ഗെയില്‍ സമരം: രാഷ്ട്രീയ പാര്‍ട്ടികള്‍ കളംമാറി; പിന്തുണയില്ലാതെ ഇരകള്‍
അരീക്കോട്: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവൃത്തി ജില്ലയില്‍ പുരോഗമിക്കുന്നു. സര്‍ക്കാരിന്റെ കടുത്ത നിലപാടും നിയമപാലകരുടെ ഭീഷണിയും ആദ്യം പിന്തുണയര്‍പ്പിച്ച നേതാക്കളുടെ കളംമാറ്റവുംകൂടിയായതോടെ ഗെയിലിനെ പ്രതിരോധിക്കാനാകാതെ ഇരകള്‍ നിസഹായരായിരിക്കുകയാണ്.
ഗെയിലിനെതിരേ ജില്ലയില്‍ വിവിധയിടങ്ങളിലായി 13 സമരപ്പന്തലുകളാണ് ഉയര്‍ന്നിരുന്നത്. 2011ല്‍ ആരംഭിച്ച സമരത്തിന് 2015ലാണ് ജനകീയ മുഖം കൈവരിക്കാനായത്. സമരസമിതിയുടെ നേതൃത്വത്തില്‍ പലയിടങ്ങളിലും ചെറുത്തുനില്‍പ് നടത്തിയെങ്കിലും പൊലിസിനെ ഉപയോഗിച്ചു നേരിടുകയായിരുന്നു. കൂടുതല്‍ ചെറുത്തുനില്‍പുണ്ടായതു ജില്ലാ അതിര്‍ത്തിയായ എരഞ്ഞിമാവിലായിരുന്നു. 2017 ഒക്ടോബര്‍ ഒന്നിനു പന്തല്‍ കെട്ടി സമരം ആരംഭിച്ച ഇവിടേക്കു വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പിന്തുണയുമായെത്തിയതോടെ സമരം സംസ്ഥാനതലത്തില്‍ ശ്രദ്ധയാകര്‍ശിച്ചിരുന്നു.
ഒരു മാസം പിന്നിട്ടതോടെ പൊലിസ് സമരപ്പന്തല്‍ പൊളിക്കുകയും വ്യാപകമായ ആക്രമണം നടത്തുകയും നൂറുകണക്കിനാളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് ജില്ലയില്‍ ഗെയില്‍ പ്രവൃത്തിക്കു വേഗതയുണ്ടായത്. സമരത്തില്‍ പങ്കെടുത്തെന്നാരോപിച്ച് പൊലിസ് വീട്ടില്‍ കയറി സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും വീടുകള്‍ ആക്രമിക്കുകയും ചെയ്തതോടെ സമരത്തില്‍നിന്നു നിരവധിയാളുകള്‍ പിന്‍വാങ്ങി.
യു.ഡി.എഫ് ഭരണകാലത്തു സമരത്തിനു മുന്‍പന്തിയിലുണ്ടായിരുന്ന സി.പി.എം, ഭരണമാറ്റത്തോടെ ചുവടുമാറി. പിന്നീട് യു.ഡി.എഫ് നേതാക്കളുടെ പ്രത്യക്ഷ പിന്തുണയോടെയായിരുന്നു സമരം. എന്നാല്‍, ഇപ്പോള്‍ യു.ഡി.എഫും സമരരംഗത്തുനിന്നു പിന്‍മാറിയ മട്ടാണ്. ദേശീയപാത, ഗെയില്‍ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുകയാണ് ലക്ഷ്യമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെയാണ് സി.പി.എം സമരത്തില്‍നിന്നു പിന്തിരിഞ്ഞത്. രാമനാട്ടുകരയിലെ പൊതുയോഗത്തില്‍ സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനും ഇത് ആവര്‍ത്തിച്ചിരുന്നു.
ഗെയില്‍ വിരുദ്ധ സമരത്തിനു നേതൃത്വം നല്‍കുന്നത് മുസ്‌ലിം തീവ്രവാദികളാണെന്ന പ്രസ്താവനയുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവനും രംഗത്തെത്തിയിരുന്നു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഉന്നതരടക്കമുള്ള യു.ഡി.എഫ് നേതാക്കള്‍ എരഞ്ഞിമാവിലെത്തിയിരുന്നെങ്കിലും പതുക്കെ പിന്തിരിഞ്ഞതാണ് ഇപ്പോള്‍ ഇരകള്‍ക്കു വിനയായിരിക്കുന്നത്. എരഞ്ഞിമാവിനു പുറമേ കിഴുപറമ്പ് വാദിനൂര്‍, പൂക്കോട്ടുചോല, കാവനൂരിലെ എലിയാപറമ്പ്, ചെങ്ങര, പുല്‍പ്പറ്റ, പൂക്കോട്ടൂര്‍, പൊന്മള, മരവെട്ടം തുടങ്ങി വിവിധ ഭാഗങ്ങളില്‍ സമരപ്പന്തലുകള്‍ ഉയര്‍ന്നിരുന്നെങ്കിലും ആദ്യം പിന്തുണയര്‍പ്പിച്ചെത്തിയ നേതാക്കള്‍ പിന്മാറിയതോടെ സമരം പരാജയപ്പെടുകയായിരുന്നു. സമരത്തില്‍ പങ്കെടുത്താല്‍ ഭീകര വകുപ്പുകള്‍ ചുമത്തി ജയിലിലടക്കുമെന്ന പൊലിസിന്റെ ഭീഷണിയും സമരത്തില്‍നിന്ന് ആളുകളെ പിന്തിരിപ്പിച്ചു. എരഞ്ഞിമാവ് സമരത്തില്‍ അറസ്റ്റിലായവരെ 20 ദിവസംവരെ റിമാന്‍ഡില്‍വച്ചതോടെ പ്രത്യക്ഷത്തില്‍ സമരം ഇല്ലാതാകുകയായിരുന്നു.
നിലവില്‍ പൈപ്പിടാന്‍ ബാക്കിയുള്ള കാവനൂര്‍, അരീക്കോട്, കിഴുപറമ്പ് പഞ്ചായത്തുകളില്‍ ഉടന്‍തന്നെ പ്രവൃത്തിയാരംഭിക്കുമെന്നാണ് സൂചന. കാവനൂര്‍ പഞ്ചായത്തില്‍ അവസാന വട്ട സര്‍വേയും സ്ഥലം അടയാളപ്പെടുത്തലും ആരംഭിച്ചിട്ടുണ്ട്. കാര്യമായ പ്രതിഷേധമുണ്ടാകുമെന്നു സൂചനയുണ്ടായിരുന്ന പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ പൈപ്പിടല്‍ പ്രവൃത്തി പുരോഗമിക്കുമ്പോഴും എതിര്‍പ്പുയര്‍ന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."