സ്ത്രീയും പുരുഷനും തുല്യരെന്ന് സഊദി കിരീടാവകാശി
റിയാദ്: സ്ത്രീയും പുരുഷനും പൂര്‍ണാര്‍ഥത്തില്‍ തുല്യരാണെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. യു.എസ് ചാനലായ സി.ബി.എസ് നടത്തിയ '60 മിനുട്ട്‌സ് ' എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സഊദിയുടെ എല്ലാ മേഖലയിലുമുള്ള നിലപാട് വ്യക്തമാക്കുന്നതായിരുന്നു അഭിമുഖം. മരണത്തിനു മാത്രമേ തന്നെ അധികാരത്തില്‍നിന്നു താഴെയിറക്കാനാകൂവെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയതാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.
സ്ത്രീകളുടെ കാര്യത്തില്‍ തനിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും സ്ത്രീ-പുരുഷ നയത്തില്‍ തുല്യപങ്കാളിത്തമാണ് താന്‍ ആഗ്രഹിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും മനുഷ്യരാണെന്നും പ്രത്യേക വ്യത്യാസങ്ങള്‍ ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരുഘട്ടത്തില്‍ സഊദിയില്‍ തനിക്ക് മുന്‍പുള്ള ആളുകള്‍ യാഥാസ്ഥിതിക ചിന്തയില്‍ വളരെ അസ്വസ്ഥരായിരുന്നു. ഇത് മുസ്‌ലിംകളല്ലാത്തവരുടെയും സ്ത്രീകളുടെയും സാമൂഹിക ജീവിതത്തെ അസ്വസ്ഥമാക്കുകയും അടിസ്ഥാന അവകാശങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരേ കടുത്ത ആരോപണങ്ങളാണ് കിരീടാവകാശി ഉന്നയിച്ചത്. ഇറാന്‍ ഭീതിതമായ നയങ്ങളാണ് തുടരുന്നത്. ശുദ്ധമായ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാന്‍ ഭരണകൂടം നിലനില്‍ക്കുന്നത്. അല്‍ഖാഇദ പ്രവര്‍ത്തകരില്‍ പലര്‍ക്കും ഇറാന്‍ സംരക്ഷണം നല്‍കിയിട്ടുണ്ട്. ഉസാമ ബിന്‍ലാദന്റെ മകനടക്കമുള്ള ഭീകരരെ അമേരിക്കക്കു കൈമാറണമെന്ന ആവശ്യത്തോട് ഇറാന്‍ ഭരണകൂടം പുറംതിരിഞ്ഞു നില്‍ക്കുകയാണ്. ഇറാന്‍ നാസി ഭരണമാണ് തുടരുന്നത്. ആയത്തുല്ല അലി ഖാംനഇ ആധുനിക ഹിറ്റ്‌ലറാണ്. ഇറാന്‍ ആണവായുധം കൈവശപ്പെടുത്തിയാല്‍ തൊട്ടടുത്ത നിമിഷം തന്നെ സഊദിയും അതു സ്വന്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."