ജൂണ്‍ മാസത്തോടെ മൂന്നിലൊന്ന് പ്രവാസി കുടുംബങ്ങള്‍ സഊദി വിടുമെന്ന് റിപ്പോര്‍ട്ട്
ജിദ്ദ: ജൂണ്‍ മാസത്തോടെ മൂന്നിലൊന്ന് പ്രവാസി കുടുംബങ്ങള്‍ സഊദി അറേബ്യ വിടുമെന്ന് റിപ്പോര്‍ട്ട്. ദമാം, റിയാദ്, ജിദ്ദ, അബഹ എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം പൂര്‍ത്തിയാകുന്നതോടെ 25 -30 ശതമാനം കുടുംബങ്ങള്‍ ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുമെന്ന് പറയുന്നത്.
ഫിറ്റ് ഫോര്‍ ദി ഫ്യൂച്ചര്‍ കാംപയിന്റെ ഭാഗമായി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് സാമ്പത്തിക അച്ചടക്കം, സാമൂഹിക ജീവിതക്രമം, പ്രതിസന്ധികളെ അഭിമുഖീകരിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ് ഫോറം സര്‍വേ സംഘടിപ്പിച്ചത്. വര്‍ഷം തോറും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആശ്രിത ലെവിയും കുട്ടികളുടെ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള അടിസ്ഥാന ചെലവുകള്‍ കൂടിയതുമാണ് പ്രവാസികളെ കുടുംബത്തെ നാട്ടിലയക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ദമാം ഇന്ത്യന്‍ സ്‌കൂളില്‍ വര്‍ഷം ശരാശരി 3,000ത്തോളം വിദ്യാര്‍ഥികളാണ് പഠനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങുന്നത്. അതിലേറെ പേര്‍ പുതുതായി പ്രവേശനം നേടാറുമുണ്ട്. എന്നാല്‍ ഈ വര്‍ഷം സ്‌കൂള്‍ വിട്ടു പോകുന്നവരുടെ എണ്ണം ഇരട്ടിയോളമായതായി ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. 100ലധികം അധ്യാപകര്‍ ഇതിനോടകം ജോലി ഒഴിയുന്നതിന് അപേക്ഷ നല്‍കിക്കഴിഞ്ഞു. കൂടാതെ പുതുതായി വരാറുള്ള പ്രവേശന അപേക്ഷയിലും ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."