പരപ്പക്കാര്‍ ചോദിക്കുന്നു, എന്നെങ്കിലും ശരിയാകുമോ...
പരപ്പ: മലയോര മേഖലയിലെ പ്രധാന ടൗണുകളിലൊന്നായ പരപ്പ അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. ദിവസവും ആയിരക്കണക്കിനു ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന ഇവിടെ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായുള്ളതാണ്. വില്ലേജ് ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി, പോസ്റ്റ്ഓഫിസ് തുടങ്ങിയ ഇടങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വലയുകയാണ്.
300 ലധികം കച്ചവട സ്ഥാപനങ്ങളും അഞ്ചിലധികം ധനകാര്യ സ്ഥാപനങ്ങളുമുള്ള ഇവിടെ പാര്‍ക്കിങ് സൗകര്യമില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. 200 ലധികം ബസുകള്‍ ഇതുവഴി സര്‍വിസ് നടത്തുന്നുണ്ട്. എന്നാല്‍ ബസ് സ്റ്റാന്‍ഡ് എന്നത് പരപ്പക്കാര്‍ക്ക് സ്വപ്നമായി നില്‍ക്കുകയാണ്. ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിനായി സ്‌കൂളിനു പുറകില്‍ 60 സെന്റ് സ്ഥലം സ്വകാര്യ വ്യക്തികള്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്തിനു സൗജന്യമായി നല്‍കിയിരുന്നു. മണ്ണ് നീക്കി സ്ഥലം നിരപ്പാക്കിയെങ്കിലും ബസ്‌സ്റ്റാന്റ് നിര്‍മാണം മാത്രം നടന്നില്ല. പ്രസ്തുത സ്ഥലം ബസ്‌സ്റ്റാന്റിനു അനുയോജ്യമല്ലെന്നു പറഞ്ഞാണ് നിര്‍മാണം നീട്ടിക്കൊണ്ടു പോകുന്നത്. ഇപ്പോള്‍ ബസുകള്‍ റോഡരികിലാണ് പാര്‍ക്ക് ചെയ്യുന്നത്. 500 ലധികം ഓട്ടോറിക്ഷകളും 300 ലധികം മറ്റു വാഹനങ്ങളുമുള്ള പരപ്പയില്‍ പാര്‍ക്കിങ്ങിനാവശ്യമായ സൗകര്യമൊരുക്കണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ടൗണില്‍ പലപ്പോഴും വൈദ്യുതിയില്ലാത്ത സ്ഥിതിയാണുള്ളത്. രാജപുരം, ഭീമനടി, ചോയ്യംകോട് സെക്ഷനുകളുടെ കീഴിലാണ് പരപ്പ. പലപ്പോഴും വൈദ്യുതി നിലച്ചാല്‍ പരസ്പരം പഴിചാരി വൈദ്യുത തടസം നീക്കാത്ത സ്ഥിതിയുമുണ്ട്.
ഈ സെക്ഷനുകള്‍ വിഭജിച്ച് പരപ്പ കേന്ദ്രമായി പുതിയ സെക്ഷന്‍ ആരംഭിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായുണ്ട്. വേനല്‍ക്കാലമായാല്‍ കുടിവെള്ളത്തിനും ക്ഷാമമാണ്. വെള്ളരിക്കുണ്ട് താലൂക്കിലനുവദിച്ച ആര്‍.ടി ഓഫിസ് പരപ്പയില്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. ഇക്കാര്യം ഉന്നയിച്ച് സര്‍വകക്ഷി സമിതി റവന്യൂ മന്ത്രി ഇ.ചന്ദ്രരശേഖരനു നിവേദനവും നല്‍കി. പരപ്പയുടെ സമഗ്ര വികസനം സാധ്യമാകണമെങ്കില്‍ പരപ്പ ആസ്ഥാനമായി പുതിയ പഞ്ചായത്തെന്ന ആവശ്യവും ശക്തമാണ്. പരപ്പ കേന്ദ്രമായി കഴിഞ്ഞ തവണ പഞ്ചായത്ത് അനുവദിച്ചിരുന്നെങ്കിലും വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച പ്രശ്‌നങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തു പുതുതായി അനുവദിച്ച മുഴുവന്‍ പഞ്ചായത്തുകളും റദ്ദുചെയ്തപ്പോള്‍ അതില്‍ പരപ്പയും ഉള്‍പ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."