കുറ്റവാളികള്‍ ജനപ്രതിനിധികളാവുമ്പോള്‍
ഭാരതം പലതിലും ലോകത്തിനു മാതൃകയാണ്. ഇന്ത്യയും പാകിസ്താനും ഒരുമിച്ച് സ്വാതന്ത്ര്യം നേടിയെങ്കിലും പാകിസ്താനിലെ രാഷ്ട്രീയ അട്ടിമറികളും പട്ടാള ഇടപെടലുകളും തീവ്രവാദ സാന്നിധ്യവും പാകിസ്താന്റെ കാലുറപ്പ് കുറച്ച ഘടകങ്ങളാണ്. പട്ടിണിയും തൊഴിലില്ലായ്മയും വ്യവസായ മുരടിപ്പും കാരണം പാകിസ്താന്‍ ഭാരതത്തിന്റെ എത്രയോ പിറകെ ഇഴഞ്ഞാണ് നടന്നുവരുന്നത്.
ഇന്ത്യ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയിലൊരിടത്ത് തളരാന്‍ ഇടം നോക്കിയെങ്കിലും ജനാധിപത്യത്തിന്റെ കരുത്തില്‍ വെല്ലുവിളി അതിജയിച്ചു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ ഇറക്കിയും വാഴിച്ചും ഇന്ത്യന്‍ ജനാധിപത്യം കാണിച്ച ജാഗ്രത അഭിനന്ദനാര്‍ഹമാണ്.
ഭരണഘടന ഉറക്കെ സംസാരിച്ചതും ഉയര്‍ത്തിക്കാട്ടിയതുമായ മൂല്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവഗണിക്കുന്നത് ആശങ്കയുയര്‍ത്തുന്ന അപായ സൂചനകളാണ്. നായകത്വം ആണലങ്കാരമായി ആണും പെണ്ണലങ്കാരമായി പെണ്ണും സ്വീകരിക്കുന്നതാണ് അപമാനം. രാജധര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള മാനവിക ധര്‍മങ്ങളാണ് തങ്ങളേറ്റതെന്ന വിചാരമില്ലെങ്കില്‍ അധികം താമസിയാതെ അയല്‍പക്കത്തെ അരാജകത്വം നമ്മെയും തേടിയെത്തും.
വംശീയം, വര്‍ഗീയം, ധനപരം തുടങ്ങിയ അധര്‍മങ്ങള്‍ക്ക് ഇടം ഒരുക്കുന്ന അവസര നിര്‍മാണം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് എങ്ങനെയാണ് അംഗീകരിക്കാനാവുക.
17,065 ക്രിമിനല്‍ കേസ് പ്രതികള്‍ ഇപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിലും നിയമസഭകളിലും അംഗമാണെന്ന വാര്‍ത്ത ഉല്‍ക്കണ്ഠാജനകമാണ്. കൊല, തട്ടിക്കൊണ്ടുപോകല്‍, മാനഭംഗപ്പെടുത്തല്‍, മതസ്പര്‍ധ വളര്‍ത്തല്‍, കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കല്‍, സാമ്പത്തിക തട്ടിപ്പുകള്‍, വഞ്ചന തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇവരില്‍ പലര്‍ക്കും ചുമത്തപ്പെട്ടത്. സ്ഥാനാര്‍ഥികള്‍ക്ക് യോഗ്യതകള്‍ മാനദണ്ഡമാക്കണം. അംഗത്വം നല്‍കുന്ന ഘട്ടത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ കുറ്റവാളികളെ മാറ്റി നിര്‍ത്തണം. കേരള നിയമസഭയില്‍ രണ്ടുലക്ഷം രൂപയുടെ നഷ്ടം വരുത്തിയ സാമാജികര്‍ക്കെതിരിലുള്ള കേസ് പൊതുജനാഭിപ്രായം പരിഗണിച്ച് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രിക്ക് വിളിച്ചു പറയാന്‍ നാക്കുളുക്കാതെ പോയത് ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടികൂടിയ അപമാനകരമായ അവസ്ഥയുടെ ഉദാഹരണമാണ്.
കള്ള സത്യവാങ്മൂലം നല്‍കിയവര്‍, കായല്‍കൈയേറ്റക്കാര്‍, പൊതുഫണ്ട് തട്ടിപ്പാക്കുന്നവര്‍, തനി മോഷ്ടാക്കള്‍, കളവ് പറയുന്നവര്‍, അടിക്കടി കാലുമാറുന്നവര്‍, ആശയം വിപണി വസ്തുവാക്കുന്നവര്‍ ഇങ്ങനെയുള്ളവര്‍ അധികാരസ്ഥാനത്ത് വരാതെ സൂക്ഷിക്കാന്‍ പാര്‍ട്ടികളും പൊതുബോധവും സന്ധിയാവണം.സംസ്ഥാന മന്ത്രിമാരുടെ ശമ്പളം 92,000 രൂപയും എം.എല്‍.എമാര്‍ക്ക് 62,000 രൂപയുമാക്കി ഉയര്‍ത്തി. ടി.എ, ഡി.എ, ചികിത്സ, ഭക്ഷണം, വിവിധ തരം അലവന്‍സുകള്‍ ഇതൊക്കെ ചേര്‍ത്താല്‍ ഓരോ അംഗത്തെയും പോറ്റാന്‍ നികുതിദായകര്‍ നല്‍കുന്നതെത്രയാണ്. അംഗങ്ങളെ നന്നായി കാണാന്‍ അരലക്ഷത്തിന്റെ കണ്ണട വാങ്ങിയ സാറാണ് സഭ നിയന്ത്രിക്കുന്നത്.
പാര്‍ലമെന്റ് സീറ്റിനു പത്തു കോടിയും അസംബ്ലിക്ക് അഞ്ചു കോടിയുമാണ് നിലവിലുള്ള മാര്‍ക്കറ്റ് റേറ്റ് എന്നൊരു നാടന്‍ വര്‍ത്തമാനം നിലവില്‍ വന്നിരിക്കുന്നു. തിരുവനന്തപുരം പേമെന്റ് സീറ്റും, സി.പി.ഐയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ടല്ലോ. കോടീശ്വരന്‍, ശതകോടീശ്വരന്‍, കൂലിത്തല്ലുകാര്‍, കൊടുംകുറ്റവാളികള്‍ ഇവരൊക്കെ പാര്‍ലമെന്റിലും നിയമസഭയിലുമെത്തുന്നത് തടഞ്ഞേപറ്റു.കേരള പൊലിസില്‍ ആര്‍.എസ്.എസ് സെല്‍ പ്രവര്‍ത്തിക്കുന്നതായി പൊലിസ് തന്നെ കണ്ടെത്തി. അവര്‍ തന്നെ റിപ്പോര്‍ട്ട് പൂഴ്ത്തുകയും ചെയ്തു. ഒരു നടപടിയും ഉണ്ടായില്ല. ഫാസിസം പഠിപ്പിക്കുന്ന ക്ലാസും പിരിവും കാക്കിക്കുള്ളില്‍ നടക്കുന്നുണ്ടത്രെ! കാക്കിയിട്ട കാപാലികരെ സൃഷ്ടിക്കുന്ന കേരള പൊലിസ് ഭരിക്കുന്ന പിണറായി ഒരിക്കല്‍ പറഞ്ഞത് ഊരിപ്പിടിച്ച വാളിന്നടിയിലൂടെയാണ് താന്‍ നടന്നു വന്നതെന്നാണ്. ഇപ്പോഴെന്തിന് തലകുമ്പിട്ട് ഫാസിസത്തിന് കീഴടങ്ങുന്നു.
യു.പി ഉപതെരഞ്ഞെടുപ്പ് ഫലം ഭാരതീയരുടെ ഉയര്‍ന്ന ജനാധിപത്യ ബോധത്തെ അടയാളപ്പെടുത്തുന്നു. ഇതു കാണാതെ കസേരയുടെ ഇളക്കം ഉറപ്പിക്കുന്നവര്‍ അറിയേണ്ടത് തിന്മ തിരിഞ്ഞു നിന്ന് വിചാരണയും ശിക്ഷയും വിധിക്കുന്ന കാലം വിദൂരമല്ലെന്നാണ്.
അപ്പപ്പോള്‍ കാണുന്നയാളെ അപ്പാ എന്നു വിളിക്കാന്‍ പതിവ്രതകളായ അമ്മയും മക്കളെ ഉപദേശിക്കില്ല. നിലപാടും ചങ്കുറപ്പും ഉണ്ടാവണം. ആശയം കടലാസ് കൊട്ടാരങ്ങളാവരുത്.
'വിവിധ രീതിയില്‍ ഒറ്റ നിമിഷത്തില്‍
വിഷമമാണെനിക്ക് ആടുവാന്‍, പാടുവാന്‍'
-ഇടപ്പള്ളി രാഘവന്‍പിള്ള
സിറിയ മൂന്നായി പകുത്ത് ബശാറും തുര്‍ക്കിയും പോരാളികളും കൊല തുടരുകയാണ്. സിറിയന്‍ മണ്ണിനിനി ചോര കുടിക്കാന്‍ ശേഷിയില്ല. ഉറവ പോലും രക്തമായി മാറുന്ന അവസ്ഥയാണ് ആ നാടിനുള്ളത്. യമനും ഇങ്ങനെ മൂന്നായി പകുത്തു മനുഷ്യ ഉന്മൂലനം തുടരുന്നു. അന്താരാഷ്ട്ര സമൂഹത്തിനൊന്നും ചെയ്യാനില്ലേ? അന്താരാഷ്ട്ര സംഘടനകള്‍ സാമ്രാജ്യശക്തികളുടെ പോക്കറ്റിലെ ബലം നോക്കി നിലപാട് സ്വീകരിക്കുന്നതില്‍ മിടുമിടുക്ക് കാണിക്കുന്നവരാണ്.മഹാരാഷ്ട്രയില്‍ 'ജയ് കിസാന്‍' നല്ല സൂചനയാണ്. കീഴുരിലെ 44 കര്‍ഷകരെ കേള്‍ക്കാന്‍ കാതുകൊടുക്കാതെ സമരപ്പന്തല്‍ തീയിട്ടു പന്ത്രണ്ട് ഏക്കര്‍ നെല്‍പാടം എന്തു വില കൊടുത്തും നികത്തി നാഷനല്‍ ഹൈവെ ആക്കാന്‍ ഇടതുപക്ഷ ഭരണമാണ് മുന്നിലുള്ളത്. സമരക്കാര്‍ ഉയര്‍ത്തുന്ന ജൈവ സാന്നിധ്യത്തെ കുറിച്ച് പാര്‍ട്ടിക്കൊരു നയവും പറയാനില്ല. വ്യവസായം തെങ്ങിന്റെ മണ്ടയില്‍ വരില്ലെന്നു പറഞ്ഞ എളമരം കരീമിനെ നിര്‍മിച്ച പാര്‍ട്ടിയില്‍ നിന്ന് അധികമൊന്നും പ്രതീക്ഷിക്കാന്‍ പാടില്ലല്ലോ.
മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ഭരണ സിരാകേന്ദ്രം വളയാന്‍ വന്നത് മാന്യമായിട്ടാണ്. അവരെ നാട്ടുകാര്‍ നന്നായി സ്വീകരിച്ചു സല്‍ക്കരിച്ചു. റോഡില്‍ കണ്ടതൊക്കെ തല്ലിത്തകര്‍ക്കാനല്ല അവര്‍ വന്നത്. രാജ്യത്തിന്റെ നട്ടെല്ലു കാക്കുന്ന കാര്‍ഷിക രംഗം കര്‍ഷകരെ പോലെ പൊതുസമൂഹത്തിന്റേയും ബോധമാണ്.
ഒരഗ്നിക്കും ആശയം കരിച്ചുകളയാന്‍ കഴിയില്ലെന്ന പാഠമെങ്കിലും സമരപ്പന്തലിനു തീയിട്ടവര്‍ പഠിക്കേണ്ടതായിരുന്നു. ഓര്‍ക്കാട്ടേരി വന്നു കോടിയേരി ബാലകൃഷ്ണന്‍ ടി.പി ചന്ദ്രശേഖരന്റെ മഹത്വം പറഞ്ഞത് അത്ഭുതമല്ല. അതൊക്കെയാണ് പാര്‍ട്ടിലൈന്‍. വോട്ട് വേട്ടക്ക് ഏതറ്റം വരെയും പോകും. ഏത് വെടിയും പൊട്ടിക്കും.
44 ലീഗുകാരുടെ വധം കെ.ടി ജലീല്‍ സഭയില്‍ പറഞ്ഞതു വസ്തുനിഷ്ഠ കണക്കടിസ്ഥാനത്തിലാവാന്‍ ഇടയില്ല. ലീഗ് ഒരു സമാധാനകാംക്ഷിയായ പാര്‍ട്ടി ആണെന്ന് മുന്‍ യൂത്ത്‌ലീഗ് നേതാവ് അറിയാതിരിക്കില്ല. മന്ത്രിസഭാ അഴിച്ചുപണി വാര്‍ത്ത വരുമ്പോള്‍ ചിലരിലൊക്കെ കണ്ടുവരുന്ന ഓവര്‍ ദാസ്യമാണിതൊക്കെ.ലിസ്റ്റ് കൊണ്ടുവരാന്‍ വെല്ലുവിളിച്ച ഇബ്രാഹിംകുഞ്ഞിന്റെ രാഷ്ട്രീയ ബോധം ചെന്നിത്തലക്കും രണ്ടു ലീഗ് എം.എല്‍.എമാര്‍ക്കും ഇല്ലാതെ പോയി. മതസംഘടനയെ വലിച്ചിഴച്ച് 'ചിന്നതല' ഊഹം വച്ച് വായില്‍ തോന്നിയത് കോതക്ക് പാട്ടാവുന്ന ആളാവരുതായിരുന്നു. പിന്നീട് തിരുത്തിയെങ്കിലും വെള്ളം ചേര്‍ക്കാത്ത ഒരു കളവ് സഭയില്‍ പറഞ്ഞത് അമാന്യമായി. മട്ടന്നൂരിലെ ശുഹൈബ് കാന്തപുരം വിദ്യാര്‍ഥി നേതാവായിരുന്നു. ചെന്നിത്തല കൊലയാളികളെ കാന്തവല്‍ക്കരിച്ചവതരിപ്പിക്കാതിരുന്നാല്‍ മതിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."