നാളികേര മിഷന്‍ രൂപീകരിക്കും: കൃഷിമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ നാളികേര ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കൃഷിമന്ത്രി ചെയര്‍മാനായി നാളികേര മിഷന്‍ രൂപീകരിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. കേന്ദ്രസംസ്ഥാന ഏജന്‍സികളുമായും വ്യവസായ വകുപ്പുമായും ചേര്‍ന്ന് അന്താരാഷ്ട്ര നാളികേര സെമിനാര്‍ സംഘടിപ്പിക്കും. ഉല്‍പാദന വര്‍ധനയ്ക്ക് മുന്തിയ പരിഗണന നല്‍കി നാളികേര വികസനത്തിന് 10 വര്‍ഷത്തെ പദ്ധതി തയാറാക്കുമെന്നും നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ അദ്ദേഹം പറഞ്ഞു.
കേരഗ്രാമം പദ്ധതി 75 പഞ്ചായത്തുകളില്‍കൂടി നടപ്പാക്കും. ഓരോ പഞ്ചായത്തിലും നാളികേരത്തില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനുള്ള കേന്ദ്രം തുടങ്ങാന്‍ 20 ലക്ഷം വീതം അനുവദിക്കും. സംസ്ഥാനത്ത് മൂന്ന് ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ പുതുതായി നെല്‍കൃഷി തുടങ്ങും.
വൈഗ പദ്ധതിയിലൂടെ കര്‍ഷകരെ സംരംഭകരാക്കും. ഏത്തപ്പഴം, തേന്‍ എന്നിവയ്ക്കായി ആദ്യ അഗ്രോപാര്‍ക്ക് താമസിയാതെ തൃശൂരില്‍ തുടങ്ങും. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 500 ഹെക്ടറില്‍ വീതം കൈതച്ചക്കയും ഏത്തവാഴയും പുതുതായി കൃഷിചെയ്ത് കപ്പല്‍വഴി കയറ്റുമതി ചെയ്യും. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആ മേഖലയില്‍നിന്നുള്ള എം.എല്‍.എമാരുടെയോഗം വിളിക്കും.
കേന്ദ്ര പദ്ധതിയില്‍നിന്നുള്ള ആനുകൂല്യം കാര്യമായി കുറഞ്ഞിട്ടുണ്ട്. നെല്‍കര്‍ഷകര്‍ക്ക് നല്‍കുന്ന സഹായത്തില്‍ കേന്ദ്രവിഹിതം ഉള്‍പ്പെടുത്താനാവാതായി. കൃഷി വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് നടപ്പാക്കുമെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."