മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം കെ.എസ്.ആര്.ടി.സി ബസുമായി കൂട്ടിയിടിച്ചു
കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ച് നാലു പൊലിസുകാര്‍ക്ക് പരുക്ക്. പുത്തൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ റഷീദ്, എഴുകോണ്‍ സ്റ്റേഷനിലെ എ.എസ്.ഐ അനില്‍, കൊട്ടാരക്കര സ്റ്റേഷനിലെ വനിതാ പൊലിസ് വിദ്യാ രാജ്, ഡ്രൈവര്‍ എ.ആര് ക്യാംപിലെ പ്രമോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് എം.സി റോഡ് പനവേലിക്ക് സമീപമാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് സഞ്ചരിച്ച മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വരുന്നതിന് മുന്നോടിയായി റൂട്ട് ക്ലിയറന്‍സ് നോക്കാന്‍ എത്തിയതായിരുന്നു ഹൈവേ പട്രോളിങ് പൊലിസ് വാഹനം.
പെരിന്തല്‍മണ്ണയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ് പൊലിസ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റ പൊലിസുകാരെ നാട്ടുകാര്‍ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ബസിലെ യാത്രക്കാര്‍ക്ക് കാര്യമായ പരുക്കേറ്റിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ പൊലിസ് വാഹനവും ബസും തകര്‍ന്നു. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."