ദോഹയില്‍ ബുക്ക് ബാങ്ക് പ്രവര്‍ത്തനം തുടങ്ങി
ദോഹ: ഖത്തറിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി സ്റ്റുഡന്റ്‌സ് ഇന്ത്യ രൂപീകരിച്ച സ്റ്റുഡന്റ്‌സ് ബുക്ക് ബാങ്കിന്റെ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നു.
ഉപയോഗിച്ച പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ശേഖരിച്ച് വ്യവസ്ഥാപിതമായി തരംതിരിച്ച ശേഷം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന സംരംഭമാണ് സ്റ്റുഡന്റ്‌സ് ബുക്ക് ബാങ്ക്.
വര്‍ഷങ്ങളായി സ്റ്റുഡന്റ്‌സ് ഇന്ത്യ നടത്തിവരുന്ന പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും ബുക്ക് ബാങ്ക് പ്രവര്‍ത്തിക്കുന്നത്.
അനുദിനം വര്‍ധിച്ചുവരുന്ന ജീവിതചെലവിനിടയില്‍ കുടുംബങ്ങള്‍ക്ക് മക്കളുടെ പഠനചെലവ് കുറക്കാന്‍ ഏറെ സഹായകമാണ് ഈ പദ്ധതി.
ഇന്ത്യന്‍ സ്‌കൂളുകളിലെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ ശേഖരണം മാര്‍ച്ച് 23 മുതല്‍ 27 വരെ നടക്കും.
ഉപയോഗം കഴിഞ്ഞ പാഠപുസ്തകങ്ങള്‍ ഈ ദിവസങ്ങളില്‍ വൈകുന്നേരം 7 മണി മുതല്‍ 10 മണി വരെ ഹിലാലിലെ യൂത്ത് ഫോറം ഓഫീസില്‍ ഏല്‍പിക്കാവുന്നതാണ്.
മാര്‍ച്ച് 28 മുതല്‍ 31 വരെ പുസ്തക വിതരണം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പുസ്തകങ്ങള്‍ നല്‍കിയും ആവശ്യമുള്ളത് എടുത്തും അര്‍ഹരായ ആവശ്യക്കാരെ അറിയിച്ചും എല്ലാ വിദ്യാര്‍ഥികള്‍ക്കും കുടുംബങ്ങള്‍ക്കും ബുക്ക് ബാങ്ക് പ്രവര്‍ത്തനത്തിന്റെ ഭാഗമാകാവുന്നതാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ആയിരത്തിലേറെ കുടുംബങ്ങളാണ് സ്റ്റുഡന്റ്‌സ് ഇന്ത്യയുടെ ഈ സംരംഭം പ്രയോജനപ്പെടുത്തിയത്. ബുക്ക് ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 66739213 , 30485351 , 70252171
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."