വസ്ത്ര വിവാദം: ഫാറൂഖ് കോളജിനെ തകര്‍ക്കാന്‍ വീണ്ടും നീക്കം
കോഴിക്കോട്: ഫാറൂഖ് കോളജിനെതിരേയും ട്രെയിനിങ് കോളജിലെ അധ്യാപകനായ ജൗഹര്‍ മുനവ്വറിനെതിരേയും നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം. കോളജിന്റെ അച്ചടക്കം ലംഘിച്ച വിദ്യാര്‍ഥികളെ ജീവനക്കാര്‍ തടഞ്ഞ നടപടിയെ കോളജിലെ ഒരു അധ്യാപകന്‍ മതവേദിയില്‍ നടത്തിയ പ്രഭാഷണവുമായി കൂട്ടിച്ചേര്‍ത്തു പ്രചരിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയരുകയാണ്.
മാസങ്ങള്‍ക്കു മുന്‍പു മുസ്‌ലിം സ്ത്രീകളും വിദ്യാര്‍ഥിനികളും മാത്രമുള്ള കുടുംബ വേദിയില്‍ നടത്തിയ മതപ്രഭാഷണമാണ് അധ്യാപകനെതിരേ ഇപ്പോള്‍ പ്രചരിക്കുന്നത്. യുട്യൂബില്‍ നേരത്തെ അപ്‌ലോഡ് ചെയ്യപ്പെട്ടതാണ് ഈ പ്രഭാഷണം. ഇതിനെ വികലമാക്കി ചിത്രീകരിച്ചും ദുര്‍വ്യാഖ്യാനം ചെയ്തുമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, അധ്യാപകന്റെ പ്രഭാഷണത്തിന്റെ മുഴുവന്‍ വിഡിയോ പുറത്തുവന്നതോടെ പ്രഭാഷണം ദുരുദ്ദേശപരമായി പ്രചരിപ്പിക്കുകയായിരുന്നെന്നു ബോധ്യപ്പെട്ടിരിക്കുകയാണ്. പ്രഭാഷണത്തില്‍ ഉപയോഗിച്ച ഉപമയെ അശ്ലീലമായി വ്യാഖ്യാനിക്കാനാണ് ചിലര്‍ ശ്രമിച്ചത്.
ഇതിന്റെ മറപിടിച്ചു കോളജിനെ അപകീര്‍ത്തിപ്പെടുത്താനും ശ്രമമുണ്ടായി. ഹാദിയ വിഷയത്തില്‍ ഉള്‍പ്പെടെ മൗനം പാലിച്ച എസ്.എഫ്.ഐയും കെ.എസ്.യുവും കാര്യമറിയാതെ പ്രതിഷേധവുമായി കോളജിലെത്തുകയായിരുന്നു. എന്നാല്‍, എം.എസ്.എഫ് സ്ഥാപനത്തിനും അധ്യാപകനും പിന്തുണയുമായി രംഗത്തെത്തി. അധ്യാപകന്‍ നടത്തിയ പരാമര്‍ശത്തിന്റെ ഓഡിയോ ക്ലിപ്പിലുണ്ടായ തെറ്റിദ്ധാരണ വീഡിയോ ദൃശ്യത്തില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതാണെന്നും ഒരു മാസം മുന്‍പു നടന്ന പരാമര്‍ശം ഇപ്പോള്‍ വിവാദമാക്കുന്നതിലെ ഒളിയജന്‍ഡ തിരിച്ചറിയണമെന്നുമാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിന്റെ പ്രതികരണം.
അധ്യാപകന്‍ മതപഠന ക്ലാസില്‍ നല്‍കിയ നിര്‍ദേശങ്ങളോടു യോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും അധികാരമുണ്ടെന്നും വീഡിയോ പൂര്‍ണമായും സഭ്യതയ്ക്കു നിരക്കാത്തതാണെന്ന അഭിപ്രായമില്ലെന്നുമാണ് എം.എസ്.എഫ് ജനറല്‍ സെക്രട്ടറി എം.പി നവാസ് പ്രതികരിച്ചത്. എന്നാല്‍, വിവാഹ പ്രായം, മുത്വലാഖ്, ചേലാകര്‍മം, പര്‍ദ തുടങ്ങിയ വിഷയങ്ങളില്‍ മതവിരുദ്ധമായ നിലപാട് സ്വീകരിച്ച യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉള്‍പ്പെടെയുള്ള ചില യുവ നേതാക്കള്‍ ഫാറൂഖ് കോളജിനെയും അധ്യാപകനെയും പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് ഈ വിഷയത്തിലും സ്വീകരിച്ചത്.
അധ്യാപകന്റെ വാക്കുകള്‍ അങ്ങേയറ്റം അശ്ലീലവും അധ്യാപക പദവിയെ കളങ്കപ്പെടുത്തുന്നതും സഭ്യതയ്ക്കു നിരക്കാത്തതുമാണെന്നാണ് ഫിറോസ് പറയുന്നത്. അധ്യാപകന്റെ വാക്കുകള്‍ വികലമാക്കി ഉപയോഗിച്ചതാണെന്ന് ബോധ്യപ്പെട്ടതോടെ കാംപസിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും അധ്യാപകനോടൊപ്പം നില്‍കുമ്പോഴാണ് യൂത്ത്‌ലീഗ് നേതാവിന്റെ വിമര്‍ശനം. ഇത് അണികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
അധ്യാപകര്‍ മതപരമായും വ്യക്തിപരമായും സ്വീകരിക്കുന്ന നിലപാടുകള്‍ സ്ഥാപനത്തിനോടു ചേര്‍ത്തുവായിക്കേണ്ടതില്ലെന്നും അതു വ്യക്തിസ്വാതന്ത്രത്തിലുള്ള കടന്നുകയറ്റമാണെന്നുമാണ് കോളജ് അധികാരികളുടെ നിലപാട്. മുന്‍ അധ്യപകനായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ കോളജില്‍ ജോലി ചെയ്യുമ്പോള്‍ നടത്തിയ പ്രഭാഷണങ്ങള്‍ കോളജിന്റെ നിലപാടാകാത്തതുപോലെ ജൗഹന്‍ മുനവ്വര്‍ മതപരമായി നടത്തിയ പ്രഭാഷണം ആ മതത്തോട് മാത്രം ചേര്‍ത്തു വായിച്ചാല്‍ മതിയെന്നാണ് അവരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."