ബാറുകള്‍ക്ക് പറുദീസയൊരുക്കുന്ന സര്‍ക്കാര്‍
പതിനായിരത്തിന് മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര സ്വഭാവമുള്ളതെന്ന് കണക്കാക്കി അവിടെയെല്ലാം മദ്യശാലകള്‍ തുറക്കാമെന്ന സര്‍ക്കാറിന്റെ ഉത്തരവ് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് ഇടവരുത്തിയിരിക്കുന്നത്. ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലത്തെ ഇത്തരമൊരു തീരുമാനം കാര്യമായി സ്വാധീനിക്കാമെന്ന ബോധ്യം ഇടത് മുന്നണി സര്‍ക്കാറിന് ഉണ്ടായിട്ട് പോലും ഈയൊരു തീരുമാനം സര്‍ക്കാര്‍ പെട്ടെന്നെടുത്തത് ദുരൂഹത ഉളവാക്കുന്നു.
തെരഞ്ഞെടുപ്പില്‍ തോറ്റാലും വേണ്ടിയില്ല ആര്‍ക്കോ നല്‍കിയ വാഗ്ദാനം നടപ്പിലാക്കുക എന്ന നിഗൂഢ ലക്ഷ്യം ഇത്തരമൊരു തീരുമാനത്തിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ തീരുമാനം ചെങ്ങന്നൂരില്‍ പ്രതിഫലിക്കുമെന്ന് ക്രൈസ്തവ സഭകളുടെ മുന്നറിയിപ്പ് വന്നിട്ടും സി.പി.എം നേതൃത്വത്തില്‍ പ്രത്യേകിച്ച് അങ്കലാപ്പുകളൊന്നും കാണാത്ത സാഹചര്യത്തില്‍ ഇത്തരമൊരു സംശയത്തിന് ന്യായമുണ്ട്.
പതിനായിരത്തിനു താഴെയാണു പഞ്ചായത്തിലെ ജനസംഖ്യയെങ്കിലും അവിടെ വിനോദ സഞ്ചാര മേഖലയാണെങ്കില്‍ അവിടെയും മദ്യശാലകള്‍ തുറക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ടൂറിസം വകുപ്പോ നികുതി വകുപ്പോ വിനോദസഞ്ചാര മേഖലയായി പ്രഖ്യാപിച്ചിരിക്കണമെന്ന വ്യവസ്ഥ മാത്രം മതിയാകും. എവിടെയെങ്കിലും അരുവിയോ കുറ്റിക്കാടോ പാറക്കൂട്ടങ്ങളോ കണ്ടാല്‍ മദ്യശാലകള്‍ക്ക് വേണ്ടി അവയൊക്കെ വിനോദസഞ്ചാര മേഖലയായി പ്രഖ്യാപിക്കുവാന്‍ സര്‍ക്കാറിന് ഇനി പ്രയാസപ്പെടേണ്ടി വരില്ല. ബാറുടമകളുടെ താല്‍പര്യം മാത്രം സംരക്ഷിക്കുക എന്ന നിലപാടാണ് സര്‍ക്കാറിന്റേത് ജനം മദ്യപിച്ച് നശിച്ചോട്ടെ ' മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയമെന്നും മദ്യനിരോധനമല്ലെന്ന പഴകി പുളിച്ച മുദ്രാവാക്യംകൈയിലുണ്ടല്ലോ'.
സര്‍ക്കാരിന്റെ പുതിയ മദ്യനയം ചെങ്ങന്നൂരില്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് കത്തോലിക്ക മെത്രാന്‍ സമിതിയും ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ: സൂസപാക്യവും മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാറിന് കുലുക്കമില്ല തെരഞ്ഞെടുത്തയച്ച ജനങ്ങളെ വഞ്ചിക്കുകയാണ് സര്‍ക്കാറെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേലും കുറ്റപ്പെടുത്തിയിരിക്കുകയാണ്.
ദേശീയ,സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന് 2015 ഡിസംബര്‍ 15ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ദൂരപരിധിയില്‍ നിന്ന് പിന്നീട് നഗരപ്രദേശങ്ങളെ ഒഴിവാക്കി. പിന്നീട് മുനിസിപ്പല്‍ പ്രദേശങ്ങളെയും സുപ്രിംകോടതി ഒഴിവാക്കി.ഇതോടെ പഞ്ചായത്തുകളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരളം,അസം,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ സുപ്രിംകോടതിയെ സമീപിച്ചു. പട്ടണ സ്വഭാവമുള്ള പഞ്ചായത്തുകളെ നിബന്ധനയില്‍ നിന്നൊഴിവാക്കി സുപ്രിം കോടതി ഉത്തരവായി. ഈ ഉത്തരവിന്റെ മറപിടിച്ചാണിപ്പോള്‍ സര്‍ക്കാര്‍ പതിനായിരത്തിന് മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗര സ്വാഭാവമുളളതാക്കി അവിടങ്ങളിലൊക്കെ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അടിസ്ഥാന സൗകര്യമില്ലാത്ത 418 ബാറുകള്‍ മദ്യനിരോധനത്തിന്റെ ആദ്യപടി എന്ന നിലയില്‍ പൂട്ടിയിരുന്നു. പിന്നീട് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സുകള്‍ പരിമിതപ്പെടുത്തി.അത്തരം നിരോധനങ്ങളെല്ലാം ഈ സര്‍ക്കാര്‍ എടുത്ത് കളഞ്ഞിരിക്കുന്നു. പൂട്ടിയ മദ്യശാലകളെല്ലാം ഇടത് മുന്നണി സര്‍ക്കാര്‍ തുറന്ന് കൊടുക്കുവാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ എക്‌സൈസ് വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവും ഇറക്കിയിരിക്കുകയാണ്.
ഈ സര്‍ക്കാര്‍ നിലവില്‍വന്നതിന് ശേഷം ഇത് വരെ 287 ബാറുകളാണ് തുറന്ന് കൊടുത്തത്.പതിനായിരത്തിന് മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളിലെല്ലാം മദ്യശാലകള്‍ തുറക്കാമെന്ന സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന ദിവസങ്ങള്‍ വിദൂരമല്ലെന്ന വിപല്‍ സന്ദേശമാണ് നല്‍കുന്നത്. കോടതി വിധിയെ കൂട്ട് പിടിച്ച് പഞ്ചായത്ത്തലം മുതല്‍ മദ്യലഭ്യത വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുന്നതായിരിക്കും ഉചിതം. ഭാവി തലമുറയെ മദ്യപാനികളാക്കി നശിപ്പിക്കാതിരിക്കുവാന്‍ ഇത്തരമൊരു നടപടി അനിവാര്യമാണ്. വോട്ട് നല്‍കി വിജയിപ്പിച്ച ജനങ്ങളോട് അല്‍പ്പമെങ്കിലും ഉത്തരവാദിത്തമുണ്ടെങ്കില്‍ സര്‍ക്കാര്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുവാന്‍ പോകുന്ന പുതിയ മദ്യനയത്തില്‍ നിന്നും പിന്മാറണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."