അഖിന്‍ സത്താര്‍ എന്ന 'വയനാടന്‍ മഗ്രാത്ത്'
കൃഷ്ണഗിരി: വയനാടന്‍ മലമടക്കുകളില്‍ നിന്ന് ക്രിക്കറ്റ് പിച്ചിലേക്ക് ഒരു താരോദയം കൂടി. കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നിന്ന് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച് സംസ്ഥാനവും കടന്ന് മുന്നേറുകയാണ് വയനാടന്‍ മഗ്രാത്തെന്ന് വിളിപ്പേരുള്ള ഈ കാര്യമ്പാടിക്കാരന്‍ പയ്യന്‍. തൊട്ടതെല്ലാം പൊന്നാക്കിയ അഖിന്‍ സത്താര്‍ എന്ന ഈ മിടുക്കന്‍ ഇന്ന് എത്തി നില്‍ക്കുന്നത് അണ്ടര്‍-16 സൗത്ത്‌സോണ്‍ ക്രിക്കറ്റ് ക്യാംപിലാണ്.
കേരളത്തില്‍ നിന്ന് സെലക്ഷന്‍ ലഭിച്ച മൂന്നുപേരില്‍ ഒരാളാണ് അഖിനെന്ന് അറിയുമ്പോഴേ ഈ മിടുക്കന്റെ കളിമികവ് എത്ര കണ്ടുണ്ടെന്ന് മനസിലാകൂ. ഇപ്പോള്‍ പത്താംതരം പരീക്ഷയെഴുതുന്ന അഖിന്‍ വലംകയ്യന്‍ പേസ് ബൗളറാണ്. ആക്ഷന്‍ കൊണ്ടും പന്തിനെ സ്വിംഗ് ചെയ്യുന്ന കാര്യത്തിലും ആളൊരു ഗ്ലെന്‍ മഗ്രാത്താണെന്നാണ് സഹകളിക്കാരുടെ അഭിപ്രായം. അതുകൊണ്ട് ഇവരില്‍ പലരും അഖിന് വയനാടന്‍ മഗ്രാത്തെന്ന വിളിപ്പേരും നല്‍കി. എട്ടാംതരത്തില്‍ പഠിക്കുമ്പോഴാണ് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ നടക്കുന്ന വയനാട് അക്കാദമിയില്‍ അഖിനെത്തുന്നത്.
അതുവരെ നാട്ടിന്‍പുറത്തെ കളിക്കാരനായ അഖിന്‍ മികച്ച ശിക്ഷണം കിട്ടിയപ്പോള്‍ ആതോട് പറിച്ചെറിഞ്ഞ് കുതിച്ചുയര്‍ന്നു. അണ്ടര്‍ 14 ജില്ലാ ചാംപ്യന്‍ഷിപ്പില്‍ എതിര്‍ ടീമുകളെല്ലാം അഖിന്റെ വേഗതക്ക് മുന്നില്‍ പതറി. ചാംപ്യന്‍ഷിപ്പില്‍ 16 വിക്കറ്റുകള്‍ നേടി അഖിന്‍ വരവറിയിക്കുകയും ചെയ്തു. ഇതോടെ അക്കാദമിയിലെ പരിശീലകന്‍ ശശി, സഹ പരിശീലകരായ ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, ഷാനവാസ് എന്നിവരുടെ ശ്രദ്ധ നേടിയെടുക്കാനും അഖിന് സാധിച്ചു.
പിന്നീട് ഈ ത്രയങ്ങള്‍ അഖിനെ രാകിമിനുക്കി മൂര്‍ച്ച കൂട്ടി, പന്തുകൊണ്ട് മായജാലങ്ങള്‍ കാണിക്കാന്‍ പ്രാപ്തനാക്കി. തൊട്ടടുത്ത വര്‍ഷം നടന്ന അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പില്‍ അതിനുള്ള ഫലം കാണുകയും ചെയ്തു. ഈ ചംപ്യന്‍ഷിപ്പിലും തീതുപ്പുന്ന പന്തുകളുമായി അഖിന്‍ 16 വിക്കറ്റുകള്‍ വാരിക്കൂട്ടി. ഇതോടെ അണ്ടര്‍-16 കേരള ടീമിലേക്കുള്ള വാതിലുകള്‍ അഖിന് മുന്നില്‍ തുറക്കപ്പെട്ടു. ഹൈദരാബാദില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ കേരളത്തിനായി നാല് മത്സരങ്ങളില്‍ അഖിന്‍ പന്തെറിഞ്ഞു. അഞ്ച് വിക്കറ്റുകളാണ് സമ്പാദ്യം. ഹൈദരാബാദിലെ സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ ലഭിച്ച ആദ്യ സ്‌പെല്ലുകള്‍ മാത്രം മതിയായിരുന്നു സെലക്ടര്‍മാര്‍ക്ക് അഖിനെ സൗത്ത്‌സോണ്‍ ക്യാംപിലേക്ക് വിളിക്കാന്‍.
സ്പിന്നര്‍മാര്‍ക്കായി ഒരുക്കിയ പിച്ചില്‍ ഒരു പേസ് ബൗളര്‍ അഞ്ച് വിക്കറ്റുകള്‍ കൊയ്യുക എന്നത് ചില്ലറ കാര്യമല്ലല്ലോ. ഗോവക്കെതിരേ രണ്ടിന്നിങ്‌സുകളിലുമായി നാല് വിക്കറ്റ് നേടിയ അഖിന്‍ ശേഷിച്ച വിക്കറ്റ് നേടിയത് കര്‍ണാടകക്കെതിരേയാണ്. സുല്‍ത്താന്‍ ബത്തേരി എക്‌സിക്യൂട്ടീവ് ക്ലബിനായി കഴിഞ്ഞ ലീഗില്‍ അരങ്ങേറ്റം കുറിച്ച അഖിന്‍ ഇവിടെയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും വയനാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ നാസിര്‍ മച്ചാന്‍, വയനാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി.ആര്‍ ബാലകൃഷ്ണന്‍ എന്നിവരുടെയും തന്റെ കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയാണ് തന്റെ മികവിന് പിന്നിലെന്ന് അഖിന്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഇന്ത്യയുടെ ഓപ്പണറായിരുന്ന ഗൗതം ഗംഭീറിനെതിരെയും യുവതാരം ഋശഭ് പന്തിനെതിരെയും പന്തെറിയാനായത് മറക്കാനാവാത്ത അനുഭവമാണെന്നും അഖിന്‍ പറയുന്നു. ഒന്നുമുതല്‍ നാലുവരെ ജി.എല്‍.പി.എസ് കാര്യമ്പാടിയില്‍ പഠിച്ച അഖിന്‍ ഇപ്പോള്‍ പഠനം നടത്തുന്നത് ജി.എച്ച്.എസ്.എസ് പനങ്കണ്ടിയിലാണ്. ഓട്ടോറിക്ഷാ ഡ്രൈവറായ അബ്ദുല്‍ സത്താറിന്റെയും റഹ്മത്തിന്റെയും മകനാണ് ഈ മിടുക്കന്‍. അസിന്‍ സത്താര്‍, അബിന്‍ സത്താര്‍ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."