ഓഖി ദുരന്തത്തില്‍ കാണാതായത് 91 പേരെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായത് 91 പേരെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. ദുരന്തത്തില്‍ 52 പേര് മരിച്ചു. 102 പേരെ കാണാതായെന്ന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ ആറു പേര് കന്യാകുമാരി ജില്ലക്കാരാണ്. ഇവരുടെ എഫ്.ഐ.ആര് പൊലിസ് തമിഴ്നാടിന് കൈമാറി. ശേഷിക്കുന്നവരില്‍ മൂന്നു പേര് ഓഖി ദുരന്തത്തിന് മൂന്ന് മാസം മുമ്പെ കാണാതായവരാണ്. മറ്റ് രണ്ടുപേര്‍ മൂന്നു വര്‍ഷം മുമ്പ് കാണാതായവരാണ്. ബാക്കിയുള്ള 91 പേര്‍ക്ക് നഷ്ട പരിഹാരത്തുക നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍പെട്ട ബോട്ടുകളിലധികവും 50 കിലോ മീറ്റര്‍ മുതല്‍ 70 കിലോ മീറ്റര്‍ വരെ കടലില്‍ പോയവരാണ്. 33 കിലോ മീറ്റര്‍ മാത്രമേ കടലില്‍ പോകാവൂ എന്ന നിബന്ധനയുള്ളപ്പോഴാണിത്. ചെറു വള്ളങ്ങള്‍ പോലും പരിധി ലംഘിച്ച് പോവുന്നു. കപ്പല്‍ ചാലുകളില്‍ വരെ പോകുന്ന ബോട്ടുകളുണ്ട്. ഇതാണ് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നത്. ഇതടക്കം പരിഗണിച്ചാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓഖിക്ക് മുമ്പ് തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും തൊഴിലാളികള്‍ ഉപയോഗിച്ചിരുന്നില്ല എന്നതാണ് വസ്തുത. സുരക്ഷയുടെ ഭാഗമായി 15,000 മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."