മാണി വിഷയത്തില്‍ ബി.ജെ.പിയില്‍ ഗ്രൂപ്പ് പോര് ശക്തമാകുന്നു
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ എന്‍.ഡി.എയില്‍ കൊണ്ടുവരുന്നതിനെ ചൊല്ലി ആരംഭിച്ച തര്‍ക്കം ബി.ജെ.പിയില്‍ പുതിയ പോര്‍മുഖം തുറന്നു. ഇതോടെ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരും സജീവമായി.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം കെ.എം മാണിയെ സന്ദര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്ന് എന്‍.ഡി.എ നിലപാട് അംഗീകരിക്കുന്നവരെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാല്‍ അഴിമതിക്കാരാണെങ്കിലും അക്രമകാരികളാണെങ്കിലും അവരെ വോട്ടിനായി സമീപിക്കുമെന്ന് ദേശീയ നിര്‍വാഹക സമിതി അംഗവും സംസ്ഥാന ബി.ജെ.പിയിലെ ഒരു ഗ്രൂപ്പിന്റെ നേതാവുമായ വി. മുരളീധരന്‍ പറഞ്ഞതോടെ കെ.എം മാണിയുടെ എന്‍.ഡി.എ പ്രവേശം സംബന്ധിച്ച വിഷയത്തില്‍ രണ്ടഭിപ്രായം ശക്തമാകുകയായിരുന്നു. കെ.എം മാണി കൊള്ളക്കാരനെന്ന അഭിപ്രായമില്ലെന്നും രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയില്ലെന്നും ചെങ്ങന്നൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായ ശ്രീധരന്‍പിള്ള കൂടി പറഞ്ഞതോടെ പാര്‍ട്ടിയില്‍ ഇക്കാര്യത്തിലുള്ള ഗ്രൂപ്പ് പോരാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. കെ.എം മാണിക്ക് എന്‍.ഡി.എയില്‍ വരണമെങ്കില്‍ നിലപാട് മാറ്റേണ്ടിവരുമെന്നും അഴിമതിക്കാര്‍ക്ക് എന്‍.ഡി.എയില്‍ പ്രവേശനമില്ലെന്നും പറഞ്ഞ വി. മുരളീധരന്‍ ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്ന സന്ദേശം കൂടിയാണ് ഔദ്യോഗിക നേതൃത്വത്തിന് നല്‍കുന്നത്. ഇതോടെ കഴിഞ്ഞ കുറച്ചുനാളുകളായി ഏകപക്ഷീമായിരുന്ന ഗ്രൂപ്പ് പ്രവര്‍ത്തനമാണ് ബി.ജെ.പിയില്‍ പരസ്പര പോരിന് വഴിതുറന്നിരിക്കുന്നത്. എം.പി സ്ഥാനലബ്ദിയോടെ ലഭിച്ച പുതിയ കരുത്താണ് മുരളീധര വിഭാഗത്തിന് പോരിനുള്ള ശക്തിനല്‍കിയിരിക്കുന്നത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലും വോട്ട് ലക്ഷ്യമല്ലെന്നു പറയാതെ പറഞ്ഞ് സ്ഥാനാര്‍ഥിയെ തിരുത്തി രംഗത്തെത്തിയിരിക്കുന്ന വി. മുരളീധരന്‍ ഔദ്യോഗിക നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മാണിയുടെ വോട്ട് വേണ്ടെന്നും മാണി അഴിമതിക്കാരനാണെന്നുമുള്ള പ്രഖ്യാപനം നടത്തി ഔദ്യോഗിക നേതൃത്വത്തിന്റെ ഒരു നീക്കത്തെ പാടെ തകര്‍ക്കുകയാണ് മുരളീധരന്‍ ചെയ്തിരിക്കുന്നത്.
ബി.ജെ.പി അഭിമാനപോരാട്ടമായി വിലയിരുത്തുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തെയെങ്കിലും വോട്ട് നേടാനായില്ലെങ്കില്‍ അത് കഴിവുകേടായി ചിത്രീകരിച്ച് സംസ്ഥാന നേതൃത്വത്തില്‍പോലും മാറ്റമുണ്ടാക്കുന്നതിനുള്ള ശ്രമമാണ് ഇതിനുപിന്നില്‍ നടക്കുന്നതെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."