വി.മുരളീധരന്റെ രാജ്യസഭാംഗത്വം : ബി.ജെ.പി സംസ്ഥാന ഘടകം പൊട്ടിത്തെറിയുടെ വക്കില്‍
പാലക്കാട്: ഗ്രൂപ്പ് സമവാക്യങ്ങളെ മറികടന്ന് മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭാംഗമായ വി.മുരളീധരനെതിരേ ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ പടയൊരുക്കം.
സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ അമിത്ഷായെ നിരന്തരം ബന്ധപ്പെട്ട് മുരളീധരന്‍ രാജ്യസഭാ സീറ്റ് ഒപ്പിച്ചെടുക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന സീറ്റ് മുരളീധരന്‍ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കുമ്മനം രാജശേഖരന്‍, ശ്രീധരന്‍ പിള്ള, പി.കെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ നിലപാട്. പല മുതിര്‍ന്ന നേതാക്കളും വി.മുരളീധരന്റെ സ്ഥാനലബ്ധിയില്‍ അസന്തുഷ്ടരാണ്. ഇക്കാര്യം കുമ്മനം കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് മുരളീധരന്‍ കഴിഞ്ഞദിവസം കെ.എം മാണിയോടുള്ള കുമ്മനത്തിന്റെ നിലപാട് തള്ളി പരസ്യമായി രംഗത്തെത്തിയത്. മാണിയെ എന്‍.ഡി.എയിലെത്തിക്കാന്‍ ഏറെ നാളായി കുമ്മനവും ശ്രീധരന്‍പിള്ളയും കഠിനപ്രയത്‌നം നടത്തിവരികയായിരുന്നു. ഇത് മനസ്സില്‍വച്ചാണ് മുരളീധരന്റെ പ്രസ്താവന.
അതേസമയം, മുരളീധരന് രാജ്യസഭാ സീറ്റ് കേന്ദ്രനേതൃത്വം പാര്‍ട്ടിയെ അപമാനിക്കുകയാണ് ചെയ്തതെന്ന് ഒരു പ്രമുഖ സംസ്ഥാന കമ്മിറ്റിയംഗം സുപ്രഭാതത്തോട് പറഞ്ഞു. ബി.ജെ.പി സംസ്ഥാന ഘടകത്തെ ഏറെ പ്രതിസന്ധിയിലാക്കിയ മെഡിക്കല്‍കോളജ് കോഴവിവാദത്തില്‍ മുരളീധര പക്ഷത്തിനുമേല്‍ സംശയത്തിന്റെ നിഴല്‍ നിറഞ്ഞുനിന്നിരുന്നു. ഇത് പരിഗണിക്കാതെ അഴിമതിക്കാരെയും പാര്‍ട്ടിയെ വിറ്റുതിന്നുന്നവരേയുമാണ് ദേശീയ നേതൃത്വം പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലെ പുതിയ തര്‍ക്കങ്ങളും നീക്കങ്ങളും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയും നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്. മാണിയെ തള്ളിപ്പറഞ്ഞ വിഷയത്തില്‍ വി.മുരളീധരനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഒറ്റപ്പെടുന്നതായാണ് സൂചന. അതേസമയം, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ളയും മുരളീധരന്റെ നിലപാടിനെ തള്ളി. അദ്ദേഹം മാണിയെ പരസ്യമായി എന്‍.ഡി.എയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അഴിമതിക്കാരെ എന്‍.ഡി.എയില്‍ എടുക്കാന്‍ താല്‍പര്യമില്ലെന്നാണ് മുരളീധരന്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും തള്ളിക്കളഞ്ഞു. ഇതോടെ പുതിയ തന്ത്രം പരീക്ഷിക്കാനൊരുങ്ങുകയാണ് മുരളീധരന്‍. ഇതിനിടെ ചെങ്ങന്നൂരില്‍ മുരളീധരന്‍ പ്രചാരണം നടത്തേണ്ടെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടതും പ്രശ്‌നത്തിന്റെ കടുപ്പം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെയും പ്രചാരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."