പരിവര്‍ത്തിത ക്രൈസ്തവ സംവരണം കേന്ദ്രറിപ്പോര്‍ട്ട് ലഭിച്ചശേഷം പരിഗണിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പരിവര്‍ത്തിത ക്രൈസ്തവരുടെ സംവരണ തോത് ഉയര്‍ത്തണമെന്ന ആവശ്യം ശാസ്ത്രീയ പഠനത്തിന് ശേഷമെ പരിഗണിക്കാനാവൂവെന്ന് മന്ത്രി എ.കെ ബാലന്‍. സണ്ണിജോസഫിന്റെ ഉപക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിഭാഗങ്ങളില്‍നിന്ന് ക്രിസ്തുമതം സ്വീകരിച്ച ഇവര്‍ക്ക് പട്ടികജാതിക്കാര്‍ക്ക് അനുവദനീയമായ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. എന്നാല്‍ ഈ വിഭാഗത്തെ പിന്നാക്ക വിഭാഗ പട്ടികയിലാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സമുദായം തിരിച്ചുള്ള സെന്‍സസ് പ്രകാരമുള്ള കണക്കുകള്‍, സാമൂഹ്യവിദ്യാഭ്യാസ പിന്നാക്കാവസ്ഥ എന്നിവ പരിഗണിച്ചുവേണം ഇവരുടെ സംവരണം സംബന്ധിച്ച തീരുമാനമെടുക്കാന്‍. 2011ലെ സെന്‍സസിന്റെ ഭാഗമായെടുത്ത സാമൂഹ്യ സാമ്പത്തിക സെന്‍സസിലെ സമുദായം തിരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് ലഭ്യമാക്കിയിട്ടില്ല. പുതിയ റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറക്ക് മാത്രമെ സംവരണം സംബന്ധിച്ച് മറ്റ് തീരുമാനങ്ങള്‍ കൈക്കൊള്ളാനാവുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍വിസില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ രണ്ട് ശതമാനവും മറ്റ് തസ്തികകളില്‍ ഒരു ശതമാനവുമാണ് നിലവില്‍ സംവരണം അനുവദിച്ചിട്ടുള്ളത്. ഇതിന് പുറമെ പ്രാഫഷനല്‍ വിദ്യാഭ്യാസം, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ പ്രവേശനം എന്നിവയ്ക്ക് മറ്റ് പിന്നാക്ക ക്രിസ്ത്യാനികള്‍ എന്ന ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി ഒരു ശതമാനം വിദ്യാഭ്യാസ സംവരണവും നിലവില്‍ അനുവദിക്കുന്നുണ്ട്.
പ്രത്യേക പിന്നാക്കാവസ്ഥ പരിഗണിച്ച് ഈ വിഭാഗത്തിന് മാത്രമായി സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം കോര്‍പറേഷന്‍ 3691 പേര്‍ക്ക് 15.83 കോടി രൂപ വായ്പ അനുവദിച്ചു.
കോര്‍പറേഷന്‍ വഴി 2729 വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ മേഖലയിലെ പ്രോല്‍സാഹന സമ്മാനമായി 49.88 ലക്ഷം രൂപയും നല്‍കി. 2018-19 വര്‍ഷത്തില്‍ ബിരുദം കഴിഞ്ഞ പത്ത് സമര്‍ഥരായ കുട്ടികള്‍ക്ക് സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയില്‍ സിവില്‍ സര്‍വിസ് പരീക്ഷയ്ക്ക് പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കും. കോഴ്‌സ് ഫീസിന്റെ 90 ശതമാനവും ഹോസ്റ്റല്‍ ഫീസായി 4000 രൂപ വീതവും ആവശ്യാനുസരണം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."