ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിംകോടതി സ്റ്റേ ചെയ്തു ഖാലിദ സിയക്ക് വീണ്ടും തിരിച്ചടി
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ജാമ്യമനുവദിച്ച് ദിവസങ്ങള്‍ക്കകമാണ് സിയയുടെ രാഷ്ട്രീയഭാവി തുലാസിലാക്കി സുപ്രിംകോടതി ജയില്‍മോചനം തടഞ്ഞത്. നിലവില്‍ അഴിമതി കേസില്‍ അഞ്ചു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് സിയ.
ഇക്കഴിഞ്ഞ 12ന് ധാക്കയിലെ ഹൈക്കോടതി അവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും തൊട്ടുപിറകെ മറ്റൊരു കേസില്‍ അവര്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെ അവരുടെ മോചനം പ്രതിസന്ധിയിലായിരുന്നു. ഇതിനു പിറകെയാണ് ഉന്നതകോടതിയുടെ ഉത്തരവ് പുറത്തുവന്നത്. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് 72കാരിയായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി(ബി.എന്‍.പി) നേതാവ് ജയിലിലടക്കപ്പെട്ടത്. ഭര്‍ത്താവും ബംഗ്ലാദേശ് മുന്‍ പ്രസിഡന്റുമായ സിയാവുറഹ്മാന്റെ പേരില്‍ ആരംഭിച്ച അനാഥ ട്രസ്റ്റിനു വിദേശത്തുനിന്നു ലഭിച്ച രണ്ടര ലക്ഷം ഡോളറിന്റെ സംഭാവന വകമാറ്റി ചെലവഴിച്ചുവെന്നാണ് അവര്‍ക്കെതിരായ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."