39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന വിവരമറിയിച്ചതിന് ആറുമാസം തടവിലിട്ടു: തനിക്കെതിരായ കേസ് ഇപ്പോഴെങ്കിലും പിന്‍വലിക്കണമെന്ന ആവശ്യവുമായി ഹര്‍ജിത് മാസിഹ്
ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 പേരും കൊല്ലപ്പെട്ടുവെന്ന് അന്നു തന്നെ വിവരം നല്‍കിയ യുവാവുണ്ടായിരുന്നു. ഹര്‍ജിത് മാസിഹ്. വെറുതെ പറഞ്ഞതല്ല, 2015 ല്‍ ഐ.എസ് ഭീകരരില്‍ നിന്ന് രക്ഷെപ്പെട്ട് ഇന്ത്യയിലെത്തിയ ഉടനെയായിരുന്നു ഹര്‍ജിത്ത് മാസിഹ് വിദേശകാര്യ മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ പിന്നീടുണ്ടായ സംഭവങ്ങള്‍ ഹര്‍ജിത്തിനെ ഞെട്ടിപ്പിച്ചു. ഇക്കാര്യം പറഞ്ഞ കാരണത്താല്‍ മാത്രം ആറു മാസം തടവിലിട്ടു. ''ഞാന്‍ വിചാരിക്കുന്നത് സര്‍ക്കാരിന് ഇതേപ്പറ്റി അറിമായിരുന്നുവെന്നാണ്. എന്നാല്‍ രാഷ്ട്രീയ കാരണങ്ങള്‍ അതു പുറത്തുപറഞ്ഞില്ല. ബംഗ്ലാദേശില്‍ നിന്നുള്ളവരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു''- ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിമാണ് താനെന്നു പറഞ്ഞ് ഐ.എസില്‍ നിന്നു രക്ഷപ്പെട്ട ഹര്‍ജിത് പറയുന്നു.
2015 ല്‍ മൊസൂളില്‍ നിന്ന് ഐ.എസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് സുഷമാ സ്വരാജ് രാജ്യസഭയില്‍ അറിയിച്ചതിനു പിന്നാലെയാണ് ഹര്‍ജിത്ത് രംഗത്തെത്തിയത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഹര്‍ജിത്തിനെതിരെ കേസെടുത്തത്. 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഹര്‍ജിത്ത് കെട്ടിച്ചമച്ചതാണെന്നു പറഞ്ഞായിരുന്നു കേസ്. പിന്നീട് തടവിലാവുകയും ചെയ്തു. ഇപ്പോള്‍ ജാമ്യത്തിലാണിയാള്‍. കൊല്ലപ്പെട്ടുവെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക് തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് ഹര്‍ജിത്ത് പറഞ്ഞു.
ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്നാണ് സുഷമ സഭയില്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍, കണ്ടെത്തിയ മൃതദേഹങ്ങളോ അവശിഷ്ടങ്ങളോ ബന്ധുക്കള്‍ക്ക് എത്തിച്ചുകൊടുക്കണമെന്നും ഹര്‍ജിത്ത് ആവശ്യപ്പെട്ടു.
2015 ജൂണ്‍ 15ന് തടഞ്ഞുവച്ച് നാലോ അഞ്ചോ ദിവസത്തിനു ശേഷം ഒരു കുന്നില്‍ മുകളില്‍ കൊണ്ടുപോയി. എല്ലാവരോടും വരി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് ഒരു വശത്തുനിന്ന് വെടിയുതിര്‍ക്കാന്‍ തുടങ്ങി. തന്റെ വലത്തേ കാലിന് വെടിയേറ്റു. മരിച്ചെന്നു കരുതി ഭീകരര്‍ അവിടെ വിട്ടുപോയി. അവര്‍ പോയ ശേഷം രക്ഷപ്പെടുകയായിരുന്നു- ഹര്‍ജിത്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു.
എന്നാല്‍, ഹര്‍ജിത്ത് രക്ഷപ്പെട്ടു വന്നതാണെന്ന വാദവും മറ്റുള്ളവര്‍ കൊല്ലപ്പെട്ടുവെന്ന കാര്യവും കള്ളമാണെന്നായിരുന്നു സുഷമ പിന്നീട് സഭയില്‍ പറഞ്ഞത്.
പഞ്ചാബിലെ ഗുരുദാസ്പൂര്‍ സ്വദേശിയാണ് ഹര്‍ജിത്ത് മാസിഹ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."