന്നത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരുന്നു.'
പ്രസ്തുത ദിവസം വെടിയേറ്റു എന്നവകാശപ്പെടുന്നവരെല്ലാം ഒന്നൊന്നായി അപ്രത്യക്ഷരാകുന്നതു മനസിലാക്കുന്ന താരിഖ് ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്: ഒന്നുകില്‍ എല്ലാം മറക്കുക, ഔദ്യോഗികഭാഷ്യം അംഗീകരിക്കുക. അല്ലെങ്കില്‍ യഹ്‌യയെ ചികിത്സിച്ചു പ്രത്യാഘാതങ്ങള്‍ നേരിടുക. അതേസമയം, ഇതിവൃത്തകാലത്തില്‍ ഉടനീളം യഹ്‌യ കൂടുതല്‍ കൂടുതല്‍ അവശനായി വരികയും ചുറ്റുമുള്ള ആളുകള്‍ കൂടുതല്‍ നൈരാശ്യത്തിലേക്കു വീഴുകയും സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയവും വസ്തുതകളോടു മുഖംതിരിക്കലും പൂര്‍വാധികം ശക്തമാവുകയും ചെയ്യുന്നു.
കിരാതമായ സൈനികശക്തിയും പ്രചണ്ഡമായ പ്രോപഗണ്ടയുടെ ഇരട്ടത്താപ്പും കൊണ്ട് ബ്യൂറോക്രസിയുടെ മനുഷ്യപ്പറ്റില്ലാത്ത ചക്രവ്യൂഹങ്ങളില്‍ പെടുത്തിയും സര്‍വാധിപത്യ സ്വരൂപങ്ങള്‍ ജനതയെ പരിപൂര്‍ണ നിയന്ത്രണത്തിലാക്കുന്നതിനു സാഹിത്യത്തില്‍ ഒട്ടേറെ മാതൃകകളുണ്ട്. കാഫ്കയുടെ 'ദി കാസില്‍', ഓര്‍വെല്ലിന്റെ '1984', ഹക്‌സ്‌ലിയുടെ 'ബ്രേവ് ന്യു വേള്‍ഡ് ', ഇസ്മയില്‍ കദാരെയുടെ 'ദി പാലസ് ഓഫ് ഡ്രീംസ് ' തുടങ്ങി അത്തരം ഡിസ്റ്റോപ്പിയന്‍ കൃതികള്‍, ശ്വാസം മുട്ടിക്കുന്നതും പേടിസ്വപ്നത്തിന്റെ അന്തരീക്ഷമുള്ളതുമായ അറബ് വസന്താനന്തര യാഥാര്‍ഥ്യം അഭിമുഖീകരിക്കാന്‍ മിഡില്‍ ഈസ്റ്റ് എഴുത്തുകാര്‍ക്കു മികച്ച മാതൃകയായിത്തീരുന്നുണ്ടെന്നു സമീപകാല അറബ് സാഹിത്യം തെളിയിക്കുന്നു. ഭാഷയെ തന്നെ സ്റ്റേറ്റിന്റെ താല്‍പര്യത്തിനുസരിച്ചുള്ള ഒരു അപരസത്യ ചരിത്ര നിര്‍മിതിക്ക് ഉപയോഗിക്കുക എന്നത് ഡിസ്റ്റോപ്പിയന്‍ സാഹിത്യത്തിലെ പ്രകടമായ സ്വഭാവമാണ്. എതിര്‍പ്പും ചെറുത്തുനില്‍പ്പിനുള്ള ശ്രമം തന്നെയും അസാധ്യമാക്കുന്ന ഒരു പേരിടലിലൂടെ അധികാരകേന്ദ്രത്തെ തന്നെ സുരക്ഷിതമായി അമൂര്‍ത്തവല്‍ക്കരിക്കുകയാണ് ബസ്മ അബ്ദല്‍ അസീസ്. ആര്‍ക്കും ഒരു കവാടത്തിനെതിരില്‍ കലാപം ചെയ്യാനാവില്ലല്ലോ.
'ക്യൂ' പ്രതിനിധാനം ചെയ്യുന്ന സര്‍വാധിപത്യ വിധേയത്വത്തിനെതിരേ ഉയരുന്ന പ്രതിരോധ പ്രസ്ഥാനം, 'അലവലാതിക്കൂട്ടം' (The Riffraff), ആദ്യം ചെറിയ വിജയങ്ങള്‍ നെടുന്നുവെങ്കിലും ആളുകള്‍ അതിനെ കൈയൊഴിയുന്നതു 'വിശ്വസനീയമായ ഒരു മറുവഴി കാണിക്കുന്നതില്‍' അതു പരാജയപ്പെടുന്നതുകൊണ്ടാണ്. അതുകൊണ്ട് ക്യൂവിലുള്ള എല്ലാവരും പ്രതീക്ഷ കൈവിടാന്‍ വിസമ്മതിച്ചു. തങ്ങള്‍ തേടിവന്ന തീര്‍പ്പ് എന്താണോ അതു കിട്ടും വരെ വിട്ടുപോകാന്‍ ആരും തയാറായിരുന്നില്ല. എന്തെങ്കിലും ചെയ്യാനുള്ള ഒരവസരവും ഇല്ലാതാവുന്നതിലൂടെ സ്ഥാപിതമാകുന്ന വിധേയപ്പെടല്‍ തന്നെയാണ് ജനജീവിതത്തിന്റെ സമസ്ത മേഖലയിലും സര്‍വാധിപത്യം പിടിമുറുക്കിത്തുടങ്ങുന്നതിന്റെ ഭീഷണമായ നാന്ദി.
'ദി ക്യൂ' മുന്നോട്ടുവയ്ക്കുന്ന സര്‍വാധിപത്യചിത്രം കൃത്യമായും പുതുനൂറ്റാണ്ടിന്റേതാണ്. ഒരു സ്വകാര്യ ടെലികോം കമ്പനി 'കവാട'വുമായി സഹകരിക്കുകയും ആദ്യഘട്ടത്തില്‍ സൗജന്യ കോളുകള്‍ എന്ന ചൂണ്ടയിലൂടെ ആകര്‍ഷിക്കുന്ന ക്യൂവിലെ ജനങ്ങളെ നിഗൂഢമാംവിധം നിരീക്ഷണവിധേയരാക്കുകയും ചെയ്യുന്നു. ന്യൂസ് പേപ്പറുകള്‍ 'വാസ്തവം (The Truth) എന്ന് പേരായ ഒരൊറ്റ പത്രത്തിലേക്കു ചുരുങ്ങുന്നു. 'കവാട'ത്തില്‍നിന്നു നിയമങ്ങളും ഫത്‌വകളും പ്രവഹിക്കുന്നു. ശൈഖ് എന്നു മാത്രം വിളിക്കപ്പെടുന്ന ഒരു മതാധ്യക്ഷന്‍ 'കവാട'ത്തെ സമ്പൂര്‍ണമായി ന്യായീകരിക്കുന്നതില്‍ മുഴുകുന്നു. മതവും മൂലധനശക്തികളും എങ്ങനെയാണു സര്‍വാധിപത്യ ഭരണകൂടങ്ങളോടു കൈകോര്‍ക്കുന്നത് എന്നതിന്റെ മികച്ച ചിത്രീകരണമാണിത്.
സര്‍വാധിപത്യ ഭരണക്രമങ്ങള്‍ക്കു ജനതയെ ആദിയും അന്തവുമില്ലാത്ത രീതിയില്‍ വരിനിര്‍ത്താനുള്ള പ്രവണത ഒരൊറ്റ അച്ചില്‍ എല്ലാ വൈരുധ്യങ്ങളെയും ഒടുക്കാനുള്ള ബഹുസ്വരതാവിരുദ്ധതയുമായി ചേര്‍ത്തുകാണാം. അതു ഭീഷണവും അസംബന്ധപൂര്‍ണവുമായി കൊണ്ടാടുന്ന അധമ അധികാരസ്വരൂപങ്ങള്‍ക്കു പുതുകാല സാഹിത്യത്തില്‍ വേറെയും ഉദാഹരണങ്ങളുണ്ട്. എന്‍ഗൂഗി വാ തിയോംഗോയുടെ പുതിയ നൂറ്റാണ്ടിലിറങ്ങിയ ഏക നോവല്‍ 'ദി വിസാര്‍ഡ് ഓഫ് ദി ക്രോ'യില്‍ ഇതിവൃത്തകേന്ദ്രത്തില്‍ ഇടംപിടിക്കുന്നതും അനന്തമായി നീണ്ടുപോകുന്ന രണ്ട് ക്യൂകളാണ്.
ഒരൊറ്റ വേക്കന്‍സിയുടെ പരസ്യം കണ്ടെത്തുന്ന തൊഴിലന്വേഷകരുടെ ഒരെണ്ണവും 'മാര്‍ച്ചിങ് ടു ഹെവന്‍' എന്ന കൂറ്റന്‍ഗോപുരത്തിന്റെ കോമാളി നിര്‍മിതിയില്‍ പങ്കുകിട്ടാന്‍ കൈക്കൂലിപ്പണം നിറച്ച ഭീമന്‍ പെട്ടികളുമായി ഭാഗ്യാന്വേഷികളായി എത്തുന്ന കരാറുകാരുടെ അനന്തനിരയും. ഇരുപതാം നൂറ്റാണ്ടിലെങ്ങും കോളനികളുടെ സ്വാതന്ത്ര്യം വച്ചുതാമസിപ്പിച്ച യൂറോപ്യന്‍ കൊളോനിയല്‍ ശക്തികള്‍ 'നിങ്ങള്‍ ചരിത്രത്തിന്റെ വെയ്റ്റിങ് റൂമിലാണ്, ഇത്തിരി കൂടി കാത്തിരിക്കുക' എന്നാണ് ആവശ്യപ്പെട്ടുകൊണ്ടിരുന്നത് എന്ന് ഗൗതം ഭാടിയ നിരീക്ഷിക്കുന്നു.
കൊളോനിയലിസം കഴിഞ്ഞെങ്കിലും കാത്തുനില്‍പ്പ് തുടരുന്നു. 'അറബ് വസന്തവും വിപ്ലവവും ജനങ്ങളുടെ ഭയത്തെ തകര്‍ക്കുകയും അവര്‍ക്കു സ്വയം പ്രകാശിപ്പിക്കാനുള്ള കര്‍തൃത്വം നല്‍കുകയും ചെയ്തു. എന്നാലിപ്പോള്‍ അടിച്ചമര്‍ത്തല്‍ തിരികെയെത്തി' എന്ന് ബസ്മ നിരീക്ഷിക്കുന്നു. ഹുസ്‌നി മുബാറകിന്റെ പതനശേഷമുള്ള സാമാന്യ ഈജിപ്ഷ്യന്‍ ജനജീവിതത്തിന്റെ സര്‍റിയല്‍ അനുഭവം ആവിഷ്‌കരിക്കുന്നതിന് റിയലിസ്റ്റ് ആഖ്യാനങ്ങള്‍ പോരെന്ന് അവര്‍ വിലയിരുത്തുന്നു.
പകരം ഭൂമിശാസ്ത്രത്തിന്റെയും സമകാലികതയുടെയും അതിരുകള്‍ ഭേദിക്കുന്ന ഒരു സാര്‍വലൗകിക കഥയായാണ് അത് ആവിഷ്‌കരിക്കേണ്ടതെന്ന് അവര്‍ തിരിച്ചറിയുന്നു. അത്തരം ആഖ്യാനത്തിനു കണ്ടെടുക്കുന്ന ശക്തമായ കോഡുകളില്‍ മുബാറക് വിരുദ്ധ കലാപം 'ആദ്യത്തെ കൊടുങ്കാറ്റ് ' ആവുമ്പോള്‍ പിന്നീടുണ്ടായ രക്തച്ചൊരിച്ചില്‍ 'അപമാനകരമായ സംഭവങ്ങള്‍' എന്നു പരാവര്‍ത്തനം ചെയ്യപ്പെടുന്നു. പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തതിനു മൂന്നുതവണ അറസ്റ്റ് ചെയ്യപ്പെട്ട ബസ്മ തിരിച്ചറിയുന്നു: ഭയപ്പെട്ടു ജീവിക്കുന്നതില്‍ കാര്യമേയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."