അനധികൃതമായി ജലം പമ്പുചെയ്യുന്ന തോട്ടങ്ങള്‍ക്കെതിരേ നടപടി
കട്ടപ്പന: പെരിയാറില്‍നിന്ന് അനധികൃതമായി ജലം പമ്പുചെയ്ത് ഉപയോഗിക്കുന്ന തോട്ടങ്ങള്‍ക്കെതിരേ നടപടി തുടങ്ങി. ചപ്പാത്തിനു സമീപം മോട്ടോര്‍ സ്ഥാപിച്ചു പെരിയാറില്‍നിന്നു ജലമെടുത്തിരുന്ന തോട്ടം മാനേജ്‌മെന്റിന് ആനവിലാസം വില്ലേജ് ഓഫിസര്‍ സ്‌റ്റോപ് മെമ്മോ നല്‍കി.
പുതിയ കോടതി ഉത്തരവോ സര്‍ക്കാരിന്റെ അനുമതിയോ ഇല്ലാതെ ജലമെടുത്താല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയാണു നോട്ടിസ് നല്‍കിയത്. അനധികൃതമായി ജലമെടുക്കുന്ന മറ്റുള്ളവര്‍ക്കെതിരേ വരുംദിവസങ്ങളില്‍ നടപടി ഉണ്ടായേക്കും. പെരിയാറില്‍നിന്ന് അനധികൃതമായി ലക്ഷക്കണക്കിനു ലിറ്റര്‍ ജലമാണ് ഓരോദിവസവും പമ്പുചെയ്ത് എടുത്തിരുന്നത്. മേഖലയിലെ തേയില, കാപ്പി തോട്ടങ്ങള്‍ നയ്ക്കാനാണ് ഇത്തരത്തില്‍ ജലചൂഷണം നടത്തിയിരുന്നത്.
പെരിയാറിനെ ആശ്രയിച്ചു മുന്നോട്ടുപോകുന്ന ജലസേചന പദ്ധതികള്‍ക്കും ഇതു ഭീഷണിയായിരുന്നു. കോടതി ഉത്തരവു പ്രകാരമാണു ജലമെടുക്കുന്നതെന്ന് എസ്‌റ്റേറ്റ് അധികൃതര്‍ അറിയിച്ചെങ്കിലും കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണു വില്ലേജ് ഓഫിസര്‍ സ്‌റ്റോപ് മെമ്മോ നല്‍കിയത്. പെരിയാറില്‍നിന്നു ജലചൂഷണം നടക്കുന്നതായി മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തില്‍ നിന്നു റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.വന്‍കിട തോട്ടമുടമകള്‍ നടത്തുന്ന ജലചൂഷണം മൂലം പെരിയാറിലെ നീരൊഴുക്ക് നിലയ്ക്കുകയാണ്. 227 കി.മീ നീളം വരുന്ന പെരിയാറിന്റെ ഹൈറേഞ്ചിലെ ഭാഗങ്ങളില്‍ പലയിടത്തും നൂല്‍വണ്ണത്തില്‍ മാത്രമാണ് നീരൊഴുക്കുളളത്. വണ്ടിപ്പെരിയാര്‍ മുതല്‍ ഉപ്പുതറ വരെയുളള വന്‍കിട തേയില, ഏലം, കാപ്പി തോട്ടങ്ങള്‍ നയ്ക്കുന്നതിനാണ് ജനങ്ങളുടെ കുടിവെളളം മുട്ടിച്ചുകൊണ്ട് വെളളം ചോര്‍ത്തുന്നത്.
ഇവ ശേഖരിക്കാന്‍ കൂറ്റന്‍ ടാങ്കുകളും നിര്‍മിച്ചിട്ടുണ്ട്. കുടിവെള്ള ആവശ്യത്തിനാണ് തോട്ടം ഉടമകള്‍ വെളളം എടുക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുളളത്. ഇരുപതോളം വന്‍കിട തോട്ടമുടമകളാണ് പതിനായിരക്കണക്കിന് ഏക്കര്‍ തേയില, ഏലം, കാപ്പി കൃഷികള്‍ നയ്ക്കുന്നതിന് വെള്ളം ചോര്‍ത്തുന്നത്.
ഇത് ആയിരക്കണക്കിനാളുകള്‍ക്ക് കുടിവെള്ളം നല്‍കുന്ന ചെറുതും വലുതുമായ അമ്പതോളം കുടിവെള്ള പദ്ധതികള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. മണിക്കൂറില്‍ ഇരുപതിനായിരത്തിലധികം ലിറ്റര്‍ വെള്ളമാണ് ചൂഷണം നടത്തുന്നത്. ഈ നില തുടര്‍ന്നാല്‍ ഒരാഴ്ചക്കുള്ളില്‍ പെരിയാറ്റിലെ നീരൊഴുക്ക് പൂര്‍ണമായും നിലക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."