ഇറാനെതിരേ നടപടി ഒരു മാസത്തിനകം: ട്രംപ്
റിയാദ്: പ്രഥമ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. അമേരിക്ക സഊദി ബന്ധം ഏറ്റവും ഊഷ്മളമായ രീതിയിലാണ് ഇപ്പോഴെന്ന് ട്രംപും ഇരു രാജ്യങ്ങളും തമ്മിലുള്ള ഗാഢമായ ബന്ധത്തിലൂടെ ഭാവിയിലേക്ക് കുറേയധികം കാര്യങ്ങള്‍ ഒരുമിച്ചു പരിഹരിക്കാന്‍ കഴിയുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അഭിപ്രായപ്പെട്ടു.
ഇതുവരെ നടത്തിയ കോടികളുടെ പ്രതിരോധ ആയുധ ഇടപാടുകള്‍ സഊദിക്ക് കപ്പലണ്ടിയുടെ വില മാത്രമാണെന്ന് ട്രംപ് സരസമായി പറഞ്ഞു. മിസൈല്‍ പ്രതിരോധ സംവിധാനത്തിനും യുദ്ധക്കപ്പലുകള്‍ക്കുമായി ഇനിയും കരാറുകള്‍ പിറക്കുമെന്നും ട്രംപ് വ്യക്തമാക്കി. യു.എസും സഊദിയും തമ്മില്‍ 200 ബില്യന്‍ ഡോളര്‍ നിക്ഷേപത്തിനുള്ള കാര്യങ്ങള്‍ നടന്നുവരികയാണെന്ന് കിരീടാവകാശി പറഞ്ഞു.
താനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഭരണസാരഥ്യം ഏറ്റടുത്തിട്ട് കുറഞ്ഞ കാലങ്ങളെ ആയിട്ടുള്ളുവെങ്കിലും ഇരു നേതാക്കളും തമ്മില്‍ ഉറ്റസുഹൃത്തുക്കളാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
തീവ്രവാദ ഫണ്ടിങ്ങില്‍ യാതൊരു വിട്ടുവീഴ്ചക്കും അമേരിക്ക സന്നദ്ധമല്ല. തീവ്രവാദ ഫണ്ട് തകര്‍ക്കുന്നതില്‍ സഊദി ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. യോജിച്ച രീതിയിലല്ല ഇറാന്‍ ലോക രാജ്യങ്ങളുമായി പെരുമാറുന്നത്. ഇറാനെതിരേ താന്‍ സ്വീകരിക്കുന്ന നടപടി ഒരു മാസത്തിനകം നിങ്ങള്‍ക്ക് കാണാമെന്നും ട്രംപ് സൂചിപ്പിച്ചു.
കൂടിക്കാഴ്ചക്കു ശേഷം വിവിധ മേഖലകളിലായി സഊദി നിരവധി കരാറുകളിലാണ് ഒപ്പുവച്ചത്. കൂടാതെ നിരവധി അമേരിക്കന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."