ഓണ്‍ലൈന്‍ തട്ടിപ്പ്: ഇരയാകുന്നവരില്‍ കൂടുതലും മലയാളികള്‍
ജിദ്ദ: സഊദിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഇരകളാകുന്നതില്‍ കൂടുതലും മലയാളികള്‍. രാജ്യത്തെ വന്‍കിട സ്ഥാപനങ്ങളുടെ പേരില്‍ മൊബൈലിലേക്ക് സന്ദേശങ്ങളിലൂടെ ഭീമമായ തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചാണ് ഇരകളെ തേടുന്നത്. സമ്മാനത്തുക ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനായി മുന്‍കൂറായി പണം തട്ടിപ്പുസംഘം ആവശ്യപ്പെടുന്നുണ്ട്. അതിനായി ചില ബാങ്കുകളുടെ അക്കൗണ്ട് നമ്പറുകളും കൈമാറും. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കിയിട്ടും മലയാളികളടക്കമുള്ള പ്രവാസികള്‍ ക്ക് പണം നഷ്ടപ്പെടുത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷമായി ദമാം കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘം വിലസുന്നുണ്ട്. പാക്കിസ്താന്‍ സ്വദേശികളാണ് ഇതിനു നേതൃത്വം നല്‍കുന്നത്. രണ്ടു ലക്ഷം റിയാല്‍ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന സന്ദേശത്തോടൊപ്പം രണ്ടു മൊബൈല്‍ നമ്പര്‍ കൂടി നല്‍കുകയും ഇതില്‍ ബന്ധപ്പെട്ടാല്‍ പണം ലഭിക്കുമെന്ന് അറിയിക്കും. പണമെന്ന് കേള്‍ക്കുന്ന ഇരകള്‍ ഇവരുടെ കൈകളില്‍ ഒതുങ്ങുകയാണ്. നൂറുകണക്കിന് പ്രവാസികള്‍ ഇവരുടെ ചതിക്കുഴിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. തിരുവനന്തപുരം സ്വദേശിക്ക് പതിനായിരം റിയാല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ സ്വദേശികള്‍ക്കും ഭീമമായ തുകകള്‍ നഷ്ടപ്പെട്ടു. നാണക്കേട് മൂലം പലരും സംഭവം പുറത്തുപറയാന്‍ മടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."