സെന്‍കുമാറിനെതിരേയുള്ള കേസില്‍ രേഖകളുടെ ശാസ്ത്രീയപരിശോധന നടത്തണമെന്ന് സര്‍ക്കാര്‍
കൊച്ചി: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുത്ത് നിയമവിരുദ്ധമായി അവധി ആനുകൂല്യങ്ങള്‍ നേടിയെന്നാരോപിച്ച് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ രേഖകളുടെ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹരജി പരിഗണിക്കവെ സെന്‍കുമാറിനെതിരായ കേസ് നടപടിക്രമങ്ങള്‍ പാലിക്കാതെ രജിസ്റ്റര്‍ ചെയ്തതാണെന്ന് സംശയമുണ്ടെന്നും കേസ് നില നില്‍ക്കുമോയെന്നും കോടതി ആരാഞ്ഞു. പരാതിക്കാരനായ സുക്കാര്‍ണോ അയച്ച പരാതി ചീഫ് സെക്രട്ടറി പൊലിസിന് കൈമാറിയതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി സ്റ്റേഷന് ഹൗസ് ഓഫിസറുടെ മുന്നില്‍ ഒപ്പിട്ട് നല്‍കേണ്ടതുണ്ട്. ഇതു പാലിച്ചില്ലെന്നും പരാതിക്കാരനായ സുക്കാര്‍ണോയുടെ പ്രഥമ വിവര മൊഴിയെടുത്തിട്ടില്ലെന്നും ഹരജിക്കാരന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവ പരിഗണിച്ചാണ് കോടതി സംശയം പ്രകടിപ്പിച്ചത്.
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജ് ആശുപത്രിയില്‍നിന്ന് ഡോക്ടറെ കാണാന്‍ സെന്‍കുമാര്‍ എടുത്ത ഒ.പി ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഡോക്ടറുടെയും ഫിസിയോതെറാപ്പിസ്റ്റിന്റെയും കൈയക്ഷരം തുടങ്ങിയവ ഫോറിന്‍സിക് സയന്‍സ് ലാബില്‍ ശാസ്ത്രീയമായി പരിശോധിച്ച് വിലയിരുത്തണം. ഈ സാഹചര്യത്തില്‍ കേസ് റദ്ദാക്കരുതെന്നും ഡി.എസ് സുരേഷ് ബാബുവിന്റെ വിശദീകരണ പത്രികയില്‍ പറയുന്നു. ഹരജി മാര്‍ച്ച് 27ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."