സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു; മുഖ്യമന്ത്രിയുടെ ടോക് ഷോ പ്രൊഡ്യൂസര്‍ക്കെതിരേ നടപടി
തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രതിവാര ടോക് ഷോ ആയ നാം മുന്നോട്ട് എന്ന പരിപാടിയുടെ പ്രൊഡ്യൂസര്‍ക്കെതിരേ നടപടി. കണ്ണൂര്‍ സ്വദേശി സപ്‌നേഷിനെതിരേയാണ് നടപടിയെടുത്തത്. സി ഡിറ്റ് ജീവനക്കാരനായ ഇയാളെ പുറത്താക്കി. ഇതു സംബന്ധിച്ച് ജനുവരിയില്‍ തന്നെ സി ഡിറ്റ് ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് ആക്ഷേപമയുര്‍ന്നിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ജീവനക്കാരനെ പുറത്താക്കി സി ഡിറ്റ് കൈകഴുകിയത്.
സഹപ്രവര്‍ത്തകയായ വനിതാ റിപ്പോര്‍ട്ടറാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ സഹപ്രവര്‍ത്തകയായ മറ്റൊരു വനിതാ റിപ്പോര്‍ട്ടറും സപ്‌നേഷും ചേര്‍ന്ന് തന്നെ അയാളുടെ വാടക വീട്ടിലേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് ഇരുവരും ചേര്‍ന്ന് മദ്യപിച്ചുവെന്നും മദ്യപിക്കാന്‍ തയാറാകാതിരുന്ന തന്നെ മുറിയില്‍ അടച്ചിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു പരാതി. താന്‍ കുതറി ഓടുകയായിരുന്നു. രണ്ടാമതും പീഡന ശ്രമമുണ്ടായതായും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി ജനുവരിയില്‍ സി ഡിറ്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ പെണ്‍കുട്ടിയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സി ഡിറ്റ് ഉന്നതര്‍ ശ്രമിച്ചുവെന്നാണ് വിവരം.
പെണ്‍കുട്ടി പരാതിയില്‍ ഉറച്ചുനിന്നതോടെ ഫെബ്രുവരി ആദ്യവാരം തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ ചുമതലപ്പെട്ട സമിതിക്ക് മുന്‍പാകെ സിഡിറ്റ് രജിസ്ട്രാര്‍ പരാതി കൈമാറി. വിശദമായ സിറ്റിങ് നടത്തി പരാതി പരിശോധിച്ച സമിതി നടപടിക്ക് ശുപാര്‍ശ ചെയ്തു.
എന്നാല്‍ ശുപാര്‍ശ കൈമാറി ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാനോ, പരാതി പൊലിസിന് കൈമാറാനോ സിഡിറ്റ് അധികൃതര്‍ തയാറായിരുന്നില്ല. ഉന്നത രാഷ്ട്രീയ സമ്മര്‍ദമുണ്ടായതാണ് വിവരം. എന്നാല്‍ സംഭവം വിവാദമാവുകയും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാന്‍ പെണ്‍കുട്ടി ഒരുങ്ങുകയും ചെയ്തതോടെ നടപടിയെടുക്കാന്‍ സി ഡിറ്റ് അധികാരികള്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."