അധ്യാപകര്‍ ഇനി രേഖകളിലും 'ടീച്ചര്‍' വിനയന്‍ പിലിക്കോട്
ചെറുവത്തൂര്‍: കുട്ടികളുടെ വിളിയില്‍ മാത്രമല്ല രേഖകളിലും അധ്യാപകര്‍ ഇനി ടീച്ചര്‍ തന്നെ. അധ്യാപക തസ്തികകളില്‍ ചേര്‍ക്കുന്ന അസിസ്റ്റന്റ് എന്ന് വാക്ക് മാറ്റി 'ടീച്ചര്‍' എന്നു ചേര്‍ക്കാന്‍ ഉത്തരവായി. നിലവില്‍ എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് (എല്‍.പി.എസ്.എ) യു.പി സ്‌കൂള്‍ അസിസ്റ്റന്റ് (യു.പി.എസ്.എ), ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (എച്ച്.എസ്.എ), ട്രെയിനിങ് സ്‌കൂള്‍ അസിസ്റ്റന്റ് (ടി.എസ്.എ ) എന്നിങ്ങനെയാണ് കേരള വിദ്യാഭ്യാസ ചട്ട പ്രകാരം അധ്യാപക തസ്തിക നാമകരണം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതില്‍ അസിസ്റ്റന്റ് എന്ന വാക്ക് മാറ്റി എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (എല്‍.പി.എസ്.ടി ), യു.പി സ്‌കൂള്‍ ടീച്ചര്‍ (യു.പി.എസ്.ടി ), ഹൈസ്‌കൂള്‍ ടീച്ചര്‍ (എച്ച്.എസ്.ടി), ട്രെയിനിങ് സ്‌കൂള്‍ ടീച്ചര്‍ (ടി.എസ്.ടി) എന്നിങ്ങനെ പുനര്‍നാമകരണം ചെയ്തു.
ഉത്തരവിറങ്ങിയതോടെ കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി ഉടന്‍ വരുത്തും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങളും വിജ്ഞാപനം ചെയ്തപ്പോള്‍ അധ്യാപകന്‍ എന്നതിനു പകരം ടീച്ചര്‍ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വകുപ്പിലെ അധ്യാപക തസ്തികയുടെ പേര് ഇപ്പോള്‍ തന്നെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ എന്നാണ്.
ഈ സാഹചര്യത്തില്‍ അധ്യാപക തസ്തികകള്‍ പുനര്‍നാമകാരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ സര്‍ക്കാരിലേക്ക് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."