തിരുവനന്തപുരം മെഡി. കോളജിന് കുടിശ്ശിക തീര്‍ക്കാന്‍ എട്ടുകോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലേക്ക് വാങ്ങിയ ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കുടിശിക തീര്‍ക്കാന്‍ എട്ടു കോടി രൂപ അനുവദിച്ചു. കുടിശിക ഉയര്‍ന്നതിനേത്തുടര്‍ന്ന് ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം കമ്പനികള്‍ നിര്‍ത്തിയതോടെയാണ് പണം അനുവദിച്ചത്. വിതരണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കുമെന്ന് വിതരണക്കാര്‍ അറിയിച്ചു.
2017 സെപ്റ്റംബര്‍ വരെയുള്ള കുടിശിക തീര്‍ക്കുന്നതിനാണ് എട്ടു കോടി രൂപ അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയോടെ തുക കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഉപകരണങ്ങള്‍ സ്റ്റോക്കുണ്ടെന്നും ശസ്ത്രക്രിയകള്‍ മുടങ്ങില്ലെന്നും സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മദ് പറഞ്ഞു.
എന്നാല്‍ നിലവില്‍ വ്യാഴാഴ്ച വരെ ശസ്ത്രക്രിയകള്‍ നടത്താനുള്ള ഉപകരണങ്ങളെ സ്റ്റോക്കുള്ളു. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണിപ്പോള്‍ നടക്കുന്നത്. ആന്‍ജിയോപ്‌ളാസ്റ്റി, പേസ്‌മേക്കര്‍ ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍ എന്നിവയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കുടിശിക ഉയര്‍ന്നതിനേത്തുടര്‍ന്ന് ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം ഒന്നാം തിയതി മുതല്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. 2017 ജൂണിനു ശേഷമുള്ള തുകയാണ് കുടിശികയായിരിക്കുന്നത്. വിവിധ കമ്പനികള്‍ക്ക് 30 ലക്ഷം മുതല്‍ 12 കോടി വരെ നല്‍കാനുണ്ട്. സെപ്റ്റംബര്‍ 30 വരെയുള്ള തുക ഉടന്‍ കൊടുത്തു തീര്‍ക്കണമെന്നാണ് കമ്പനികളുടെ ആവശ്യം.
ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളജുകള്‍, എറണാകുളം, പാലക്കാട് ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ഹൃദയ ശസ്ത്രക്രിയകളും പ്രതിസന്ധിയിലാണ്. കുടിശിക 60 കോടി കടന്നിട്ടും നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നില്ലെന്നാണ് വിതരണക്കാരുടെ ആക്ഷേപം. കുടിശിക ഉയര്‍ന്നതിനേത്തുടര്‍ന്ന് ഡിസംബറില്‍ വിതരണം നിര്‍ത്തിവച്ചിരുന്നു.
ഇതേത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലടക്കം ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി. തുക ഉടന്‍ നല്‍കുമെന്ന ആരോഗ്യവകുപ്പിന്റെ ഉറപ്പിലാണ് അന്ന് വിതരണം പുനരാരംഭിച്ചത്. എന്നാല്‍ ആര്‍.എസ്.ബി.വൈ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് കമ്പനി നല്‍കേണ്ട തുക വൈകുന്നതാണ് കുടിശിക കൂടാന്‍ കാരണമായി ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."