സഊദി- യുഎസ് ബന്ധം പുതിയ തലത്തിലേക്ക്; ട്രംപുമായുള്ള കിരീടാവകാശിയുടെ കൂടിക്കാഴ്ച ഇന്ന്
ജിദ്ദ: അമേരിക്കയുമായുള്ള സഊദിയുടെ നല്ല ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നു വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കും. സഊദിയുമായുള്ള അമേരിക്കയുടെ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള തയ്യാറെടുപ്പാണ് യുഎസ്സില്‍ നടക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
വിപുലമായ സ്വീകരണ പരിപാടികളാണ് സഊദി കിരീടാവകാശിക്കായി അമേരിക്കയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്നു നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാന്‍, സിറിയ തുടങ്ങിയ രാഷ്ട്രീയ പ്രശ്‌നങ്ങളും നിക്ഷേപം, വ്യാപാരം തുടങ്ങിയ സാമ്പത്തിക വിഷയങ്ങളും ചര്‍ച്ചയാവുമെന്നാണ് വിലയിരുത്തല്‍.
ഇറാനുമായുള്ള അന്താരാഷ്ട്ര ആണവ കരാറില്‍നിന്ന് പിന്‍മാറുന്ന കാര്യവും മേഖലയിലെ ഇറാന്റെ ഇടപെടല്‍ നിയന്ത്രിക്കുന്ന കാര്യവും ചര്‍ച്ചയില്‍ വിഷയമാവുമെന്ന് സൗഉദിയു.എസ് വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.
യമനിലെ ഹൂത്തികളെ ചര്‍ച്ചയ്ക്ക് പ്രേരിപ്പിക്കുക, പലസ്തീന്‍-ഇസ്രായേല്‍ സമാധാന ചര്‍ച്ചകള്‍ പുനസ്ഥാപിക്കുക, മേഖലയില്‍നിന്ന് ഭീകരവാദം തുടച്ചുനീക്കുക തുടങ്ങിയ കാര്യങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്യും.
ഇതോടൊപ്പം കഴിഞ്ഞ ഏതാനും മാസമായി സഊദിയില്‍ നടക്കുന്ന സാമൂഹിക-സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് ട്രംപിനെ അദ്ദേഹം ധരിപ്പിക്കും. ട്രംപിനു പുറമെ, മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങള്‍, നിക്ഷേപകര്‍ തുടങ്ങിയവരുമായും കിരീടാവകാശി കൂടിക്കാഴ്ചകള്‍ നടത്തും.
സിലിക്കണ്‍ വാലി, സീറ്റില്‍ എന്നിവിടങ്ങളില്‍ വച്ച് പ്രധാന യുഎസ് കമ്പനികളുടെ സിഇഒമാരുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. ന്യുയോര്‍ക്ക്, ബോസ്റ്റണ്‍, ഹൂസ്റ്റണ്‍ എന്നിവിടങ്ങളിലും മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം സഊദിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമായതായാണ് വിലയിരുത്തപ്പെടുന്നത്. ഇതു രണ്ടാം തവണയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.
അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിനു ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ യാത്ര സഊദിയിലേക്കായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."