ചെങ്ങന്നൂരില്‍ ഇടതിനും ബി.ജെ.പിക്കും പിഴയ്ക്കുന്നു; റിബല്‍ ഭയം നീങ്ങി കോണ്‍ഗ്രസ്
ആലപ്പുഴ: കൂടുതല്‍ തവണയും വലതിനൊപ്പം നിന്ന് പരിചയിച്ച ചെങ്ങന്നൂര്‍ മണ്ഡലം ഒരിക്കല്‍കൂടി വലത്തോട്ടെന്ന് സൂചന. പതിനഞ്ച് പൊതുതെരഞ്ഞെടുപ്പുകളില്‍ 11ലും വിജയം കൈവരിച്ച യു.ഡി.എഫിന് കഴിഞ്ഞ തവണ കാലിടറിയത് പാളയത്തിലെ പട മൂര്‍ച്ഛിച്ചപ്പോഴാണ്.
ഏറെക്കാലം യു.ഡി.എഫ് പാളയത്തിലുണ്ടായിരുന്ന ശോഭനാ ജോര്‍ജ്് കോണ്‍ഗ്രസ് റിബലായി മത്സരിച്ചത് യു.ഡി.എഫിന് തിരിച്ചടിയായി. എന്നാല്‍ ഇക്കുറി ശോഭനയുടെ ഇടതുപാളയത്തിലേക്കുള്ള നീക്കം കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ് നല്‍കിയിട്ടുള്ളത്.
ശോഭനാ ജോര്‍ജ് 2016ല്‍ വിമത സ്ഥാനാര്‍ഥിയായി 4000 ഓളം വോട്ടുകള്‍ പിടിച്ചിരുന്നു. ഈ അവസരത്തിലാണ് 7000 വോട്ടുകള്‍ക്ക് ഇടതിന് വിജയം നേടാനായത്. ഇത് മുന്‍കൂട്ടി കണ്ട് ശോഭന കഴിഞ്ഞ തവണ നേടിയ വോട്ടുകള്‍ നേരിട്ട് പെട്ടിയില്‍ വീഴ്ത്താനാണ് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശോഭനയുടെ വീട്ടിലെത്തി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയത്. മാത്രമല്ല സഭാനുകൂലികളായ ശോഭനയെയും ആറുന്മുള എം.എല്‍.എ വീണാജോര്‍ജിനെയും കളത്തിലിറക്കി സഭയുടെ വോട്ടുകള്‍ പിടിക്കാമെന്ന അജണ്ടയും എല്‍.ഡി.എഫിനുണ്ട്.
എന്നാല്‍ മദ്യനയം സര്‍ക്കാര്‍ പൊളിച്ചടുക്കിയതോടെ സഭ ഒന്നടങ്കം തിരിഞ്ഞത് സി.പി.എമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കി. സഭയുടെ നിലപാട് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മന്ത്രിമാരടക്കം പറയുന്നുണ്ടെങ്കിലും നേതാക്കള്‍ക്ക് അത്ര വിശ്വാസം പോര. അതേസമയം, ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ പ്രധാനമന്ത്രി മോദിയുടെ കടുത്ത ആരാധകനായതും സഭയുടെ വോട്ടുകള്‍ നേടുന്നതിന് സി.പി.എമ്മിന് തടസമാകും.
ഗുജറാത്തില്‍ സഭയുടെ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വലിയ സഹായങ്ങള്‍ നല്‍കുന്ന മോദിയെ വിട്ട് സഭ നില്‍ക്കുമെന്ന് പറയാനും വയ്യ. മാത്രമല്ല എന്‍.ഡി.എയുടെ കേരളാഘടകം നേതാവായ പി.സി തോമസിന് ചെങ്ങന്നൂരില്‍ വലിയ സ്വാധീനമാണുള്ളത്. സഭാധ്യക്ഷന്‍മാര്‍ക്കിടയിലും പി.സിക്ക് കനത്ത സ്വാധീനമുണ്ട്. ഇതും ബി.ജെ.പി അനുകൂല വോട്ടായി മാറിയാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നേടുന്നതില്‍ ഇടതിന് കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടിവരും. സമുദായാംഗമെന്ന നിലയില്‍ സജി ചെറിയാന് സഭയില്‍ സ്വാധീനം കുറവാണ്.
അതേസമയം ബി.ജെ.പിയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ബി.ഡി.ജെ എസിന്റെ നിലപാട് ബി.ജെ.പിയെ പിന്നോട്ടടിച്ചിട്ടുണ്ട്. തുഷാര്‍ വെള്ളാപള്ളിയെ അനുനയിപ്പിക്കാന്‍ ദേശീയതലത്തില്‍ വലിയ ശ്രമങ്ങള്‍ നടക്കുന്നതുമാത്രമാണ് ബി.ജെ.പിക്ക് ഏക ആശ്വാസം.
എന്നാല്‍, കൂനിന്‍മേല്‍ കുരുവെന്ന തരത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ അയ്യപ്പ സേവാസംഘം ദേശീയ ഉപാധ്യക്ഷനായത് ബി.ജെ.പിക്ക് വിനയായി. ഇക്കാരണത്താല്‍ ഹിന്ദുവോട്ടുകള്‍ മറിയാന്‍ സാധ്യതയുണ്ടെന്നും ബി.ജെ.പി ഭയക്കുന്നു. സമുദായ സമവാക്യങ്ങള്‍ ഫലം നിര്‍ണയിക്കുന്ന ചെങ്ങന്നൂരില്‍ കാലങ്ങളായി നഗരഭരണം യു.ഡി.എഫിന്റെ കൈകളില്‍ ഭദ്രമാണ്. ഇടതിന് പ്രതീക്ഷ നല്‍കുന്നത് പുതുതായി ചേര്‍ന്ന ചെന്നിത്തലയും മാന്നാറും മേഖലകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."