ആഫ്രീനില്‍ തുര്‍ക്കി സഖ്യസേനയുടെ പകല്‍ക്കൊള്ള
ദമസ്‌കസ്: വടക്കന്‍ സിറിയന്‍ നഗരമായ ആഫ്രീനില്‍ തുര്‍ക്കി-വിമതസൈന്യങ്ങള്‍ പരസ്യമായി കൊള്ള നടത്തുന്നതായി ആരോപണം. ഇവിടെയുള്ള കെട്ടിടങ്ങളിലും വീടുകളിലുമുള്ള സ്വത്തുക്കളാണു സംഘം കൊള്ളയടിക്കുന്നത്. ഇവിടത്തെ വിവിധ കടകള്‍ക്കു പുറമെ കുര്‍ദ് സൈന്യത്തിന്റെ ഭരണ-സൈനിക ആസ്ഥാനത്തും തുര്‍ക്കി-വിമത സംയുക്ത സൈനികര്‍ തിരച്ചില്‍ നടത്തിയതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് അറിയിച്ചു.
ഞായറാഴ്ചയാണ് ആഫ്രീനില്‍നിന്ന് കുര്‍ദ് സൈന്യമായ വൈ.പി.ജിയുടെ പോരാളികളെ തുര്‍ക്കി-ഫ്രീ സിറിയന്‍ ആര്‍മി എന്നിവ ചേര്‍ന്നു തുരത്തിയത്. തുടര്‍ന്ന് നഗരത്തിന്റെ പൂര്‍ണനിയന്ത്രണം വരുതിയിലാക്കുകയായിരുന്നു. ഇവിടത്തെ കുര്‍ദ് സ്മാരകങ്ങളും പ്രതിമകളും സംഘം ജെ.സി.ബി ഉപയോഗിച്ചു തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിനിടെ, ആഫ്രീനില്‍ തുര്‍ക്കി സൈന്യം അധികനാള്‍ കഴിയില്ലെന്നും ഉടന്‍ തന്നെ തിരിച്ചുപോരുമെന്നും തുര്‍ക്കി അറിയിച്ചു. 'പൂര്‍ണമായി ഭീകരവിമുക്തമാക്കിക്കഴിഞ്ഞാല്‍ നഗരം അതിന്റെ യഥാര്‍ഥ അവകാശികള്‍ക്കു കൈമാറുമെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി ബെകിര്‍ ബോസ്ദാഗ് പറഞ്ഞു. എന്നാല്‍, കുര്‍ദ് അധീനതയിലുള്ള കിഴക്കന്‍ മേഖലയിലെ അതിര്‍ത്തിപ്രദേശങ്ങളിലേക്കും സൈനിക നടപടി വ്യാപിപ്പിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."