വെളിച്ചക്കുറവും റോഡിന്റെ വീതിക്കുറവും വിനയായി
ഇരിക്കൂര്‍: കൂടാളി പഞ്ചായത്തിലെ കൊളപ്പ, ആയിപ്പുഴ സ്ഥലങ്ങള്‍ക്കിടയിലെ വളവുകളും റോഡിന് സംരക്ഷണ ഭിത്തിയില്ലാത്തതും വന്‍ അപകടങ്ങള്‍ക്കിടയാക്കുന്നു. ഇന്നലെ ചെക്രോം വളവിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. വളവില്‍ മറിഞ്ഞ മിനിലോറി ഉയര്‍ത്താന്‍ കൊണ്ടുവന്ന ക്രെയിനിന്റെ ഇരുമ്പുവടം പൊട്ടി സമീപത്തു നില്‍ക്കുകയായിരുന്ന അഷറഫിന്റെ ദേഹത്തേക്ക് ക്രെയിന്‍ മറിയുകയായിരുന്നു. അഷ്റഫ് ഇരിക്കൂര്‍ ടൗണിലെ ആദ്യകാല ഡ്രൈവറായിരുന്നു. കൊളപ്പ, ആഴിപ്പുഴ ഭാഗങ്ങളില്‍ നിന്നുള്ള നാട്ടുകാരും ഇരിക്കൂറില്‍ നിന്നും മട്ടന്നൂരില്‍ നിന്നും പൊലിസ്, അഗ്നിശമന വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് ഇരിക്കൂര്‍-ചാലോട് റോഡില്‍ ഗതാഗത തടസമുണ്ടായി. കണ്ണൂര്‍, തലശ്ശേരി, മയ്യില്‍, മട്ടന്നൂര്‍ ഭാഗങ്ങളില്‍ നിന്നും ഇരിക്കൂര്‍ മേഖലകളിലേക്ക് പോകേണ്ട വാഹനങ്ങള്‍ മട്ടന്നൂര്‍ വഴിയും ഇരിക്കൂറില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ആഴിപ്പുഴ തുമ്പോല്‍ പാളാട് വഴി കൊളപ്പ വഴിയുമാണ് തിരിച്ചുവിട്ടത്.
കൊളപ്പ, ആയിപ്പുഴ ഭാഗങ്ങളിലെ അപകടം പിടിച്ച റോഡും തെരുവ് വിളക്കുകള്‍ ഇല്ലാത്തതും ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
കൂടാതെ ഒരു ഭാഗം ചെങ്കുത്തായ സ്ഥലവുമാണ്. റോഡരികിലെ മരങ്ങളും കാടുകളും കാരണം എതിര് ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളെ കാണാത്തതും അപകടത്തിനിടയാക്കുന്നു. പലപ്പോഴും കവര്‍ച്ചാ സംഘങ്ങളും ഇവിടങ്ങളില്‍ തമ്പടിക്കാറുണ്ട്. ഇവിടെ തെരുവുവിളക്കുകള്‍ സ്ഥാപിച്ചും അപകടാവസ്ഥയിലുള്ള മരങ്ങളും ചെടികളും മുറിച്ചു മാറ്റണമെന്നും സുരക്ഷാ ഭിത്തികള്‍ നിര്‍മിക്കണമെന്നും നിരവധി സംഘടനകള്‍ പലപ്പോഴായി ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അവഗണിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."