ഭിന്നശേഷിക്കാരുടെ സ്വത്ത്: സബ് രജിസ്ട്രാര്‍മാര്‍ ജാഗ്രത പുലര്‍ത്തണം
മലപ്പുറം: ബുദ്ധിമാന്ദ്യം, ഓട്ടിസം, മസ്തിഷ്‌ക തളര്‍വാദം, മള്‍ട്ടിപ്പ്ള്‍ ഡിസെബിലിറ്റീസ് തുടങ്ങി വൈകല്യങ്ങളുള്ളവരുടെ സ്വത്തു ക്രയവിക്രയം ചെയ്യുമ്പോള്‍ നാഷനല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കണമെന്നു ജില്ലാ കലക്ടര്‍ ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതി അറിയിച്ചു. സബ് രജിസ്ട്രാര്‍മാര്‍ക്കു കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തിയ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ കലക്ടര്‍.
വൈകല്യമുള്ള വ്യക്തികളുടെ കുടുംബസ്വത്തില്‍ അവരുടെ അവകാശം സംരക്ഷിക്കുക, ഓഹരി ഭാഗം വെയ്ക്കുകയും ക്രയവിക്രയം ചെയ്യുക തുടങ്ങിയവ ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ അനുവാദത്തോടെ മാത്രം നടത്തുക, സ്വത്ത് നിയമ വിരുദ്ധമായി ക്രയവിക്രയം ചെയ്ത് അന്യാധീനപ്പെട്ട് പോകുക എന്നിവ തടയുന്നതിനാണു സബ് രജിസ്ട്രാര്‍ ഓഫിസര്‍മാര്‍ക്കു പരിശീലനം നല്‍കിയത്. നാഷനല്‍ ട്രസ്റ്റ് ആക്റ്റിന്റെ സ്റ്റേറ്റ് കോഡിനേറ്റര്‍ ആര്‍. വേണുഗോപാലന്‍ നായര്‍ ക്ലാസെടുത്തു. ജില്ലാതല ലോക്കല്‍ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ വി. ഹംസ, സ്റ്റാറ്റിയൂട്ടറി അംഗം പി.വി പ്രേമ, ജില്ലാ രജിസ്ട്രാര്‍ ആര്‍. അജിത്കുമാര്‍, മുന്‍ ജില്ലാ രജിസ്ട്രാര്‍ വി. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പ്ള്‍ ഡിസെബിലിറ്റീസ് എന്നിവയുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണു നാഷണല്‍ ട്രസ്റ്റ് ആക്ട് ലക്ഷ്യമിടുന്നത്. ഇതു പ്രകാരം ജില്ലാ കലക്ടര്‍ അധ്യക്ഷനായ ലോക്കല്‍ ലെവല്‍ കമ്മിറ്റിയാണ് ഇവര്‍ക്ക് കുടുംബാംഗങ്ങളുടെ അനുവാദത്തോടെ കുടുംബാംഗങ്ങളില്‍ ഒരു വ്യക്തിയെയോ സന്നദ്ധ സംഘടനയെയോ നിയമപരമായ രക്ഷിതാവ് (ലീഗല്‍ ഗാര്‍ഡിയന്‍)നെ നിയമിച്ച് നല്‍കുന്നത്. ജില്ലാ കലക്ടര്‍ക്ക് ലഭിക്കുന്ന അപേക്ഷ അംഗീകൃത ഏജന്‍സിയായ പെരിന്തല്‍മണ്ണ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ 'റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ കൊഗ്നീറ്റീവ് ആന്‍ഡ് കമ്മ്യൂണിക്കബ്‌ലിറ്റി ചലഞ്ച്ഡ്' (റിച്ച്) ന് കൈമാറും. തുടര്‍ന്ന് 'റിച്ച്'ന്റെ പ്രതിനിധികളും ലോക്കല്‍ ലെവല്‍ കമ്മിറ്റി അംഗവും നേരിട്ട് അപേക്ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ച് വില്ലേജ് ഓഫീസറുടെ സക്ഷ്യപത്രത്തോടെയാണു കമ്മിറ്റിയുടെ പരിശോധനയ്ക്ക് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."