26 ന് ഉച്ചവരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും
കോട്ടയം: പെട്രോള്‍ പമ്പുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് 26 ന് രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ഓള് കേരളാ ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എ.കെ.എഫ്.പി.ടി) സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാത്രിയില്‍ പെട്രോള്‍ പമ്പുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
കവര്‍ച്ചക്കാരും സാമൂഹിക വിരുദ്ധരും മദ്യപാനികളും പമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയില്‍ പെട്രോള്‍ പമ്പ് ആക്രമിച്ച് മാനേജരെ ഗുരുതരമായി പരുക്കേല്‍പ്പിച്ച് ഒന്നര ലക്ഷം രൂപ കവര്‍ന്നിരുന്നു.
മതിയായ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ വൈകിട്ട് ആറു മുതല്‍ പമ്പുകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതരാവുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് ആദ്യപടിയെന്ന നിലയില്‍ 26 ന് ഉച്ചവരെ സംസ്ഥാനത്തെ 2300 ഓളം പമ്പുകള്‍ അടച്ചിടുന്നതെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എ.കെ.എഫ്.പി.ടി സംസ്ഥാന പ്രസിഡന്റ് കെ.പി ശിവാനന്ദന്, സെക്രട്ടറി എം രാധാകൃഷ്ണന്, ഖജാന്‍ജി രാംകുമാര്‍, സി.കെ രവിശങ്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."