യു.എ.ഇ വിസക്കുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റേഷന്‍ വൈകുന്നു
മലപ്പുറം: യു.എ.ഇയിലേക്ക് തൊഴില്‍ വിസ ലഭിക്കാന്‍ പൊലിസിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ തൊഴില്‍ അന്വേഷകര്‍ പ്രതിസന്ധിയില്‍.
പൊലിസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആഭ്യന്തര വകുപ്പില്‍ നിന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫിസില്‍ നിന്നും അറ്റസ്റ്റ് ചെയ്തു കിട്ടാന്‍ കാലതാമസം നേരിടുന്നതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. അറ്റസ്റ്റേഷനായി ആഭ്യന്തര വകുപ്പിന്റെ അറ്റസ്റ്റേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലോ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലോ സമീപിക്കണം.
സംസ്ഥാനത്ത് തന്നെ ആകെ ഒരു കൗണ്ടര്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ഉച്ചക്ക് ഒരു മണി വരെ അപേക്ഷ സ്വീകരിച്ച് വൈകിട്ട് നാല് മണിയോടെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുകയാണ് ചെയ്യുന്നത്. ഇവിടെ നിന്ന് അറ്റസ്റ്റ് ചെയ്ത സ്വഭാവ സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഇതിനും കാലതാമസം നേരിടുന്നതായാണ് പരാതി.
കഴിഞ്ഞ മാസം മുതലാണ് വിസ ലഭിക്കാന്‍ പൊലിസിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പുതിയ നിയമം യു.എ.ഇ നടപ്പാക്കിയത്. ഓണ്‍ലൈനായി പാസ്‌പോര്‍ട്ട് നല്‍കുമ്പോള്‍ തന്നെ 500 രൂപ ഫീസടച്ച് അപേക്ഷ നല്‍കുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുമെങ്കിലും ഈ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ സ്വീകരിക്കില്ല. പകരം പൊലിസ് സ്റ്റേഷനില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്.
ദുബൈ ഈ നിയമം പിന്‍വലിച്ചെങ്കിലും മറ്റ് ആറ് എമിറേറ്റുകളിലുംഈ നിയമം ബാധകമാണ്. പുതിയ തീരുമാനം വന്നതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ നിന്ന് ലഭിക്കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യാതെ തിരിച്ചയക്കുകയാണ്. ഇത്തരത്തില്‍ നൂറ് കണക്കിന് പേരുടെ അപേക്ഷകളാണ് ദിവസവും മടങ്ങുന്നത്.
അപേക്ഷകന്റെ പേരില്‍ കേസുണ്ടെങ്കില്‍ ഇതു സംബന്ധിച്ച കൃത്യമായ വിവരം പൊലിസില്‍ നിന്നാണ് ലഭ്യമാകുക എന്നതാണ് പൊലിസ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മാത്രം അംഗീകരിച്ചാല്‍ മതിയെന്ന തീരുമാനത്തിന് പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."