ന്യൂനപക്ഷങ്ങളുടെ ജീവിതം അരക്ഷിതാവസ്ഥയില്‍: ആര്‍.ബി ശ്രീകുമാര്‍
കാസര്‍കോട്: ബി.ജെ.പി ഭരണം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ജീവിതം അരക്ഷിതാവസ്ഥയിലാക്കിയിരിക്കുന്നുവെന്ന് ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ പറഞ്ഞു.
ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലചെയ്ത ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് മുഅദ്ദീന്‍ കെ.എസ് റിയാസ് മുസ്‌ലിയാര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബി.ജെ.പി ഭരണത്തില്‍ ജനങ്ങള്‍ അസന്തുഷ്ടരാണ്. വര്‍ഗീയ ഫാസിസം ന്യൂനപക്ഷങ്ങളുടെ ജീവിതം അരക്ഷിതാവസ്ഥയിലാക്കിയിരിക്കുന്നു.
കേരളത്തിലെ സി.പി.എമ്മിന്റെ ഭരണം താഴെതട്ട് മുതല്‍ നിയന്ത്രിക്കുന്നത് പാര്‍ട്ടി കേഡര്‍മാരാണ്. സി.പി.എം ഭരണത്തിലെത്തുമ്പോള്‍ പ്രത്യയശാസ്ത്രത്തിന്റെ ഈ ദൂഷ്യവശം ജനാധിപത്യത്തിന് ഹാനികരമാവുകയാണ്.
കേരളത്തില്‍ ആര്‍.എസ്.എസ്-സി.പി.എം കൊലപാതക രാഷ്ട്രീയം വലിയ ക്രമസമാധാന പ്രശ്‌നമായി വളര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് പൊലിസിന് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതസൗഹാര്‍ദ്ദത്തിന്റ കാര്യത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. കേരളത്തില്‍ ഇസ്‌ലാമിന്റെ സ്വാധീനം സാമൂഹ്യപരവും വാണിജ്യപരവും ആത്മീയപരവുമായിരുന്നു. ഇത് സംസ്ഥാനത്തിന്റെ പുരോഗതിക്ക് വലിയ പങ്കു വഹിച്ചിട്ടുണ്ട്.
എന്നാല്‍ ഇവിടുത്തെ സാമുദായിക അന്തരീക്ഷം കലുഷിതമാക്കാന്‍ ചില സംഘടനകള്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മിരടക്കമുള്ള ചില സംസ്ഥാനങ്ങളുടെ പ്രശ്‌നം അതീവ ഗുരുതരമാണ്.
തീവ്രവാദ സംഘടനകളുടെ ഇടപെടലും ഭരണകൂടത്തിന്റെ അതിക്രമങ്ങളും വലിയ പ്രശ്‌നമാണ് കശ്മിരടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുന്നത്.
ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള ഇത്തരം നടപടികള്‍ക്ക് വലിയ വിലനല്‍കേണ്ടിയും വരുന്നു.
സംസ്ഥാനത്തെ ജനങ്ങള്‍ രാജ്യത്തിനെതിരാകുന്ന സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."