നഗരസഭ ഉപേക്ഷിച്ച വിശപ്പു രഹിത നഗരം പദ്ധതി സി.എച്ച് സെന്റര്‍ ഏറ്റെടുത്തു
നിലമ്പൂര്‍: ഫണ്ടിന്റെ അപര്യാപ്തത മൂലം നിലമ്പൂര്‍ നഗരസഭ പാതി വഴിയില്‍ ഉപേക്ഷിച്ച വിശപ്പ് രഹിത നഗരം പദ്ധതി നിലമ്പൂര്‍ സി.എച്ച് സെന്റര്‍ ഏറ്റെടുത്തു. ഇതോടെ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇനി ഉച്ചഭക്ഷണം മുടങ്ങില്ല. നിലമ്പൂര്‍ പഞ്ചായത്തായിരിക്കുമ്പോഴും നഗരസഭ ആയപ്പോഴും തുടര്‍ന്ന് വന്ന പദ്ധതി ആശുപത്രി ജില്ലാപഞ്ചായത്ത് ഏറ്റെടുത്തതോടെയാണ് ഉച്ചഭക്ഷണ വിതരണം നിര്‍ത്തേണ്ടി വന്നത്. നഗരസഭക്ക് ജില്ലാ പഞ്ചായത്ത് നേരിട്ട് ഭരണം നടത്തുന്ന സ്ഥാപനത്തില്‍ ഫണ്ട് ചെലവഴിക്കുന്നതിലുള്ള സാങ്കേതിക തടസമാണ് പദ്ധതി നിര്‍ത്തലാക്കാന്‍ കാരണമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഫണ്ടിന്റെ കുറവ് മൂലം രോഗികളും കൂട്ടിരിപ്പുക്കാരും പ്രയാസപ്പെടരുതെന്ന സി.എച്ച് സെന്റര്‍ ഭാരവാഹികളുടെ തീരുമാനമാണ് പദ്ധതി പുനരാരംഭിക്കാനിടിയായത്. ആശുപത്രിയില്‍ നടന്ന ചടങ്ങ് നിലമ്പൂര്‍ സിഎച്ച് സെന്റര്‍ പ്രസിഡന്റ് പി.വി അലിമുബാറക്ക് ഉദ്ഘാടനം ചെയ്തു. കെ.ടി കുഞ്ഞാന് അധ്യക്ഷനായി. സി.എച്ച് ഇഖ്ബാല്‍, ദേവശ്ശേരി മുജീബ്, പി.കെ ഹുസൈന്, കൊമ്പന് ഷംസുദ്ദീന്, കണ്ണാട്ടില്‍ മുഹമ്മദ്, ഷമീറ അസീസ്, ആര്.എം.ഒ ഡോ. മുനീര്‍, സ്റ്റാന്‍ലി ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."