മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി പൊലിസ് കസ്റ്റഡിയില്‍
പാരിസ്: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. മുന്‍ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയില്‍നിന്നു സാമ്പത്തിക സഹായം സ്വീകരിച്ചെന്ന ആരോപണത്തില്‍ വിശദമായ ചോദ്യം ചെയ്യലിനായാണ് പൊലിസ് നടപടി. അന്വേഷണത്തിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലിസ് സമന്‍സ് അയച്ചിരുന്നെങ്കിലും സര്‍ക്കോസി പ്രതികരിച്ചിരുന്നില്ല.
2007ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാംപയിനിങ്ങിനായി ഗദ്ദാഫിയുടെ സാമ്പത്തിക സഹായം സ്വീകരിച്ചുവെന്നാണ് ആരോപണം. കേസില്‍ സര്‍ക്കോസിയെ നേരത്തെയും പൊലിസ് ചോദ്യം ചെയ്തിരുന്നു. ആരോപണം അദ്ദേഹം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ഗദ്ദാഫി ഭരണകൂടത്തെ താഴെയിറക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന സൈനികനടപടിയില്‍ പങ്കുകൊണ്ടതിനുള്ള പ്രതികാരം ചെയ്യുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
ഇന്നലെ കസ്റ്റഡിയിലെടുത്ത സര്‍ക്കോസിയെ പടിഞ്ഞാറന്‍ പാരിസിലെ പ്രാന്തപ്രദേശമായ നാന്റേറില്‍ വച്ച് ചോദ്യം ചെയ്തുവരുന്നതായാണു വിവരം. 48 മണിക്കൂര്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ വയ്ക്കും. തുടര്‍ന്ന് കോടതിയില്‍ വിചാരണയ്ക്കായി ഹാജരാക്കാനാണു നീക്കം. കേസില്‍ ഇതാദ്യമായാണ് അദ്ദേഹത്തെ പൊലിസ് അറസ്റ്റ് ചെയ്യുന്നതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫ്രഞ്ച്-ലബനീസ് വ്യവസായിയായ സിയാദ് തഖ്‌യുദ്ദീനും ഗദ്ദാഫി ഭരണകൂടത്തിലെ ചിലരുമാണ് 2016 നവംബറില്‍ ആരോപണവുമായി രംഗത്തെത്തിയത്. 2006-2007 കാലയളവില്‍ 200, 500 യൂറോ നോട്ടുകള്‍ അടങ്ങിയ മൂന്ന് പെട്ടികള്‍ സര്‍ക്കോസിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിലെ സ്റ്റാഫ് തലവനായിരുന്ന ക്ലൗഡ് ഗ്യുവെന്റിനും കൈമാറിയെന്ന് ഇവര്‍ ഒരു ഫ്രഞ്ച് മാധ്യമത്തോട് വെളിപ്പെടുത്തി. മൊത്തം 6.2 മില്യണ്‍ ഡോളര്‍(ഏകദേശം 40 കോടി രൂപ) ആണ് കൈമാറിയത്. 2007ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സര്‍ക്കോസിയുടെ പ്രചാരണം നിയന്ത്രിച്ചിരുന്നത് ക്ലൗഡ് ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."