പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
ആലുവ: ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച യുവാവിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലിസ് പിടികൂടി. അങ്കമാലി കറുകുറ്റി പൈനാടത്ത് ജോര്‍ജ്കുട്ടി ജോയി (24)യെയാണ് പൊലിസ് തന്ത്രപരമായി പിടികൂടിയത്.
സാമൂഹിക മാധ്യമങ്ങളില്‍ ജിജ്ഞാസയുണര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നവരെയാണ് ഇയാള്‍ വലയിലാക്കിയിരുന്നത്.
നിങ്ങളുടെ ഫേസ് ബുക്ക് എത്ര പേര്‍ സന്ദര്‍ശിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയ 360 ഓളം പേരുടെ യൂസര്‍ നെയിമും പാസ് വേഡുമാണ് യുവാവ് അടിച്ച് മാറ്റിയത്. യു.എസില്‍ രജിസ്റ്റര്‍ ചെയ്ത ഹാക്കിങ്ങ് സൈറ്റ് ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കും. ഹാക്കിങ്ങ് സൈറ്റിന്റെ സഹായത്തോടെ അയക്കുന്ന ജിജ്ഞാസയുണര്‍ത്തുന്ന ചോദ്യങ്ങളില്‍ ലോഗിന്‍ ചെയ്യുന്നവരുടെ മുഴുവന്‍ വിവരങ്ങളും ഇയാള്‍ക്ക് ലഭിക്കും.
മൂവാറ്റുപുഴ സ്വദേശിയായ പെണ്‍കുട്ടി ഫേസ്ബുക്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന സ്വകാര്യ ചിത്രങ്ങള്‍ ഹാക്ക് ചെയ്‌തെടുത്ത ശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിനിടയിലാണ് ഇയാളെ പിടികൂടിയത്.
പെണ്‍കുട്ടി പൊലിസില്‍ പരാതി നല്‍കിയതോടെ റൂറല്‍ പൊലിസ് ചീഫിന്റെ നിര്‍ദേശാനുസരണം യുവാവ് ആവശ്യപ്പെട്ട പണം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ പൊലിസ് നിര്‍ദേശിച്ചു. പണമെടുക്കാന്‍ മൂക്കന്നൂര്‍ ശാഖയിലെത്തിയ യുവാവിനെ അങ്കമാലി എസ്.ഐ നോബിളിന്റെ നേതൃത്വത്തില്‍ പൊലിസ് പിടികൂടി. ഒരു വര്‍ഷത്തോളം ഇറ്റലിയില്‍ ജോലി ചെയ്ത ശേഷം മടങ്ങിവന്നതാണ് യുവാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."