ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനര്‍ഹര്‍ക്ക് ലഭിച്ചിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍പ്പ് വിതരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അനര്‍ഹര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇതുസംബന്ധിച്ച പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്താന്‍ ക്രൈം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൃത്രിമം കണ്ടെത്തിയ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യരുതെന്ന് ന്യൂനപക്ഷ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാരംഭഘട്ടത്തില്‍ തന്നെ ക്രമക്കേടു കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ അനര്‍ഹര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ലെന്നും വി.ഡി സതീശന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
പരാതിയില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ത്വരിതഗതിയില്‍ അന്വേഷണം നടത്തിവരിയാണ്. ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരിക്കുന്നത്.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മുഖേന പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കാണ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഇതിനുള്ള അപേക്ഷ അടക്കമുള്ള മുഴുവന്‍ കാര്യങ്ങളും ഓണ്‍ലൈന്‍ മുഖേനയാണ് നടത്തുന്നത്. എന്നാല്‍ ഈ പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയതായി മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരാതി നല്‍കി. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിമാര്‍ക്ക് അപേക്ഷ പരിശോധിക്കുന്നതിനും സ്‌കോളര്‍ഷിപ്പ് പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുന്നതിനും യൂസര്‍ ഐഡിയും പാസ് വേര്‍ഡും നല്‍കിയിട്ടുണ്ട്. ഇപ്രകാരം സ്ഥാപന മേധാവികള്‍ നടത്തിയ പരിശോധനയില്‍ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവിടെ പഠിക്കാത്ത വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കണ്ടെത്തി. ചില അപേക്ഷകള്‍ സ്ഥാപനമേധാവിയുടെ അറിവു സമ്മതമോ കൂടാതെ മറ്റേതോ വ്യക്തികള്‍ കൃത്രിമമായ മാര്‍ഗങ്ങളിലൂടെ വെരിഫിക്കേഷന്‍ നടത്തിയിരിക്കുന്നതായാണ് കണ്ടെത്തിയത്. അവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്റ്റേറ്റ് ലെവല്‍ വെരിഫിക്കേഷന്‍ നടത്തുകയും കൂടുതല്‍ സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം നടത്തിവരികയാണ്. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച മൊബൈല്‍ നമ്പറുകള്‍ പശ്ചിമബംഗാള്‍ സ്വദേശികളുടേതാണെന്ന് സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരാരും മേല്‍പറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരല്ല എന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."