നോക്കുകൂലിക്കും കൊടികുത്തലിനും സി.ഐ.ടി.യു എതിരെന്ന് എളമരം കരീം
കോഴിക്കോട്: കൊടികുത്തലിനും നോക്കുകൂലിക്കും എതിരായ നിലപാടാണ് സി.ഐ.ടിയു സ്വീകരിക്കുന്നതെന്നും ഇത്തരം തെറ്റായ പ്രവണതയെ ഒഴിവാക്കാന്‍ തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുമെന്ന് മുന്‍ മന്ത്രിയും ട്രേഡ് യൂനിയന്‍ നേതാവുമായ എളമരം കരീം. സി.ഐ.ടി.യു അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോക്കുകൂലി സംഭവത്തില്‍ എല്ലാ ട്രേഡ് യൂനിയനുകളും ഒരേ കാഴ്ചപ്പാടോടെ രംഗത്തു വന്നിട്ടില്ല.
എല്ലാ തൊഴിലാളി സംഘടനകളും ഇക്കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കുകയും സര്‍ക്കാര്‍ കര്‍ശനമായി നിയമം നടപ്പാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോക്കുകൂലി തെറ്റായ പ്രവണതയാണ്. അതിനെതിരേ തൊഴിലാളി സംഘടനകളുടെ യോഗങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ട്.
എന്നാല്‍ ഭൂരിഭാഗം തൊഴിലാളികളെയും ഇത്തരക്കാരായി കാണരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കൊടികുത്തല്‍ രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അതാണ് സി.ഐ.ടി.യുവിന്റെ നയമെന്നും എളമരം കരീം പറഞ്ഞു. പുതുപ്പാടിയില്‍ പാര്‍ട്ടി അനുഭാവികള്‍ കൊടികുത്തിയത് പാര്‍ട്ടി ഇടപെട്ട് എടുപ്പിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ കാര്യങ്ങളെ നിയമ വിരുദ്ധമായ രീതിയില്‍ നേരിടരുതെന്നാണ് നയം. ഇത്തരം കാര്യങ്ങളില്‍ കൈയൂക്കും മുഷ്‌കും കാണിക്കരുത്. കീഴാറ്റൂരില്‍ സമരക്കാരെ കഴുകന്മാര്‍ എന്ന് മന്ത്രി വിശേഷിപ്പിച്ചതിനോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."